സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച പവന്റെ വില 120 രൂപകൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. ഇതോടെ പവന്റെ വിലയിൽ ഏപ്രിൽമാസത്തിൽമാത്രം രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്. 

സ്വർണവിലയിൽ തിരുത്തലുണ്ടായശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 15 ദിവസത്തിനിടെ ആറ് ശതമാനമാണ് വിലവർധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,648 രൂപയായി. 

ആഗോള വിപണിയിലും നാലുശതമാനത്തിന്റെ വർധനവാണ് ഈയാഴ്ച രേഖപ്പെടുത്തിയത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,781 ഡോളർ നിലവാരത്തിലെത്തി. 

ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാംതരംഗവും സമ്പദ്ഘടനകളെ ശക്തിപ്പെടുത്താൻ ഉത്തേജന പാക്കേജുകളുടെഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിപണിയിൽ വൻതോതിൽ പണമിറക്കുന്നതും ഹ്രസ്വകാലത്തേയ്‌ക്കെങ്കിലും സ്വർണവിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. 

ഉത്സവ-വിവാഹ സീസണയാതിനാൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതും രാജ്യത്തെ വിലവർധനവിന് കാരണമായി.

Gold prices are up 6% in the past 15 days; is it the start of another rally?