Photo:Reuters
ഈവര്‍ഷം മാര്‍ച്ചിനുശേഷം അസംസ്കൃത എണ്ണവില ഏറ്റവും ഉയര്‍ന്നത് ഇപ്പോഴാണ്. കോവിഡ് വാക്സിന്റെ വരവോടെ ആഗോളതലത്തില്‍ സാമ്പത്തികമുന്നേറ്റമുണ്ടാകുമെന്നും എണ്ണയുടെ ഡിമാന്റ് വര്‍ധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്. ചൈനയിലെ ശുദ്ധീകരണ ശാലകളില്‍നിന്നുള്ള ഡിമാന്റും ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കുറയ്ക്കുമെന്നധാരണയും വില വര്‍ധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
എന്‍വൈമെക്സ്
അസംസ്കൃത എണ്ണയുടെ ആഗോള അളവുകോലായ ന്യൂയോര്‍ക്ക് മര്‍ക്കന്റൈല്‍ എക്സ്ചേഞ്ചില്‍(എന്‍വൈമെക്സ്) ക്രൂഡ് ബാരലിന് 46 ഡോളറിനു മുകളില്‍ പോയപ്പോള്‍ ഏഷ്യയുടെ ബ്രെന്റ് ബാരലിന് 50 ഡോളറോളമായി. ഇന്ത്യയുടെ വിവിധോല്‍പന്ന എക്സ്ചേഞ്ചില്‍ എണ്ണൃ ഓഹരി വിലകളില്‍ നവംബര്‍ ആദ്യവാരത്തിലെ താഴ്ചയ്ക്കു ശേഷം 32 ശതമാനത്തിലേറെ ഉയര്‍ന്നു.
ഏപ്രില്‍ മാസം എണ്ണവില എറെതാഴെപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തത്തടര്‍ന്ന് ഡിമാന്റില്‍ കുത്തനെയുണ്ടായ കുറവും എണ്ണ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന ഘടകങ്ങളാണ് വിലകുറയാന്‍ ഇടയാക്കിയത്. ആഗോള സാമ്പത്തികസ്ഥിതി പ്രതീക്ഷാ നിര്‍ഭരമായതോട വില ക്രമേണഉയരുകയായിരുന്നു.
വിജയകരമായ വാക്സിന് പരീക്ഷണങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ സാധാരണനില കൈവരിക്കാന്‍ സഹായിച്ചു. ആസ്ട്രാ സെനകാ, ഫൈസര്‍ ഇന്‍കോര്‍പറേറ്റഡ്, മോഡേണ എന്നീ പ്രധാന മരുന്നു കമ്പനികള്‍ വാക്സിന്റെ കാര്യത്തില്‍ പുരോഗതി പ്രഖ്യാപിച്ചതോടെ വര്‍ഷാവസാനത്തോടെ വാക്സിന് വിപണിയിലെത്തുമെന്നുറപ്പായി. അമേരിക്കയില്‍ പ്രസിഡന്റ് ജോ ബൈഡന് അനുകൂലമായ ജനവിധി വരികയും വിജയകരമായ നേതൃമാറ്റത്തിനു സാധ്യതതെളിയുകയും ചെയ്തത് വിപണിയെ ഉത്തേജിപ്പിച്ചു.
ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കുറയ്ക്കാനുള്ള തീരുമാനം വരും മാസങ്ങളിലും തുടരുമെന്നഅഭ്യൂഹം എണ്ണയുടെ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോളുള്ള എണ്ണ ഉല്പാദന നിയന്ത്രണം മൂന്നുമാസത്തേക്കുകൂടി തുടരാന്‍ ഈയിടെ ചേര്‍ന്ന ഒപേക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചത് വ്യാപകമായ പിന്തുണയോടെയാണ്. അടുത്ത വര്‍ഷത്തെ എണ്ണ ഉല്പാദനം സംബന്ധിച്ച നയങ്ങള്‍ തീരുമാനിക്കുന്നതിന് ഒപെക് രാജ്യങ്ങളും ഇതര ഉല്പാദക രാജ്യങ്ങളും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും നവംബര്‍ 30 നും ഡിസമ്പര്‍ ഒന്നിനുമായി യോഗംചേരുന്നുണ്ട്.
ഈമാസം ഒടുവില്‍ നടക്കാനിരിക്കുന്ന യോഗങ്ങള്‍ക്കു മുന്നോടിയായി ഒപെക് രാജ്യങ്ങളും മറ്റുസംഘടനകളും ഉല്പാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം പൂര്‍ണമായും പാലിക്കുകയുണ്ടായി.
ചൈനയില്‍ എണ്ണ സംസ്കരണ പ്രക്രിയ വര്‍ധിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ചൈനയിലെ സംസ്കരണശാലകളില്‍നിന്നുള്ള ഉല്പാദനം റെക്കാര്‍ഡുയരത്തിലെത്തി. അവധി യാത്രകള്‍ കൂടിയതോടെ എണ്ണയുടെ ഡിമാന്റ് മുന്‍വര്‍ഷത്തെ യപേക്ഷിച്ച് 2.6 ശതമാനം വര്‍ധിച്ചു. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച്
ഒക്ടോബറില്‍മാത്രം ചൈന പ്രതിദിനം 14.09 മില്യണ്‍ ബാരല്‍ എന്ന ക്രമത്തില്‍ 59.82 മില്യണ്‍ ടണ്‍ അസംസ്കൃതഎണ്ണ സംസ്കരിച്ചെടുക്കുകയുണ്ടായി.
എണ്ണയുടെ കാര്യത്തില്‍ യുഎസില്‍നിന്നുള്ള ചരക്കുപട്ടിക ജൂണ്‍ മുതല്‍ താഴോട്ടാണ്. പണമിറക്കുന്നവര്‍ യുഎസ് എണ്ണ ഓഹരികളിലെ ഹൃസ്വ-ദീര്‍ഘ പരിധികള്‍ വര്‍ധിപ്പിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മഹാമാരിയുടെ രണ്ടാംവരവു ഭീഷണി നിലനില്‍ക്കുന്നതിനാല്‍ എണ്ണയുടെ ആഗോള ഡിമാന്റ് ദുര്‍ബ്ബലമാണ്. ഇക്കാരണത്താല്‍ ഉല്പാദനം കുറയ്ക്കുന്നനടപടി ഇനിയും നീട്ടാന്‍ ഒപെക് രാജ്യങ്ങളും മറ്റുളളവരും തീരുമാനിച്ചേക്കാം. ഇതുമൂലം വിതരണ ഞെരുക്കം ഉണ്ടാകാനും താങ്ങുവിലയ്ക്കും സാധ്യതയുണ്ട്. ഈവര്‍ഷം റിക്കാര്‍ഡ് അളവില്‍ നടപ്പാക്കിയ ഉല്പാദനം വെട്ടിച്ചുരുക്കല്‍ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി, ജനുവരിയില്‍ ഉല്പാദകര് പ്രതിദിനം 20 ലക്ഷം ബാരല്‍ കണ്ട് ഉല്പാദനം കൂട്ടിയേക്കും എന്നൊരഭ്യൂഹം നേരത്തേ പ്രചരിച്ചിരുന്നു. ആഗോള എണ്ണ ഉപഭോഗത്തിന്റെ 2 ശതമാനത്തോളം വരുമിത്.
വാക്സിന് പ്രതീക്ഷകളും ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും എണ്ണവിലയെ ചെറിയ തോതില്‍ താങ്ങിനിര്‍ത്തുമെന്നാണ് കരുതുന്നത്. എന്നാല്‍, അമേരിക്കയില്‍ കൂടുതല്‍ റിഗ്ഗുകള്‍ ഖനനം നടത്തുകയും, ലിബിയയില്‍ നിന്നുള്ള ഉല്പാദനം വര്‍ധിക്കുകയും മഹാമാരിയെക്കുറിച്ചുള്ള ആകുലതകള്‍ പെരുകുകയും ചെയ്താല്‍ എണ്ണ വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാവുകയില്ലെന്നുവേണം കണക്കാക്കാന്‍. വിലയുടെ കാര്യത്തിലാകട്ടെ എന്‍വൈമെക്സ് നിരക്കുകള്‍ ബാരലിന് 34 ഡോളറിനും 48 ഡോളറിനും ഇടയില്‍ ചാഞ്ചാടാനാണിട. സമീപകാലത്ത് അനുകൂലമായ അവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കുക.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഉത്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..