മുംബൈ: 2017ന്റെ തുടക്കത്തില്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ് തുടരുന്നു.

2018 ജനുവരിയിലെത്തിയപ്പോള്‍ ബാരലിന് 68 ഡോളറായി. 20 ശതമാനമാണ് ഒരുവര്‍ഷംകൊണ്ട് വിലയിലുണ്ടായ വര്‍ധന.

പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയെ വിലവര്‍ധന കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

ക്രൂഡ് ഓയില്‍ പ്രധാന അസംസ്‌കൃത വസ്തുവായി പ്രവര്‍ത്തിക്കുന്ന കമ്പനികളെയും വിലവര്‍ധന ബാധിക്കും. 

വര്‍ധന ഈ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ബാരലിന് 80-90 ഡോളര്‍ നിലവാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. 

യുഎസില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചതോടെ ഒപെകും റഷ്യയും ഉത്പാദനം കുറച്ചതാണ് വിലവര്‍ധനവിന് കാരണമായത്. 

ആഗോള വിപണിയിലെ വിലവര്‍ധനവിന് സമാന്തരമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയും മാസങ്ങളായി മുകളിലേയ്ക്കാണ്. 

രാജ്യത്തെ ധനക്കമ്മിയെയാണ ക്രൂഡ് വിലവര്‍ധന പ്രധാനമായും ബാധിക്കുക. പെട്രോള്‍,ഡീസല്‍ വിലവര്‍ധന പണപ്പെരുപ്പം മുകളിലേയ്ക്കാകാനും കാരണമാകും.