Photo: Gettyimages
പോയവര്‍ഷം അസംസ്കൃത എണ്ണയുടെ വില കയറിയും ഇറങ്ങിയുമാണ് നിന്നത്. റഷ്യ-യുക്രെയിന് യുദ്ധം തുടങ്ങിയപ്പോള്‍തന്നെ എണ്ണയുടെ ഏറ്റവും വലിയ ഇടപാടു കേന്ദ്രമായ ന്യൂയോര്‍ക്കിലെ നയ്മെക്സില്‍ ക്രൂഡോയില്‍ വില 14 വര്‍ഷത്തെ ഉയരത്തിലെത്തി. പിന്നീട് കാര്യമായ തിരുത്തലിനു വിധേയമാവുകയും വര്‍ഷാവസാനത്തോടെ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. അനിശ്ചിതമായ സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങള്‍ ഉത്പന്നത്തിന്റെ അടിസ്ഥാന ഘടകങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ് പോയ വര്‍ഷത്തിലുടനീളം കണ്ടത്.
റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുകയും മഹാമാരിയെത്തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങളില്‍ അയവു വരികയും ചെയ്തതോടെ 2022ന്റെ ആദ്യ പകുതിയില്‍ എണ്ണ വിലയില്‍ സമ്മര്‍ദ്ദമുണ്ടായി. ആഗോള സാമ്പത്തിക അനിശ്ചിതത്വം കുറയുകയും ശുദ്ധീകരണ ശാലകള്‍ പഴയതുപോലെ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തതോടെ ഡിമാന്റ് കുറയുകയും ആഗോള എണ്ണ വില പോയ വര്‍ഷത്തിന്റെ അവസാനത്തെ രണ്ടു പാദങ്ങളില്‍ പൊതുവേ കുറയുകയും ചെയ്തു.
യുക്രെയിനുനേരെ പൂര്‍ണതോതിലുള്ള കടന്നാക്രമണമുണ്ടായതോടെ യുദ്ധച്ചെലവുകള്ക്കു പണം കണ്ടെത്താനുള്ള അവരുടെ ശേഷി കുറയ്ക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ജി 7 രാജ്യങ്ങള്‍ പ്രഖ്യാപിച്ച വില നിയന്ത്രണവും യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള എണ്ണ ഉപരോധവും അതില്‍ പെടുന്നു.
ഇതുമൂലം യൂറോപ്പില്‍ എണ്ണ പ്രതിസന്ധിയാണുണ്ടായത്. റഷ്യയാകട്ടെ ക്രൂഡിന്റെ കയറ്റമതി അഭംഗുരം തുടരുകയുമാണ്. നിരക്കിളവ് വാഗ്ദാനം ചെയ്ത് ഇന്ത്യ, ചൈന പോലുള്ള, ഉപഭോഗനിരയിലെ വന്‍കിട രാജ്യങ്ങളിലേയ്ക്ക് എണ്ണ കയറ്റുമതി ചെയ്ത് വരുമാനത്തില്‍ ഇടിവുണ്ടാകാതെ പിടിച്ചുനില്ക്കുകയുംചെയ്തു. റഷ്യന്‍ എണ്ണയോടുള്ള ഇന്ത്യന്‍ വിധേയത്വം വര്‍ധിക്കുകയും ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ മറികടന്ന് ഇറക്കുമതി വിഹിതം 22 ശതമാനത്തിലെത്തുകയും ചെയ്തു.
2022ന്റെ രണ്ടാം പകുതിയോടെ ആഗോള തലത്തില്‍ എണ്ണ വിതരണം വര്‍ധിച്ചു. വന്‍കിട ഉത്പാദകരായ യുഎസില്‍ നിന്ന് കൂടുതല്‍ എണ്ണ വരാന്‍ തുടങ്ങുകയും അന്തര്‍ദേശീയ തലത്തില്‍ സംഭരിക്കപ്പെട്ട എണ്ണ പുറത്തു വിടാനാരംഭിക്കുകയും ചെയ്തതോടെയാണ് ഇതു സംഭവിച്ചത്. ഒപെക് രാജ്യങ്ങളും മറ്റുള്ളവരും ഉത്പാദനം വര്‍ധിപ്പിച്ചതും എണ്ണയുടെ ലഭ്യതകൂട്ടി. ഡിമാന്റിനെച്ചൊല്ലിയുള്ള ഭയം ഇല്ലാതായതോടെ ആഗോള വിപണിയിലെ ക്ഷാമം അസ്ഥാനത്തായി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടിയതോടെ ഉയര്‍ന്നുവന്ന മാന്ദ്യഭീതി എണ്ണയുടെ ഡിമാന്റിനെ ബാധിച്ചു.
പ്രധാന സമ്പദ് വ്യവസ്ഥകളില്‍ വിലക്കയറ്റം അനുഭവപ്പെടാന്‍ തുടങ്ങിയത് ഉപഭോക്താക്കളുടെ ബജറ്റിനേയും എണ്ണയുടെ ഉപയോഗത്തേയും ബാധിച്ചു. പല മേഖലകളിലും കൂടിയതോതിലുള്ള എണ്ണ വില തുടര്‍ച്ചയായ വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറയുമെന്ന ആശങ്കയും ആഗോള എണ്ണ വിലയെ ബാധിച്ചു. കോവിഡ് 19 നെതിരെയുള്ള കര്‍ശന നിയമങ്ങളാണ് ചൈനയില്‍ എണ്ണയുടെ ഡിമാന്റ് കുറയാനിടയാക്കിയത്. ലോക് ഡൗണുകള്‍ നീണ്ടുനിന്നതിനാല്‍ രാജ്യത്ത് എണ്ണയുടെ ഉപയോഗം കുറയുകയായിരുന്നു.
2023ല്‍ ആഗോളതലത്തില്‍ എണ്ണയുടെ ഡിമാന്റ് വര്‍ധിക്കുമെന്നാണ് ഒപെക് സഖ്യ രാജ്യങ്ങളും യുഎസ് ഊര്‍ജ്ജ കൈകാര്യ കര്‍ത്താക്കളും കരുതുന്നത്. റഷ്യന്‍ എണ്ണക്കെതിരെയുള്ള യൂറോപ്പിന്റെ ഉപരോധം ആഗോള എണ്ണ വിപണിയില്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നതിനാല് വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ചെറിയ തോതിലുള്ള വിലക്കയറ്റം പ്രതീക്ഷിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിലനിന്ന കര്‍ശന ഉപരോധത്തില്‍ അയവു വരികയും അതിര്‍ത്തികള്‍ തുറക്കുകയും ചെയ്യുന്നതോടെ ഈ വര്‍ഷം ചൈനയില്‍ നിന്നുള്ള ഡിമാന്റ് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
റഷ്യയില്‍നിന്ന് എണ്ണവരവു കുറയുകയും മോശമായ സാമ്പത്തിക സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ഒപെക് സഖ്യരാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തയാറാവുകയും ചെയ്യുന്നത് എണ്ണ വില വര്‍ധിക്കാനിടയാക്കും. എന്നാല്‍, ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളും മുഖ്യ സമ്പദ് വ്യവസ്ഥകളില്‍ വളര്‍ച്ചാ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ കൂടിയതോതിലുള്ള വില വര്‍ധന പ്രതീക്ഷിക്കുന്നില്ല. ലോകരാജ്യങ്ങളില്‍ മൂന്നിലൊന്നും ഈ വര്‍ഷം മാന്ദ്യത്തിന്റെ പിടിയിലാവുമെന്നും വികസിത രാജ്യങ്ങള്‍ക്കും കാര്യങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ പ്രയാസകരമായിരിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നേരിയ വിലവര്‍ധനയ്ക്കുള്ള സാധ്യത കാണുന്നുണ്ടെങ്കിലും പിന്നീടത് ഏകീകരിക്കപ്പെടും. യുഎസ് എണ്ണ ബാരലിന് 94 ഡോളറിനും 62 ഡോളറിനുമിടയിലായിരിക്കും വിപണനം ചെയ്യപ്പെടുക എന്നാണ് വിലയിരുത്തല്‍. അഭ്യന്തര എണ്ണ വിപണിയിലെ വില ബാരലിന് 5000 രൂപ മുതല്‍ 9500 രൂപവരെ ഉയരാം. സമീപ ഭാവിയിലൊന്നും വില അതിലപ്പുറം പോകാന്‍ ഇടയില്ല.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍)
Content Highlights: Crude oil prices likely to rise again?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..