പഴയ സ്വര്‍ണം വന്‍തോതില്‍ വിപണിയില്‍ തിരിച്ചെത്തുന്നു: ഇറക്കുമതിയില്‍ ഇടിവ്‌


ടി.ജെ. ശ്രീജിത്ത്

2 min read
Read later
Print
Share

രാജ്യത്ത് ലോക്ഡൗണിന് ശേഷമുള്ള രണ്ടുമാസത്തിനിടെ വിപണിയിലെത്തിയത് 68 ടൺ പഴയ സ്വർണാഭരണങ്ങളാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും ഇത് നൂറ്റമ്പതുടൺ കടക്കുമെന്നാണ് സൂചന.

Representative image, photo courtesy: reuters

കൊച്ചി: പേര്‌ വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ആ ഫോർട്ടുകൊച്ചിക്കാരി പറഞ്ഞു: ‘‘ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ 12,000 രൂപ വായ്പയെടുത്ത് തുടങ്ങിയതാണ്. ഇപ്പോൾ 20 ലക്ഷത്തിനടുത്തുണ്ട് വായ്പ. ലോക്ഡൗണായപ്പോൾ അടവുകളൊക്കെ മുടങ്ങി. ഫിനാൻസുകാർ ഇളവൊന്നും തന്നില്ല. ഒടുവിൽ മൂന്നുമാസംമുന്പ് 12 പവൻ വിറ്റു. മുടങ്ങിയ തവണകളൊക്കെ അടച്ചുതീർത്തു...’’

ലോക്ഡൗണിനുശേഷം സ്വർണംവിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരന്റെ പ്രതിരൂപമാണ് ഈ വീട്ടമ്മ. രാജ്യത്ത് ലോക്ഡൗണിന് ശേഷമുള്ള രണ്ടുമാസത്തിനിടെ വിപണിയിലെത്തിയത് 68 ടൺ പഴയ സ്വർണാഭരണങ്ങളാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും ഇത് നൂറ്റമ്പതുടൺ കടക്കുമെന്നാണ് സൂചന. സ്വർണത്തിന് വിലകൂടിയതിനാൽ പഴയ സ്വർണത്തിന് നല്ല വില ലഭിക്കുമെന്നതും ജനങ്ങളെ വിൽക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനുമുമ്പ് 2012-ൽ ആണ് പഴയ സ്വർണവിൽപ്പന ഉയർന്നത്. അന്ന് 118 ടൺ പഴയസ്വർണാഭരണങ്ങളാണ് വിപണിയിലെത്തിയത്.

കേരളത്തിൽ 60 ശതമാനം ഉപഭോക്താക്കളും കൈയിലുള്ള പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാറാണ് പതിവ്. എന്നാൽ, ലോക്ഡൗണിനുശേഷം ഇത് 70 ശതമാനത്തോളമായെന്നാണ് ജൂവലറി ഉടമകൾ പറയുന്നത്. ലോക്ഡൗണിനുശേഷം ജുവലറികൾ തുറന്ന രണ്ടുമാസത്തിനിടെ ഏകദേശം 15-18 ടൺ പഴയ സ്വർണം കേരള വിപണിയിലെത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

ഇറക്കുമതിയിൽ ഇടിവ്
കോവിഡ് പ്രതിസന്ധിയിൽ ആവശ്യക്കാർ കുറഞ്ഞതും പഴയ സ്വർണം വിപണിയിലേക്കെത്തിയതും സ്വർണ ഇറക്കുമതിയെ ബാധിച്ചു. വർഷം 800-900 ടൺ ഇറക്കുമതിയുണ്ടായിരുന്നത് കഴിഞ്ഞ വർഷം 718 ടണ്ണായും ഈ സാമ്പത്തികവർഷം നവംബർവരെ 222 ടണ്ണായും കുറഞ്ഞു. 2020-21 സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ ഇറക്കുമതി 500 ടണ്ണിനപ്പുറം പോകില്ലെന്നാണ് കരുതുന്നത്.

രാജ്യത്തെ വ്യാപാരക്കണക്കുകൾ ഏകോപിപ്പിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് കമേഴ്‌സ്യൽ ഇന്റലിജൻസ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഡി.ജി.സി.ഐ. ആൻഡ് എസ്.) രേഖകളിൽനിന്ന്‌ വ്യക്തമാകുന്നത് ആറുവർഷത്തിനിടെയുള്ള കുറഞ്ഞ ഇറക്കുമതിയാണ് 2019-20, 2020-21 സാമ്പത്തികവർഷം ഉണ്ടായതെന്നാണ്. 2018-19ൽ 980 ടൺ ഇറക്കുമതിയുണ്ടായിരുന്നത്‌ തൊട്ടടുത്തവർഷം 718 ടൺ ആയി കുറഞ്ഞു.

ചൈനയിൽനിന്ന്‌ ആദ്യ കോവിഡ് റിപ്പോർട്ട് പുറത്തുവന്നത് 2019 ഡിസംബറിലാണ്. ജനുവരിമുതൽ ഇത് സ്വർണ ഇറക്കുമതിയെ ബാധിച്ചുതുടങ്ങി.

ഉയരുന്ന സ്വർണക്കടത്ത്
സ്വർണക്കടത്ത് ഉയരുന്നതും ഇറക്കുമതിയെ ബാധിക്കുന്ന ഘടകമാണ്. ലോക്ഡൗണിനുശേഷം വിമാനസർവീസുകൾ തുടങ്ങിയതോടെ ഇന്ത്യയിലേക്ക് വൻതോതിൽ കള്ളക്കടത്ത് സ്വർണം എത്തുന്നുണ്ട്. വർഷം കള്ളക്കടത്തിലൂടെ 200-250 ടൺ സ്വർണം ഇന്ത്യയിലെത്തുന്നുണ്ട്. ഒരു കിലോസ്വർണം കൊണ്ടുവരുമ്പോൾ ഏഴുലക്ഷത്തോളം രൂപ ലാഭംകിട്ടുമെന്നതാണ് പ്രധാന ആകർഷണം. സ്വർണക്കടത്ത് തടയാൻ ഫലപ്രദമായ മാർഗം ഇറക്കുമതിത്തീരുവ എടുത്തുകളയുകയാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൾ നാസർ പറഞ്ഞു. നിലവിൽ ഇറക്കുമതിത്തീരുവ 12.5 ശതമാനമാണ് ഇതിനൊപ്പം മൂന്നുശതമാനം ജി.എസ്.ടി.കൂടി ചേർക്കും. കടത്തിന് പിടിക്കപ്പെടുന്നയാൾ 15.5 ശതമാനം നികുതിയടച്ച് രക്ഷപ്പെടും. സ്വർണത്തിന്റെ മൂല്യം മൂന്നുകോടി രൂപയ്ക്ക് മുകളിലാണെങ്കിലേ കേസെടുത്ത് സ്വർണം പിടിച്ചെടുക്കൂ.

ഇന്ത്യയിലെ സ്വർണം ഇറക്കുമതി (ടണ്ണിൽ)

  • 2015-16 960
  • 2016-17 766
  • 2017-18 954
  • 2018-19 980
  • 2019-20 718
  • 2020-21 221(2020 നവംബർ വരെ)

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gold

1 min

സ്വര്‍ണവില കുതിക്കുന്നു: പവന്റെ വില 38,720 രൂപയായി

Mar 5, 2022


mathrubhumi

1 min

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 35,080 ആയി

Sep 22, 2021


mathrubhumi

1 min

സ്വർണവില പവന് 280 രൂപകൂടി 36,200 രൂപയായി

Jul 30, 2021


Most Commented