ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 17 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 14 ദിവസമായി മാറ്റമില്ല.
ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ലോകമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി.
രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കിനിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്.
എന്നാല്‍ രണ്ടാഴ്ചയായി നിരക്കില്‍ കുറവുവരുത്താന്‍ മടിക്കുകയാണ് എണ്ണക്കമ്പനികള്‍. ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും.
ലോകമൊട്ടാകം ആവശ്യകതയില്‍ വന്‍ഇടിവുവന്നതാണ് അസംസ്കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്.
ആഗോള വിപണിയില്‍ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോള്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോള്‍ കൂട്ടുകയും കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..