സംസ്ഥാനത്ത് സ്വർണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്. 

നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ പലിശ വർധന വേണ്ടിവന്നേക്കുമെന്ന് യുഎസ് ഫെഡ് റിസർവിന്റെ അറിയിപ്പാണ് സ്വർണവിപണിയെ പിടിച്ചുലച്ചത്. ഡോളർ നേട്ടമുണ്ടാക്കുകയുംചെയ്‌തോടെ സ്വർണവിലയെ ബാധിച്ചു. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ മൂന്നുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് വില. പത്ത് ഗ്രാമിന് 46,518 രൂപയിലാണ് വ്യാപാരം നടക്കുന്നത്.