കൊച്ചി: 120 രൂപ കൂടി ഉയർന്നാൽ പവൻവില 25,000 രൂപ എന്ന നാഴികക്കല്ലിലെത്തും. കേരളത്തിൽ തിങ്കളാഴ്ച പവന് 80 രൂപ വർധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
വില വീണ്ടും റെക്കോഡുകൾ ഭേദിച്ച് മുന്നേറാൻ തുടങ്ങിയതോടെ വിപണിയും സക്രിയമായി. പ്രളയം മൂലം മാറ്റിവച്ച വിവാഹങ്ങൾ പലതും ഇപ്പോൾ നടക്കുന്നുണ്ട്. വിവാഹപ്പാർട്ടികളിൽ നിന്നുള്ള ഡിമാൻഡ് കൂടിയതോടെ വിപണിയിൽ ഉണർവ് ദൃശ്യമാണ്. എന്നാൽ, അത്യാവശ്യക്കാരല്ലാത്തവർ വില ഉയർന്നതോടെ വിപണിയിൽനിന്ന് മാറി നിൽക്കുന്ന പ്രവണതയുമുണ്ട്. പക്ഷേ, വില ഇനിയും ഉയരുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിലെ വിലവർധനയ്ക്കപ്പുറം ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വിലയിടിവാണ് ആഭ്യന്തര വിപണിയിൽ സ്വർണവില കൂടാൻ ഇടയാക്കുന്നത്. ലണ്ടൻ വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,315 ഡോളറിലെത്തി. എന്നാലിത്, 2011-ൽ രേഖപ്പെടുത്തിയ 1,895 ഡോളർ എന്ന റെക്കോഡിനെക്കാൾ ഏറെ താഴെയാണ്. പക്ഷേ, ഡോളറിന്റെ മൂല്യമാകട്ടെ, 71.80 രൂപയിലേക്ക് ഉയർന്നുനിൽക്കുന്നതിനാൽ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കൂടും. ഇതാണ് ആഭ്യന്തര വിപണിയിൽ വില റെക്കോഡ് ഇടാൻ കാരണം. ഗ്രാമിന് 3,110 രൂപയായാണ് സ്വർണവില തിങ്കളാഴ്ച ഉയർന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തർക്കം നിലനിൽക്കുന്നതും ഓഹരി വിപണികളിലെ അനിശ്ചിതത്വവുമാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഉണ്ടാകാറുണ്ട്.
ഈ വർഷം ഇതിനോടകം 1,440 രൂപയുടെ വർധനയാണ് പവൻവിലയിലുണ്ടായത്. 2018 ഡിസംബർ 31-ന് 23,440 രൂപയായിരുന്നു പവൻവില.
വിലക്കയറ്റം ഇങ്ങനെ
തീയതി വില
2019 ജനുവരി 25 24,000
2019 ജനുവരി 26 24,400
2019 ജനുവരി 30 24,600
2019 ഫെബ്രുവരി 1 24,720
2019 ഫെബ്രുവരി 2 24,800
2019 ഫെബ്രുവരി 3 24,800
2019 ഫെബ്രുവരി 4 24,880