ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും മൂലം രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നു.

തുടര്‍ച്ചയായി 30 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുകയാണ്. വ്യാഴാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്.

ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 77.28രൂപയാണ് വില. മുംബൈയില്‍ 82.20 രൂപയും ചെന്നൈയില്‍ 80.26ഉം ബെംഗളുരുവില്‍ 77.90ഉം കൊല്‍ക്കത്തയില്‍ 79.21 രൂപയുമാണ് വില. സെപ്റ്റംബറിനുശേഷം ഇത്രയും വിലകുറയുന്നത് ഇതാദ്യമായാണ്.

ഡീസലിന്റെ വിലയിലും സമാനമായ വ്യതിയാനമുണ്ട്. ഡല്‍ഹിയില്‍ 72.09 രുപയും മുംബൈയില്‍ 75.53 രൂപയും ചെന്നൈയില്‍ 76.19 രൂപയും ബെംഗളുരുവില്‍ 72.48 രൂപയും കൊല്‍ക്കത്തയില്‍ 73.95 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും കഴിഞ്ഞവര്‍ഷം വിലയില്‍ 10 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴത് 4-6 രൂപയിലെത്തിയിരിക്കുന്നു. 

വില നിര്‍ണയിക്കുന്നത്
രണ്ട് ഘടകങ്ങള്‍ വിലയിരുത്തിയാണ് എണ്ണ വിപണന കമ്പനികള്‍ ദിനംപ്രതി വില നിശ്ചയിക്കുന്നത്. 15 ദിവസത്തെ എണ്ണവിലയുടെ ശരാശരി കണക്കാക്കിയും രൂപയുടെ വിനിമയമൂല്യമനുസരിച്ചുമാണിത്. എണ്ണ വില കുറയുന്നതിന് ഈ രണ്ടുഘടകങ്ങളും ഇപ്പോള്‍ അനുകൂലമാണ്. 

രാജ്യത്തിന് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് ക്രൂഡിന്റെ ഇറക്കുമതി ചെലവിനെ കാര്യമായി സ്വാധീനിച്ചു. ഒക്ടോബര്‍ 11ന് രൂപയുടെ വിനിമയമൂല്യം റെക്കോഡ് നിരക്കായ 74.48 രൂപവരെ പോയി. 72 രൂപയാണ് നിലവില്‍ ഡോളറിനെതിരെയുള്ള വിനിമയമൂല്യം.

ഇതേകാലയളവില്‍തന്നെ അസംസ്‌കൃത എണ്ണവിലയിലും കുറവുണ്ടായി. ഈ ദിവസങ്ങളില്‍മാത്രം എണ്ണവില ഏഴ് ശതമാനമാണ് താഴെപ്പോയത്. ബ്രന്‍ഡ് ക്രൂഡ് ഒായില്‍ ഫ്യൂച്ചേഴ്‌സ് ബാരലിന് 65.88 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  

content highlights:Petrol, diesel prices, haven’t been increased, last 30 days