Photo: Gettyimages
ഗള്‍ഫ് രാജ്യങ്ങളെ പിന്നിലാക്കി മൂന്നാമത്തെ മാസവും രാജ്യത്തേയ്ക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യ ഒന്നാമതെത്തി. ഡിസംബറില്‍ പ്രതിദിനം 10 ലക്ഷം ബരല് എണ്ണയാണ് റഷ്യയില്‍നിന്ന് രാജ്യത്തെത്തിയതെന്ന് ഊര്‍ജ രഹസ്യ വിവര അന്വേഷണ സ്ഥാപനമായ വോര്‍ടെക്സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറെക്കാലമായി ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതിയില്‍ മുന്നില്‍ നിന്നിരുന്ന ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്നാണ് റഷ്യയുടെ മുന്നേറ്റം. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വിഹിതം ഇതോടെ 25ശതമാനമായി. 2022 മാര്‍ച്ചുവരെ മൊത്തം ഇറക്കുമതിയുടെ 0.2ശതമാനം മാത്രമായിരുന്നു വിഹിതം.
വോര്ടെക്സിന്റ കണക്കനുസരിച്ച് ഇറാഖില്‍നിന്ന് ഡിസംബറില്‍ 8,03,228 ബാരല്‍ ക്രൂഡ് ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. സൗദിയില്നിന്നാകട്ടെ 7,18,357 ബാരലും. യുഎസിനെ പിന്തള്ളി രാജ്യത്തേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന നാലമാത്തെ വലിയ രാജ്യമായി യുഎഇ. ഡിസംബറില്‍ 3,23,811 ബാരല്‍ ക്രൂഡ് ആണ് യുഎഇയില്‍നിന്ന് ഇന്ത്യയിലെത്തിയത്.
Also Read
യുക്രൈന് അധിനിവേശത്തെതുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധവുമായി എത്തിയതോടെയാണ് വന്‍ വിലക്കിഴിവില്‍ ഇന്ത്യയ്ക്ക് എണ്ണ നല്കാന് റഷ്യ തയ്യാറായത്. യുഎസ്, റഷ്യ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി കൂട്ടുകയെന്ന നയമാകും ഭാവിയില്‍ ഇന്ത്യ സ്വീകരിക്കുക. ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. റഷ്യ-യുക്രെയിന് സംഘര്‍ഷത്തിനു മുമ്പ് ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 60ശതമാനവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു.
Content Highlights: India imported 1 Million barrels of crude oil per day from Russia in December
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..