കൊച്ചി: ഇന്ത്യയിൽ ഈ വർഷം സ്വർണത്തിനുള്ള ആവശ്യം 650-750 ടണ്ണായിരിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ അനുമാനം. 2016-ൽ ഇത് 675 ടണ്ണായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി 850-900 ടണ്ണായിരുന്നു ശരാശരി ഡിമാൻഡ്. 

രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള സ്വർണ ഉപഭോഗത്തിന് പാൻ കാർഡ് നിർബന്ധമാക്കിയതും പണം ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവന്നതുമാണ് ആവശ്യം കുറയാൻ കാരണം. എന്നാൽ, ദീർഘകാലയളവിൽ ഇത്തരം നടപടികൾ സ്വർണ വിപണിക്ക് ഗുണകരമായി മാറുമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഇന്ത്യാ വിഭാഗം മാനേജിങ് ഡയറക്ടർ പി.ആർ. സോമസുന്ദരം പറഞ്ഞു. 

അതേസമയം, ചരക്ക്‌ സേവന നികുതി (ജി.എസ്.ടി.) നിരക്കുകൾ അനുകൂലമാകുകയും മികച്ച മഴ ലഭിക്കുകയും ചെയ്താൽ ഡിമാൻഡ് ഉയരാമെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം അവസാനിച്ചതും അനുകൂല ഘടകമാണ്. ഈ വർഷം ആദ്യ പാദത്തിൽ ആവശ്യം 15 ശതമാനം ഉയർന്ന് 123 ടണ്ണിലെത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാകുന്നതോടെ സ്വർണ വിപണിയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ കസ്റ്റംസ് തീരുവയും എക്സൈസ് തീരുവയും സംസ്ഥാനങ്ങളുടെ മൂല്യവർധിത നികുതിയും ചേർന്ന് ഏതാണ്ട് 12.50 ശതമാനമാണ് സ്വർണാഭരണങ്ങൾക്കു മേലുള്ള നികുതി ബാധ്യത. ജി.എസ്.ടി. നിരക്ക് ഇതിനെക്കാൾ കുറവായിരിക്കണമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ആവശ്യം.