സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം നടപ്പാക്കേണ്ട തിയതി നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച സമയംകൂടി അനുവദിച്ചു. 

നടപ്പാക്കേണ്ട തിയതി ജൂൺ ഒന്നിൽനിന്ന് ജൂൺ 15ലേയ്ക്കാണ് നീട്ടിയത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ജൂൺ 15 മുതൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് വിൽക്കാൻ കഴിയുക. 

സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ വിൽക്കുന്ന രണ്ടുഗ്രാമിന് മുകളിലുളളതിനൊക്കെ ബി.ഐ.എസ് മുദ്ര പതിപ്പിക്കേണ്ടിവരും. 

ആറ് ലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34,647 പേർക്കുമാത്രമാണ് നിലവിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ്(ബി.ഐ.എസ്)ഹാൾമാർക്ക് ലൈസൻസ് ഉള്ളൂ.

ബി.ഐ.എസ് ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടിവരുമെന്നതിനാൽ തീരുമാനംപിൻവലിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.