രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണെങ്കിലും വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള ഇടമാണ് കേരളം. പ്രത്യേകിച്ച് പെട്രോൾ വാഹനങ്ങളുടേത്. ഇന്ധനവില ഓരോ രൂപ കൂടുമ്പോൾ കേരളത്തിന്റെ നികുതി വരുമാനത്തിൽ പ്രതിമാസം ഏതാണ്ട് 10 കോടി രൂപയുടെ വർധനയാണ് ഉണ്ടാകുന്നത്. അതായത്, ഇന്ധനവില റെക്കോഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് സംസ്ഥാന സർക്കാരാണ്.

പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുള്ള കേരളത്തിന്റെ നികുതിവരുമാനം വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്നത് ഇതിനു തെളിവാണ്. നാലു വർഷം കൊണ്ട് കേരളത്തിന്റെ ഇന്ധന നികുതി വരുമാനം 35 ശതമാനമാണ് കുതിച്ചുയർന്നത്. 2014-15-ൽ 5,378 കോടി രൂപയായിരുന്ന വരുമാനം 2017-18-ൽ 7,266 കോടി രൂപയായി ഉയർന്നു.

പെട്രോളിനും ഡീസലിനും ഏറ്റവുമധികം വിൽപ്പന നികുതിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വിൽപ്പന നികുതി. ഇതിനു പുറമെ, ലിറ്ററിന് ഒരു രൂപ വീതം അധിക നികുതിയും ഒരു ശതമാനം സെസ്സുമുണ്ട്. അതായത് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ ഏതാണ്ട് 20 രൂപയ്ക്കുമേൽ സംസ്ഥാന സർക്കാരിന് ലഭിക്കും. സംസ്ഥാനത്ത് ഒരു മാസം ശരാശരി 16.65 കോടി ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 333 കോടി രൂപ നികുതിവരുമാനം ലഭിക്കും.

ഒരു ലിറ്റർ ഡീസലിനുമേൽ ലഭിക്കുന്നത് 15.60 രൂപയിൽ കൂടുതലാണ്. കേരളത്തിൽ ഒരു മാസം വിൽക്കുന്നത് ഏതാണ്ട് 20.35 കോടി ലിറ്റർ ഡീസലാണ്. ഇതിൽനിന്ന് സംസ്ഥാനത്തിന് മാസം ലഭിക്കുന്നത് 317 കോടി രൂപയുടെ വരുമാനം. അതായത്, ഇന്ധന നികുതി ഇനത്തിൽ മൊത്തം ലഭിക്കുന്നത് 650 കോടി രൂപ. വില ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ, ഒരു വർഷം കൊണ്ട് ലഭിക്കുക 7,800 കോടി രൂപയാണ്. ഇന്ധനവില വർധനയുടെയും വിൽപ്പനയുടെയും തോത് അനുസരിച്ച് നികുതി വരുമാനവും കൂടും.

വൻകിട വ്യവസായങ്ങൾ തീരെയില്ലാത്തതിനാൽ കേരളത്തിന് ഏറ്റവും കൂടുതൽ നികുതിവരുമാനം നേടിക്കൊടുക്കുന്ന മേഖലകളിലൊന്നാണ് ഇന്ധനം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന വാദം ശക്തമാണ്. എന്നാൽ, കേരളത്തിന്റെ ഖജനാവിനെ പിടിച്ചുനിർത്തുന്ന ഇന്ധനനികുതി ഒഴിവായാൽ സർക്കാരിന് അത് വലിയ വരുമാന നഷ്ടമുണ്ടാക്കും. ജി.എസ്.ടി. ബാധകമാക്കിയാൽ ഇന്ധനത്തിൽനിന്നുള്ള നികുതി 2,000 കോടി രൂപയായി കുറയുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. അതായത്, ഏതാണ്ട് 5,000 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാകും.

ഇന്ധനവില വൻതോതിൽ ഉയർന്നപ്പോൾ അതിന്റെ ഭാരം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി ലിറ്ററിന് ഒരു രൂപ വീതം കുറച്ചിരുന്നു. ഇതുവഴി വർഷം 509 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. പക്ഷേ, വില നാൾക്കുനാൾ കൂടുമ്പോൾ ഈ വരുമാന നഷ്ടം നികത്തപ്പെടുമെന്നു മാത്രമല്ല നികുതിവരവ് കൂടുക തന്നെ ചെയ്യും.

നികുതിവെട്ടിപ്പ് ഏറ്റവും കുറവുള്ള മേഖലകളിലൊന്നാണ് ഇന്ധന വിൽപ്പന. അതിനാൽ, എത്ര ഉയർന്ന നികുതി ഏർപ്പെടുത്തിയാലും പിരിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

കുറയ്ക്കാം കേരളത്തിന്
* പെട്രോളിന് 2.60 രൂപ. ഡീസലിന് 3.30 രൂപ.

അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് ഒരു ഡോളർ കൂടുമ്പോൾ കേരളം ഉൾപ്പെടെ 19 പ്രമുഖ സംസ്ഥാനങ്ങൾക്കുംകൂടി ബജറ്റ് ലക്ഷ്യത്തെക്കാൾ 22,700 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് എസ്.ബി.ഐ.യുടെ ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് ശരാശരി 75 ഡോളറിൽ തുടരുകയും ഡോളറിന്റെ വിനിമയമൂല്യം 72 രൂപ നിലവാരത്തിൽ നിൽക്കുകയും ചെയ്താൽ കേരളത്തിന് ഇന്ധനത്തിൽനിന്നുള്ള നികുതിവരുമാനത്തിൽ ഈ സാമ്പത്തിക വർഷം 23-30 ശതമാനം വളർച്ച നേടാനാകുമെന്നാണ് കണക്കാക്കുന്നത്. ഈ നേട്ടം കുറയ്ക്കാൻ തയ്യാറാണെങ്കിൽ പെട്രോളിന് 2.60 രൂപയും ഡീസലിന് 3.30 രൂപയും കുറയ്ക്കാൻ കേരളത്തിന് കഴിയുമെന്ന് എസ്.ബി.ഐ.യുടെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

(നാളെ: എണ്ണക്കമ്പനികളുടെ കൊള്ളയടിയെക്കുറിച്ച്)
roshan@mpp.co.in