ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജൂലായ് ഒന്നുമുതലുള്ള കണക്കനുസരിച്ച് ഡല്‍ഹിയില്‍ ഏഴു രൂപയാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഇന്ധനവില ദിവസേന പുതുക്കുന്ന സംവിധാനം നടപ്പാക്കിയശേഷം ആദ്യമായാണ് വില ഇത്ര ഉയരുന്നത്. വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.

ബുധനാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയിലെ പെട്രോള്‍ വില ലിറ്ററിന് 79.48 രൂപയായി. 2014 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് പെട്രോളിന് ഇത്രയും വില രേഖപ്പെടുത്തിയത്. കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ ഡീസല്‍ വിലയും സമാനമായരീതിയില്‍ വര്‍ധിച്ച് 61.37 രൂപയും 61.84 രൂപയുമായി.

ഈ വര്‍ഷം ജൂണിലാണ് പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവില്‍വന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ പ്രധാന്‍ പെട്രോളിയം മന്ത്രാലയത്തില്‍ പ്രത്യേക യോഗം വിളിച്ചു. ഇന്ധനവില ജി.എസ്.ടി.യ്ക്കു കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുറയുന്നത് വിലവര്‍ധനയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ല. ഉണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാകും ഇടപെടുക. അമേരിക്കയില്‍ ചുഴലിക്കാറ്റുകള്‍ കാരണം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടിവന്നു. ഇത് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ധനവിലയുടെ എക്‌സൈസ് നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് അത് ധനമന്ത്രാലയമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ സര്‍ക്കാര്‍ ഒമ്പതുതവണയാണ് എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ അമിതലാഭം ഈടാക്കുന്നത് തടയാനാണ് ഇത് നടപ്പാക്കിയതെങ്കിലും ഇതോടെ സര്‍ക്കാരിന്റെ എക്‌സൈസ് വരുമാനം 2014-15 വര്‍ഷത്തെ 99,000 കോടി രൂപയില്‍നിന്ന് 2016-17 വര്‍ഷത്തെ 2,42,000 കോടി രൂപയായി.

ഇന്ത്യയിലെ എണ്ണവില

2010-ല്‍ എണ്ണവില നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. എണ്ണക്കമ്പനികള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താന്‍ അവസരം

2013 വരെ ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച് എണ്ണവിലയും വര്‍ധിച്ചു

2014-ല്‍, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവര്‍ഷം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാന്‍ തുടങ്ങി. ഇതിനനുസരിച്ച് എണ്ണവിലയിലും കുറവുവന്നു

പിന്നീട് ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല

2017-ല്‍ മൂന്ന് വര്‍ഷത്തിനുശേഷം രാജ്യംകണ്ട ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെട്രോള്‍, ഡീസല്‍ വില രേഖപ്പെടുത്തി