സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 

കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻ വ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്. 

യുഎസ് ട്രഷറി ആദായത്തിലുണ്ടായവർധനവും ഡോളർ വീണ്ടും കരുത്തുനേടിയതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,380 രൂപയായും കുറഞ്ഞു.