ഡീസല്‍വില പെട്രോള്‍വിലയെ മറികടന്നത് എങ്ങനെ? വിശദമായി അറിയാം


സീഡി

2 min read
Read later
Print
Share

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതും എണ്ണ വിപണനക്കമ്പനികള്‍ ലാഭം കൂട്ടിയതും പെട്രോള്‍, ഡീസല്‍വിലയില്‍ കുത്തനെ വര്‍ധനവിനിടയാക്കി.

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ആദ്യംമുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില അതിവേഗം കൂടുകയാണ്.

കൂട്ടിയ എക്‌സൈസ് തീരുവയും എണ്ണവിപണനക്കമ്പനികളുടെ ഉയര്‍ന്ന മാര്‍ജിനുമാണ് ചില്ലറവിലയിലെ ഇപ്പോഴുണ്ടായ വര്‍ധനയ്ക്കുപിന്നില്‍. ഡീസല്‍ വില പെട്രോളിനെ മറികടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായിരിക്കും അതിനുപിന്നിലുള്ള യാഥാര്‍ത്ഥ്യം?

രാജ്യത്തെ വാഹനങ്ങളിലധികവും ഡീസലാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ബസുകളിലും ചരക്കുവാഹനങ്ങളിലും. ആഗോളതലത്തില്‍ ഉത്പാദന-ശുദ്ധീകരണ ചെലവുകള്‍ കൂടുതലാണെങ്കിലും ഇന്ത്യയില്‍ പെട്രോളിനേക്കാളും താഴ്ന്ന വിലയാണ് ഡീസലിന് കാലാകാലങ്ങളിലായി ഈടാക്കുന്നത്.

വ്യത്യസ്ത നികുതിഘടനയാണ് ഇതിനുകാരണം. എക്‌സൈസ് തീരുവയും മൂല്യവര്‍ധിത നികുതി(വാറ്റ്)യും ഡീസലിന് കുറവായിരുന്നു. ഈയിടെ ഡീസലിന്റെ എക്‌സൈസ് തീരുവ പെട്രോളിന് നിലവിലുണ്ടായിരുന്ന നികുതിയേക്കാള്‍ കുത്തനെ വര്‍ധിപ്പിച്ചു.

ഇതോടെ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഏതാണ്ട് തുല്യമായി. ഡീസലിന്റെ അടിസ്ഥാനവില ഉയര്‍ന്നതായതിനാല്‍ അതുകൊണ്ടുതന്നെ സ്വാഭാവികമായും പെടോള്‍ വിലയെ മറികടന്നു.

എക്‌സൈസ് തീരുവകുത്തനെകൂട്ടി ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലകുറവിന്റെ ഗുണം ഉപഭോക്താവിന് കൈമാറാതെ സര്‍ക്കാര്‍ പിടിച്ചുവെച്ചു. എക്‌സൈസ് തീരുവ, വാറ്റ് എന്നിങ്ങനെ ഇന്ധനവിലയുടെ 70ശതമാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കീശയിലാക്കുകയാണ്.

എക്‌സൈസ് തീരുവയിനത്തില്‍ ഫെബ്രുവരിയില്‍ പെട്രോള്‍ ലിറ്ററിന് ഈടാക്കിയിരുന്നത് 20 രൂപയാണ്. ഈയിടെ അത് 33 രൂപയായി വര്‍ധിപ്പിച്ചു. ഡീസലിന്റെ തീരുവ 16 രൂപയില്‍നിന്ന് 32 രൂപയായുംകൂട്ടി. 2014ല്‍ പെട്രോള്‍ ലിറ്ററിന് 9.5 രൂപയും ഡീസലിന് 3.5 രൂപയുമായിരുന്നു തീരുവ ഈടാക്കിയിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോള്‍ എണ്ണ വിപണനക്കമ്പനികള്‍ ലാഭം(മാര്‍ജിന്‍) കുത്തനെ ഉയര്‍ത്തുകയും ചെയ്തു. രണ്ടുരൂപമുതല്‍ മൂന്നുരൂപവരെയുണ്ടായിരുന്ന മാര്‍ജിന്‍ ഏപ്രില്‍-മെയ് മാസമായപ്പോള്‍ 13 രൂപ മുതല്‍ 19 രൂപവരെയായി.

ഇപ്പോഴാകട്ടെ ഒരു ലിറ്റര്‍ ഇന്ധനം വില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്നശരാശരി ലാഭം 5 രൂപയാണ്. ലാഭംവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് ചില്ലറ വിലവീണ്ടും കമ്പനികള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

ക്രൂഡ് വിലയിലുണ്ടായ ഇടിവില്‍ കണ്ണുവെച്ച സര്‍ക്കാര്‍ വിലകുറയ്ക്കാതെ എക്‌സൈസ് തീരുവകൂട്ടുകയാണ് ആദ്യംചെയ്തത്. ഇപ്പോള്‍ ബാരലിന് 42 ഡോളര്‍ നിലവാരത്തിലായപ്പോള്‍ അതിന്റെ ഭാരംകൂടി പൊതുജനങ്ങളുടെ ചുമലില്‍വെച്ചു. ഇതോടെ വിലവര്‍ധന അനിവാര്യമായി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented