കൊച്ചി: ദീപാവലിത്തിളക്കത്തിൽ സ്വർണ വില വീണ്ടും പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച് 23,720 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഒരവസരത്തിൽ വില 23,760 രൂപ വരെ എത്തിയിരുന്നു. ഇത് ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ്.

ദീപാവലിയോടനുബന്ധിച്ചുള്ള ധൻതരേസ് മുഹൂർത്തത്തിൽ ഡിമാൻഡ് ഉയർന്നതാണ് വില കൂടാൻ കാരണം. നാണയമായും ആഭരണങ്ങളായും സ്വർണം വാങ്ങിക്കൂട്ടാൻ പലരും താത്പര്യം കാണിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ പവൻവില ഏതാണ്ട് 1,700 രൂപ കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വില 3.25 ശതമാനം ഇടിഞ്ഞപ്പോഴാണ് ഇവിടെ 7.70 ശതമാനം കൂടിയിരിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയാണ് ഇതിനു കാരണം.

2012 സെപ്റ്റംബറിലാണ് പവൻവില ആദ്യമായി 24,000 രൂപ കടന്നത്. വില കുറച്ചുകൂടി ഉയർന്ന് റെക്കോഡ് ഇട്ടെങ്കിലും പിന്നീട് കയറിയിറങ്ങി നീങ്ങുകയായിരുന്നു. എന്നാൽ, ഇപ്പോഴത്തെ വില വർധന തുടർന്നാൽ പവൻ വില വീണ്ടും 24,000 കടക്കാൻ ഇടയുണ്ട്.