ന്യൂഡല്‍ഹി: വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്ന എല്‍പിജിയുടെയും നികുതികള്‍ ഏകീകരിക്കാന്‍ ഓയില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു.
എല്ലാതരത്തിലുംപെട്ട എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് ഏകീകൃത നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശചെയ്തതായി പെട്രോളിയംമന്ത്രി ധര്‍മേന്ദ്രപ്രഥാന്‍ പറഞ്ഞു.
ദുരുപയോഗം വര്‍ധിച്ചതാണ് നികുതി ഏകീകരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. സബ്‌സിഡിയുള്ളത്, ഇല്ലാത്തത്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളത്, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ളത് എന്നിങ്ങനെ എല്ലാറ്റിനും ഒറ്റനികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.
14.2 കി.ഗ്രാം തൂക്കംവരുന്ന വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് നിലവില്‍ എക്‌സൈസ് തീരുവയോ കസ്റ്റംസ് തീരുവയോ ഇല്ല. അതേസമയം വാണിജ്യാവശ്യത്തിനുള്ള എല്‍പിജിക്ക് അടിസ്ഥാന കസ്റ്റംസ് നികുതിയിനത്തില്‍ 5 ശതമാനവും അഡീഷണല്‍ കസ്റ്റംസ് ഡൂട്ടിയായി 8 ശതമാനവും സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടിയിനത്തില്‍ 8 ശതമാനവുമാണ് ഈടാക്കുന്നത്.
നികുതി ഏകീകരിക്കുന്നതോടെ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വര്‍ധനയുണ്ടായേക്കും.
അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞതിനെതുടര്‍ന്ന് സബ്‌സിഡി തുകയിനത്തില്‍ വന്‍ ഇടിവാണുണ്ടായത്. നിലവില്‍ സിലിണ്ടറിന് 100 രൂപയില്‍താഴെയാണ് സര്‍ക്കാരിന് നല്‍കേണ്ടിവരുന്നത്.
രാജ്യത്ത് 60 ശതമാനം കുടുംബങ്ങളില്‍ പാചകവാതകമുണ്ട്. നാലുവര്‍ഷംകൊണ്ട് 75 ശതമാനം കുടുംബങ്ങളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.