-
മാന്ദ്യ സൂചനകളുണ്ടാകുമ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുക സ്വാഭാവികം. സുരക്ഷിത ആസ്തിയെന്ന ഓമനപ്പേര് സ്വര്‍ണത്തിന് കിട്ടിയിട്ട് കാലമേറെയായി. പ്രതിസന്ധി സൂചനകള്‍ പുറത്തുവരുമ്പോള്‍ നിക്ഷേപ മേഖലയില്‍ പെട്ടന്നൊരു 'ഷിഫ്റ്റ്' ഉണ്ടാകുന്നു. വന്‍കിട നിക്ഷേപകരും രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തിരക്കുകൂട്ടും. കഴിഞ്ഞയാഴ്ച അതാണുണ്ടായത്.
യു.എസിലെ നിരക്ക് വര്‍ധന
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഒരു വര്‍ഷത്തിനിടെ നിരക്ക് കുത്തനെയാണ് വര്‍ധിപ്പിച്ചത്. ചുരുങ്ങിയ കാലയളവില്‍ 4.50ശതമാനത്തിലേറെയായിരിക്കുന്നു. സ്വാഭാവികമായും സമ്പദ്ഘടനയില്‍ തിരിച്ചടിക്കുള്ള വക അതില്‍നിന്നുണ്ടാകും. വിപണിയില്‍ പണലഭ്യത കുറയും.
സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തം ബാങ്കായ സിലിക്കണ്‍ വാലി ബാങ്കില്‍നിന്നാണ് തകര്‍ച്ചയുടെ ആരംഭം. പത്തോളം പ്രാദേശിക ബാങ്കുകളിലേയ്ക്കും യൂറോപ്പിലേയ്ക്കും അതിന്റെ അനുരണനമുണ്ടായി. എങ്കിലും വിദഗ്ധമായ നീക്കത്തിലൂടെ യുഎസ് ഫെഡ് റിസര്‍വും യൂറോപ്യന്‍ കേന്ദ്ര ബാങ്കും ധനകാര്യ സേവന മേഖലയെ കാത്തു.
മാന്ദ്യം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അതിന്റെ സൂചനകള്‍ ബാങ്കുകളുടെ തകര്‍ച്ചയിലൂടെയാണ് പുറത്തുവന്നത്. ക്രെഡിറ്റ് സ്വിസ് കൂടി തകര്‍ന്നതോടെ യൂറോപ്പിലേയ്ക്കും പ്രതിസന്ധി വ്യാപിച്ചതായി നിക്ഷേപ ലോകം വിലയിരുത്തി. അങ്ങനെയാണ്, പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയത്.
ഫെഡ് നീക്കം
നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ നിരക്ക് വര്‍ധനവിന്റെ വേഗംകുറയ്ക്കാന്‍ ഫെഡ് റിസര്‍വ് തയ്യാറായേക്കും. മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് കൂടുതല്‍ കര്‍ശന ധനനയം സ്വീകരിച്ചതോടെ ഡോളര്‍ കരുത്തുനേടിയതായി കണ്ടു. എന്നാല്‍ നിരക്ക് വര്‍ധനവില്‍നിന്ന് ഒരടിപോലും പിന്നോട്ടുവെച്ചാല്‍ ഡോളറിന്റെ കരുത്ത് ചോരാനും സ്വര്‍ണത്തിന് അനുകൂലമാകാനുമിടയുണ്ട്. പണലഭ്യത കൂട്ടി ബാങ്കിങ് പ്രതിസന്ധിയെ പ്രതിരോധിക്കാനാണ് നീക്കമെങ്കില്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകാനുള്ള കരുത്ത് ഫെഡിന് ലഭിക്കുകയുംചെയ്യും. അങ്ങനെ സംഭവിച്ചാല്‍ ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കും, സ്വര്‍ണത്തിന് തിരിച്ചടിയാകുകയും ചെയ്യും.
പണപ്പെരുപ്പം കീഴടങ്ങുമോ?
തുടരെ തുടരെയുള്ള നിരക്ക് വര്‍ധനവിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഫെഡിന്റെ നീക്കം ഫലപ്രാപ്തിയിലെത്തിയെന്ന് പറയാന്‍ കഴിയില്ല. ഉയര്‍ന്ന പലിശ നിരക്ക് സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കാമെന്നതിനാല്‍ നിരക്ക് കുറച്ചുകൊണ്ടുവരാനും പണലഭ്യത ഉറപ്പാക്കാനും കേന്ദ്ര ബാങ്ക് നിര്‍ബന്ധിതമാകും. ഈവര്‍ഷം അവസാനത്തോടെ നിരക്ക് കുറയ്ക്കാന്‍ ഫെഡ് തയ്യാറായേക്കാം. അതുകൊണ്ടുന്നെ സമീപകാലയളവില്‍ സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമാകും.
സ്വണത്തില്‍ എത്ര നിക്ഷേപമാകാം?
ആസ്തി വിഭജനത്തിന്റെ ഭാഗമായി എക്കാലത്തും പറയുന്ന ഒരുകാര്യമുണ്ട്. മൊത്തം നിക്ഷേപത്തിന്റെ പത്ത് ശതമാനമെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാമെന്ന്. 15 ശതമാനം വരെ വിഹിതം വര്‍ധിപ്പിക്കുന്നതിലും തെറ്റില്ല. നിലവില്‍ ആസ്തി വിഹിതം ഇത്രയമുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകുക. അല്ലെങ്കില്‍ ചാഞ്ചാട്ടത്തില്‍ കുറഞ്ഞ വിലയില്‍ ചാടിപ്പിടിക്കാന്‍ നോക്കുക. വരുംമാസങ്ങളിലെ അസ്ഥിരത പ്രയോജനപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. അതായത് ഘട്ടംഘട്ടമായി നിക്ഷേപിക്കാന്‍ തയ്യാറെടുക്കാം.
സമ്പദ്ഘടനകള്‍ തളര്‍ച്ച നേരിടുമ്പോള്‍ മാത്രമാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുതിപ്പ് പ്രകടമാകുന്നത്. മാന്ദ്യത്തില്‍നിന്ന് നീങ്ങുമ്പോള്‍ വിലയില്‍ ഇടിവുണ്ടാകുക സ്വാഭാവികം. തുടര്‍ന്ന് വില സ്ഥരിതയാര്‍ജിക്കുകയും ചെയ്യും. 2020ലെ കുതിപ്പ് ഉദാഹരണം. 42,000ത്തിലെത്തിയ വില ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 33,000ത്തിലേയ്‌ക്കെത്തി. വീണ്ടുമൊരു പ്രതിസന്ധിക്കായി കാത്തിരിക്കേണ്ടിവന്നു വില കുതിക്കാന്‍.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇതാദ്യമായി 60,000 പിന്നിട്ടു. 60,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 2,000 ഡോളറും കടന്നു. സംസ്ഥാനത്താകട്ടെ പവന് 44,240 രൂപയില്‍നിന്ന് 400 രൂപ കുറഞ്ഞു. 43,840 രൂപയിലാണ് വ്യാപാരം.
Price of 1 Pavan Gold from 2006 to 2023 | |||||
Year | Date | Price of 1 Pavan | |||
2006 | 31-March-06 | 6255 | |||
2007 | 31-March-07 | 6890 | |||
2008 | 31-March-08 | 8892 | |||
2009 | 31-March-09 | 11077 | |||
2010 | 31-March-10 | 12280 | |||
2011 | 31-March-11 | 15560 | |||
2012 | 31-March-12 | 20880 | |||
2013 | 31-March-13 | 22240 | |||
2014 | 31-March-14 | 21480 | |||
2015 | 31-March-15 | 19760 | |||
2016 | 31-March-16 | 21360 | |||
2017 | 31-March-17 | 21800 | |||
2018 | 31-March-18 | 22600 | |||
2019 | 31-March-19 | 23720 | |||
2020 | 31-March-20 | 30640 | |||
2020 | 20 Aug-20 | 42000 | |||
2021 | 31-March-21 | 32,880 | |||
2022 | 31-March-22 | 38,120 | |||
2023 | 18-March-22 | 44,240 | |||
Calculated on 31st March each year. |
Content Highlights: Fed Rates and Recession: Will Gold Rise Again?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..