പെട്രോള്‍ വില ലിറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നു. ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡിസലിന് 20 പൈസയുംവീതമാണ് വര്‍ധിച്ചത്. 

അതോടെ ഡീസല്‍ വില റെക്കോഡിട്ടു. പെട്രോളിന് ഇതേവരെ ഉണ്ടായിരുന്ന ഉയര്‍ന്നവില 77രൂപ(2013)യാണ്. താമസിയാതെ പെട്രോള്‍ വിലയും റെക്കോഡ് ഭേദിക്കുമെന്നുതന്നെയാണ് വിപണിയില്‍നിന്നുള്ള സൂചനകള്‍. 

വിലവര്‍ധനയുടെ പിന്നാമ്പുറം അറിയാം 

1 ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും ഡോളര്‍-രൂപ വിനിമയ മൂല്യത്തിലെവ്യതിയാനവുമാണ് രാജ്യത്തെ ഇന്ധന വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

2 2014 ഡിസംബറിനുശേഷം ഇതാദ്യമായി ബ്രന്റ് ക്രൂഡ് വില ബാരലിന് 70 ഡോളര്‍ നിലവാരത്തിലെത്തി. ഇറക്കുമതിയിലൂടെയാണ് രാജ്യത്തെ ഇന്ധന ഉപയോഗം ഭൂരിഭാഗവും നടക്കുന്നത്.  

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)യും റഷ്യയും മറ്റ് രാജ്യങ്ങളും എണ്ണഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് വിലവര്‍ധനയ്ക്കിടയാക്കി.

4 ഡോളറിന്റെ കരുത്ത് ചോര്‍ന്നതും ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ശക്തിപ്രാപിച്ചതും ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാക്കി.

2017 ഒക്ടോബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയില്‍ രണ്ടുരൂപ കുറവ് വരുത്തിയപ്പോള്‍ പെട്രോള്‍ വില ഡല്‍ഹിയില്‍ 68.38 രൂപയും ഡീസല്‍ വില 56.89 രൂപയുമായി കുറഞ്ഞു. എന്നാല്‍ ആഗോള വിപണിയില്‍ വില വര്‍ധിച്ചതുമൂലം ആഭ്യന്തര വിപണിയില്‍ വിലകുറച്ചതിന്റെ നേട്ടം ലഭിച്ചില്ല.

6 2017 ഒക്ടോബറില്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തിലുണ്ടായ കുറവ് 26,000 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 13,000 കോടിയും വരുമാനനഷ്ടമുണ്ടായി.

2014നും 2016നും ഇടയിലായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ഒമ്പത് തവണയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതുമൂലം പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് ഈകാലയളവില്‍ കൂടിയത്. 

ഈ 15 മാസ കാലയളവില്‍ സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയിനത്തിലുള്ള വരുമാനം 2014-15 സാമ്പത്തിക വര്‍ഷത്തെ 99,000 കോടി രൂപയില്‍നിന്ന് ഇരട്ടിയിലേറെ വര്‍ധിച്ച് 2016-17 വര്‍ഷത്തില്‍ 242,000 കോടിയായി. 

9 രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ദിനംപ്രതി എണ്ണവില പരിഷ്‌കരിക്കാന്‍ തുടങ്ങി. അതുവരെ എല്ലാമാസവും ഒന്നാംതയതിയും പതിനഞ്ചാം തിയതിയുമാണ് വില പരിഷ്‌കരിച്ചിരുന്നത്. 

10 ദിനംപ്രതി വില പരിഷ്‌കരിക്കാന്‍ തുടങ്ങിയതിനുശേഷം പെട്രോളിന് ഏഴ് ശതമാനവും ഡീസലിന് പത്തുശതമാനവും വര്‍ധനവുണ്ടായി(നികുതി കുറച്ചത് കണക്കിലെടുത്തശേഷമുള്ള ശതമാനക്കണക്കാണിത്).

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇനിയും വര്‍ധിക്കാന്‍തന്നെയാണ് സാധ്യത. ആഭ്യന്തര വിപണിയിലും ഇത് പ്രതിഫലിക്കും.