മുംബൈ: യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽനിന്ന് ആവശ്യമുയർന്നതോടെ അന്താരാഷ്ട്രവിപണിയിൽ പ്രകൃതിവാതക വില റെക്കോഡ് നിലയിൽ. ഇതിന്റെ ചുവടുപിടിച്ച് ഉപയോക്താക്കൾ പെട്രോൾ, ഡീസൽ എന്നിവയിലേക്ക്‌ തിരിയുന്നത് അസംസ്കൃത എണ്ണവിലയും ഉയരാൻ കാരണമായി.

അന്താരാഷ്ട്രതലത്തിൽ യൂറോപ്പിലും ചൈനയിലും ഊർജ ക്ഷാമം രൂക്ഷമാണ്. ലോക് ഡൗണിനുശേഷം ആഗോളതലത്തിൽ വിപണികൾ തുറന്നതും ഇന്ധന ഉപയോഗം വർധിപ്പിച്ചു.

എണ്ണയുത്പാദനം നേരത്തേ പ്രഖ്യാപിച്ചത്ര വേഗത്തിൽ കൂട്ടേണ്ടെന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചതാണ് അസംസ്കൃത എണ്ണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര ഊർജക്ഷാമം സ്ഥിതി രൂക്ഷമാക്കി. യൂറോപ്പിൽ പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കൂടി.

പ്രകൃതിവാതക വിലയിൽ 300 ശതമാനം വരെയാണ് വർധനയുണ്ടായിട്ടുള്ളത്. 2014-നു ശേഷമുള്ള ഉയർന്ന വിലയാണിത്

പ്രകൃതിവാതക ഉപയോഗം കുറയുകയും പെട്രോൾ, ഡീസൽ ഉപയോഗം കൂടുകയും ചെയ്താൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കാമെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. അങ്ങനെവന്നാൽ ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ ഉപയോഗത്തിൽ ദിവസം 20 ലക്ഷം ബാരലിന്റെ വർധനയുണ്ടാകും. തണുപ്പുകാലം വരാനിരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു. യൂറോപ്പിൽ ഏതാനും മാസം മുമ്പുതന്നെ പ്രകൃതിവാതക വില ഉയർന്നുതുടങ്ങിയിരുന്നു.

അസംസ്കൃത എണ്ണവില തിങ്കളാഴ്ച ബാരലിന് രണ്ടു ഡോളറിലധികം വർധിച്ച് 84.60 ഡോളർ വരെയെത്തി. ഏഴുവർഷത്തെ ഉയർന്ന വിലനിലവാരമാണിത്. സമീപഭാവിയിലിത് 150 മുതൽ 180 ഡോളർ വരെ എത്തിയേക്കുമെന്ന് ജെ.പി. മോർഗൻ പോലുള്ള ഏജൻസികൾ മുന്നറിയിപ്പു നൽകി.

അതിനിടെ, നൈജീരിയ എണ്ണയുത്പാദനം വർധിപ്പിക്കാൻ തയ്യാറായിട്ടുണ്ട്. അടുത്തിടെ വരുത്തിയ നിയമഭേദഗതിയുടെ ചുവടുപിടിച്ച് ഉത്പാദനം 310 ശതമാനം വരെ ഉയർത്താനാണ് തീരുമാനം. ഉത്പാദനം 13 ലക്ഷം ബാരലിൽനിന്ന് 40 ലക്ഷം ബാരൽ വരെയാക്കാനാണ് പദ്ധതി.