ന്യൂഡല്‍ഹി: രാജ്യത്തെ വാഹന ഉടമകള്‍ പുതുവര്‍ഷത്തില്‍ പെട്രോളിനും ഡീസലിനും വേണ്ടി വലിയ വിലകൊടുക്കേണ്ടിവരും.

ക്രൂഡ് വില ഉയര്‍ത്താന്‍ പ്രമുഖ ഇന്ധന ഉത്പാദകരായ സൗദി അറേബ്യയും ഇറാഖും തീരുമാനിച്ചതോടെയാണിത്. കമ്പോളത്തില്‍ വില ഉയര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. 

പശ്ചിമേഷ്യയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍നിന്നാണ്. 

ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമായ സൗദി വിലയിടിവില്‍ പിടിച്ചുനില്‍ക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് വില താഴ്ത്തുകയാണ് ചെയ്തത്. 

എന്നാല്‍ ഇറാഖുമായി ചേര്‍ന്ന് വില ഉയര്‍ത്തുകയെന്ന തന്ത്രമാണ് സൗദി ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഫെബ്രുവരിയില്‍ ഉത്പാദനത്തില്‍ കുറവ് വരുത്തുന്നതിനും തീരുമാനിച്ചുകഴിഞ്ഞു.

ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ഇന്ത്യയിലെ ഇന്ധന ഉപഭോക്താക്കളെ വിലവര്‍ധന കാര്യമായിതന്നെ ബാധിക്കും.