ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ബാരലിന് രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 64 ഡോളറിലെത്തി.

വിലവര്‍ധന തുടരുമെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനയെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.

ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിന് മുകളില്‍പോകുന്നത്  ആഭ്യന്തര സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്. 

ഏഷ്യയിലെ വികസ്വര വിപണികളായ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ ഓയില്‍ വില വര്‍ധനവ് ഇടയാക്കും. 

രാജ്യത്തെ ഓഹരി വിപണിയെയും അസംസ്‌കൃത എണ്ണവില ബാധിക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ മുന്‍കരുതലോടെയാണ് നിങ്ങുന്നത്. 

എണ്ണവിലവര്‍ധന സൂചനകള്‍ വന്നതോടെ സെന്‍സെക്‌സ് 300 പോയന്റോളമാണ് ചൊവാഴ്ച ഇടിഞ്ഞത്. ഈവര്‍ഷംമാത്രം സെന്‍സെക്‌സിലുണ്ടായ നേട്ടം 27 ശതമാനമാണെന്ന് ഓര്‍ക്കണം. ചൈനയിലെ ഷാങ്ഹായ് സൂചികയില്‍ എട്ട് ശതമാനംമാത്രമായിരുന്നു സമാനകാലയളവിലെ നേട്ടം. 

പണപ്പെരുപ്പം കുതിക്കാനും അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കാനും അത് ഇടയാക്കും. കമ്പനികളുടെ ലാഭത്തെ കാര്യമായി ഇത് ബാധിക്കുകയും ചെയ്യും.

ആര്‍ബിഐയുടെ നിരക്ക് വര്‍ധനയും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. 

രാജ്യത്തെ ഇന്ധന വില വരുംദിവസങ്ങളിലും കൂടാനാണ് സാധ്യത. ചൊവാഴ്ചയിലെ വര്‍ധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 69.80 രൂപയായി. ഡീസലിനാകട്ടെ 58.26 രൂപയുമാണ്. 

ആഗോള വിപണിയില്‍ തിങ്കളാഴ്ചമാത്രം 3.5 ശതമാനമാണ് ബാരല്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധന. 

അഴിമതിക്കെതിരെ നടപടിയുമായി സൗദി രാജകുമാരന്‍ അധികാരം ശക്തിപ്പെടുത്തിയതും യുഎസില്‍നിന്നുള്ള ലഭ്യത കുറഞ്ഞതും വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വരവില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.