സംസ്ഥാനത്ത് സ്വർണവില മൂന്നാമത്തെ ദിവസവും കൂടി. പവന്റെ വിലയിൽ 280 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. ഇതോടെ പവന്റെ വില 36,200 രൂപയായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,827.28 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് തൽക്കാലം ഉയർത്തേണ്ടെന്ന തീരുമാനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണംനേട്ടമാക്കി. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 48,254 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.