മുംബൈ: മാർച്ചിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാം വലിയ രാജ്യമായ ഇന്ത്യയിൽ മാർച്ചിൽ 25 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2019 മാർച്ചിൽ 93.24 ടൺ ആയിരുന്ന സ്ഥാനത്താണിത്. ആറര വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ സ്വർണ ഇറക്കുമതി നിരക്കാണിത്.
മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ നോക്കിയാൽ മാർച്ചിലെ ഇറക്കുമതി 122 കോടി ഡോളറിന്‍റെ (ഏകദേശം 9180 കോടി രൂപ)ആണ്. മുൻവർഷത്തേതിൽനിന്ന് മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 63 ശതമാനമാണ് കുറവ്.
ആഭ്യന്തര വിപണിയിൽ സ്വർണവില റെക്കോഡ് നിലവാരത്തിൽ തുടരുന്നതും ലോക്ഡൗണിനെത്തുടർന്ന് റീട്ടെയിൽ വിൽപ്പന നിലച്ചതും ആഗോളതലത്തിൽ കൊറോണ വ്യാപകമായതുമെല്ലാം സ്വർണ ഇറക്കുമതി കുറയാൻ കാരണമായി. മാർച്ച് രണ്ടാം വാരം വരെ സ്വർണത്തിനുള്ള ആവശ്യകത സാധാരണ രീതിയിലായിരുന്നു. അതിനുശേഷം കൊറോണ എത്തി. ലോക്ഡൗൺകാരണം സ്വർണക്കടകളെല്ലാം അടച്ചിടുകകൂടി ചെയ്തതോടെ വിൽപ്പന നിലയ്ക്കുകയായിരുന്നു.
ലോക്ഡൗൺ പിൻവലിച്ചാലും സ്വർണ വിൽപ്പന പെട്ടെന്ന് കൂടാനിടയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരിക്കും ആളുകൾ മുൻഗണന നൽകുക. ഈ സാഹചര്യത്തിൽ ഏപ്രിലിൽ ഇന്ത്യയിലെ സ്വർണ ഇറക്കുമതി അഞ്ച് ടണ്ണായി ചുരുങ്ങിയേക്കാമെന്നും വിപണിവൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 110.18 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.