കൊച്ചി: അസംസ്‌കൃത എണ്ണയ്ക്ക് ഒക്ടോബറിൽ ബാരലിന് 80 ഡോളർ കടന്നതോടെ വില 100 ഡോളറിലേക്ക് കടക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ, ആഴ്ചകൾ കൊണ്ട് സ്ഥിതി മാറി. 80 ഡോളറിനു മുകളിൽനിന്ന് വില 60 ഡോളറിന് താഴേക്കെത്തി. ഇതോടെ, വില 50 ഡോളറിലേക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇതിനൊപ്പം ഡോളറിന്റെ മൂല്യം 70 രൂപ നിലവാരത്തിനു മുകളിലേക്ക് പോകാതിരുന്നാൽ ഇരട്ടി നേട്ടമാകും.

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള എട്ടു രാജ്യങ്ങൾക്ക് അടുത്ത ആറു മാസക്കാലം എണ്ണ വിൽക്കാൻ ഇറാന് അമേരിക്ക അനുമതി നൽകിയതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. ഉത്പാദനം കുറയ്ക്കേണ്ടതില്ലെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനം കൂടിയായതോടെ വിപണിയിലേക്ക് കൂടുതൽ എണ്ണ ഒഴുകാൻ തുടങ്ങി.

വിലയിടിയുന്നത് സൗദി അറേബ്യ, റഷ്യ തുടങ്ങി എണ്ണ ഉത്പാദകർക്ക് തിരിച്ചടിയാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ആശ്വാസമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. അസംസ്‌കൃത എണ്ണയുടെ വില ഓരോ ഡോളർ കുറയുമ്പോൾ ഇന്ത്യയുടെ ഇറക്കുമതി ഭാരം 6,160 കോടി രൂപ കണ്ട് കുറയും.

ഇന്ധനത്തിന് ഇറക്കുമതിയെ ഏതാണ്ട് പൂർണമായി ആശ്രയിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യ. ഇന്ധനവില കുറഞ്ഞാൽ വിലക്കയറ്റത്തിന് ശമനമുണ്ടാകുമെന്നതാണ് ഏറ്റവും ആശ്വാസകരം. വിലക്കയറ്റം കുറയുന്നതോടെ, പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം ഇല്ലാതെയാകും. കുറഞ്ഞ പലിശയ്ക്ക് പണം ലഭ്യമാകുന്നതോടെ അത് സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കും. ഇറക്കുമതി ഭാരം കുറയുന്നതോടെ വ്യാപാരക്കമ്മി കുറയുമെന്നതാണ് ഇന്ത്യക്ക്‌ ആശ്വാസമാകുന്ന മറ്റൊരു ഘടകം.

ഗതാഗതച്ചെലവ് കുറയുന്നതോടെ, യാത്രകൾ കൂടും. ഇത് സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കുമെന്നാണ് സമീപകാല ചരിത്രം വ്യക്തമാക്കുന്നത്.

content highlight:Crude Opil Price down to 50 dollar