മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വരുംദിവസങ്ങളിലായി മൂന്നു രൂപയുടെകൂടി വർധന വരുത്തിയേക്കുമെന്ന് സൂചന. മാർക്കറ്റിങ് മാർജിൻ സാധാരണനിലയിലേക്ക് എത്തുന്നതുവരെ - ഒരാഴ്ചമുതൽ പത്തു ദിവസംവരെ - ദിവസവും വില വർധിപ്പിക്കാനാണ് എണ്ണക്കന്പനികളുടെ തീരുമാനമെന്നാണ് വിവരം.
ജൂൺ ഒന്നിന് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ (ലാഭം) ലിറ്ററിന് -1.56 രൂപയായിരുന്നു. ദിവസംതോറുമുള്ള വിലവർധനയിലൂടെ ഇത് ഉയർത്തിക്കൊണ്ടുവന്നില്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കന്പനികൾ പറയുന്നത്.
ഏപ്രിൽ-മേയ് മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി കന്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് 14 മുതൽ 18 രൂപ വരെ എത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മാർച്ച് 14-നും മേയ് ആറിനുമായി എക്സൈസ് തീരുവ, റോഡ് സെസ് വിഭാഗത്തിൽ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും വർധിപ്പിച്ചതോടെ ഇതിന്‍റെ നേട്ടം കന്പനികൾക്കു ലഭിച്ചിരുന്നില്ല.
ഏപ്രിലിലേതിനെക്കാൾ അസംസ്കൃത എണ്ണവില 20 ഡോളറിലധികം ഉയർന്നതോടെ കന്പനികളുടെ മാർക്കറ്റിങ് മാർജിൻ താഴേക്കു പോകുകയും ചെയ്തു. കന്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് അഞ്ചുരൂപ എത്തുന്നതുവരെ ഈ വർധന തുടരുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിന് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ചില്ലറവിലയിൽ ഇവിടെ വീണ്ടും വർധന പ്രതീക്ഷിക്കാം.
15 ദിവസത്തെ അസംസ്കൃത എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ നിർണയിക്കുന്നത്. ജൂൺ 16-നും 20-നും ഇടയിലായിരിക്കും ഇനി ഇത് പുതുക്കുക. അപ്പോഴേക്കും ചില്ലറവിൽപ്പനവില കൂട്ടിയില്ലെങ്കിൽ നഷ്ടമായിരിക്കുമെന്നാണ് എണ്ണക്കന്പനികൾ പറയുന്നത്. ഇതിന്‍റെ പേരിലാണ് ഇപ്പോൾ തുടർച്ചയായി വില കൂട്ടുന്നതും. അതായത്, എണ്ണവില കുറയണമെങ്കിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ തീരുമാനിക്കേണ്ടിവരുമെന്നർഥം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..