സോൾ: ഉത്പാദനം വെട്ടിക്കുറച്ച് ആഗോള എണ്ണവില പഴയ നിലവാരത്തിലേക്കെത്തിക്കാനുള്ള ഒപെകിന്റെ (എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ) നീക്കത്തിനു തിരിച്ചടി.

അമേരിക്ക കൂടുതൽ എണ്ണപ്പാടങ്ങളുമായി ഉത്പാദനം വർധിപ്പിച്ചതാണ് കാരണം. ഇതെത്തുടർന്ന് തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 50.96 ഡോളറിലെത്തി. 0.82 ശതമാനം കുറവാണ് തിങ്കളാഴ്ചയുണ്ടായത്. നവംബർ 30-നു ശേഷമുള്ള കുറഞ്ഞ വിലയാണിത്.

എണ്ണവിലയിലെ കയറ്റത്തിന്റെ ഗുണമെടുക്കാൻ തുടർച്ചയായ എട്ടാമത്തെ ആഴ്ചയിലും അമേരിക്കൻ എണ്ണക്കമ്പനികൾ കൂടുതൽ എണ്ണപ്പാടം തുറന്നു. ഇതിനായി വൻ നിക്ഷേപം നടത്തിയിരിക്കുകയാണ് കമ്പനികൾ.

അതേസമയം അമേരിക്കയുടെ ഈ നീക്കത്തോടെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒപെക് ഉത്പാദനം വെട്ടിക്കുറച്ചതിനെത്തുടർന്ന് ക്രൂഡ് വില ഉയർന്നത് ഇന്ത്യയിലെ ഇന്ധന വിലയിലും പ്രതിഫലിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് ഒപെകിൽ അംഗങ്ങളായ 12 രാജ്യങ്ങളും അംഗങ്ങളല്ലാത്ത റഷ്യ പോലുള്ള രാജ്യങ്ങളും ഉത്പാദനം വെട്ടിക്കുറയ്ക്കാൻ കൂട്ടായ തീരുമാനമെടുത്തത്. 2017-ന്റെ ആദ്യ പകുതിയിൽ ഉത്പാദനത്തിൽ ദിവസം 18 ടൺ വീപ്പയുടെ കുറവു വരുത്തുകയായിരുന്നു ലക്ഷ്യം.

തീരുമാനത്തോട് വിമുഖത കാണിച്ചിരുന്ന ഇറാനെക്കൂടി ചർച്ചകൾക്കൊടുവിൽ കൂടെ നിർത്താൻ കഴിഞ്ഞുവെന്നത് നേട്ടമായിരുന്നു. എണ്ണവിലയിടിവിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറുകയായിരുന്നു ലക്ഷ്യം.

പുതിയ സാഹചര്യത്തിൽ ഒപെക് ഉത്പാദനം വെട്ടിക്കുറച്ച തീരുമാനവുമായി എത്രനാൾ മുന്നോട്ടു പോകുമെന്നതാണ് വിപണി കാത്തിരിക്കുന്നത്. കൂടുതൽ ഉത്പാദനച്ചുരുക്കലിന് ഒപെക് തയ്യാറാകാനുള്ള സാധ്യതയും വിപണി വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.