ന്യൂഡൽഹി: പെട്രോൾ പമ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് പെട്രോളിയം ഉത്‌പന്നങ്ങൾ വീട്ടിലെത്തിച്ച്‌ നൽകുന്നതിനെ കുറിച്ച് പെട്രോളിയം മന്ത്രാലയം  ആലോചിക്കുന്നു. 

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറിയായി നൽകുകയാണ് പദ്ധതി ലക്ഷ്യം. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. 

ഏതാണ്ട് 35 കോടി ജനങ്ങളാണ് ദിവസേന പെട്രോളിനും ഡീസലിനുമായി പമ്പുകൾക്കു മുന്നിൽ ക്യൂ നിൽകുന്നത്. ഇതുമൂലമുണ്ടാകുന്ന സമയനഷ്ടം വലുതാണ്.

ബുക്കിങ് സംവിധാനം വരുന്നതോടെ വാങ്ങാനെത്തുന്നവർ നേരിടുന്ന സമയ നഷ്ടത്തിന് ഏറെ പരിഹാരമാവുമെന്ന്  മന്ത്രാലയത്തിന്റെ ട്വീറ്റിൽ പറയുന്നു. എന്നാൽ എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുകയെന്നത് മന്ത്രാലയം വിശദീകരിച്ചിട്ടില്ല.
 
ഇന്ധന ഉപഭോഗത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലമാറ്റത്തിനനുസരിച്ച് പെട്രോളിയം ഉത്‌പന്നങ്ങൾക്ക് ദിവസേന വില നിശ്ചയിക്കുന്ന രീതി മേയ് ഒന്നു മുതൽ രാജ്യത്തെ അഞ്ചു നഗരങ്ങളിൽ നടപ്പിലാകുകയാണ്.