സിംഗപ്പൂർ: സിറിയയിലേക്ക് അമേരിക്കൻ വ്യോമാക്രണം ആരംഭിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. അസംസ്‌കൃത എണ്ണയുടെ വില വെള്ളിയാഴ്ച ഒരവസരത്തിൽ 2.2 ശതമാനം ഉയർന്ന് 56.08 ഡോളറിലെത്തി. മാർച്ച് ഏഴിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 

സിറിയയിലേക്കുള്ള ആക്രമണം തുടർന്നാൽ അറബ് മേഖലയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമെന്ന സന്ദേഹമാണ് വിപണിയിൽ പ്രതിഫലിച്ചത്. ആക്രമണം തുടർന്നാൽ ഗൾഫ് മേഖലയിൽ എണ്ണ ഉത്പാദനം കുറയും. അതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യും. 

കാനഡയിൽ സിന്തറ്റിക് ക്രൂഡ് പ്ലാന്റുകളിൽ അഗ്നിബാധയുണ്ടായതിനെത്തുടർന്ന് ഉത്പാദനം കുറച്ചതും വില വർധനയ്ക്ക്‌ ഇടയാക്കുമെന്ന് ആഗോള വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ പെടാത്ത കസാഖ്‌സ്താൻ ഉത്പാദനം വൻതോതിൽ ഉയർത്തിയത് വിലക്കയറ്റം പിടിച്ചുനിർത്താൻ ഇടയാക്കും.