ചൈനയിലെ പ്രതിസന്ധി, മാന്ദ്യ ഭീതി: ലോഹങ്ങളുടെവില സമ്മര്‍ദത്തില്‍


ഹരീഷ് വി.പ്രധാന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യം കാരണം വിലകളില്‍ വന്‍തോതിലുള്ള കുതിപ്പിനു സാധ്യതയില്ല.

Photo: Gettyimages

വന്‍കിട ഉപഭോക്താവായ ചൈനയില്‍ നിന്നുള്ള കുറഞ്ഞ ഡിമാന്റും ആഗോളതലത്തിലെ മാന്ദ്യഭീതിയും യുഎസ് ഡോളറിന്റെ മുന്നേറ്റവും അടിസ്ഥാന ലോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉത്പന്ന വിലകളില്‍ കുതിപ്പുണ്ടായിരുന്നു. വിലയിടിവാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി.

സീറോ കോവിഡ് നയം തുടരുന്നതനാല്‍ വ്യാവസായിക ലോഹങ്ങളുടെ ഡിമാന്റ് ചൈനയില്‍ കുത്തനെ തകര്‍ന്നു. അടച്ചിടല്‍ തുടരുന്നതു കാരണം ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ കാര്യമായ കുറവുണ്ടായി. അതോടെ ആഗോള തലത്തില്‍ അടിസ്ഥാന ലോഹങ്ങളുടെ വിലകള്‍ തിരുത്തല്‍ നേരിട്ടു.ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും അടിസ്ഥാന ലോഹങ്ങളുടെ ഡിമാന്റിനെ ബാധിച്ചു. ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് വിപണികളിലൊന്നാണ് ചൈനയിലേത്. ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ്. ഭവന വില്‍പനയില്‍ 60 ശതമാനം ഇടിവു രേഖപ്പെടുത്തിയ പ്രതിസന്ധി അവരുടെ ചരിത്രത്തിലെ ഏറ്റവും വലുതാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന് ബില്യണ്‍ കണക്കിന് ചിലവഴിക്കാനുള്ള ചൈനയുടെ പുതിയ തീരുമാനമൊന്നും അടിസ്ഥാന ലോഹങ്ങളുടെ വിലയെ ഇതുവരെ താങ്ങിയിട്ടില്ല. വന്‍തോതില്‍ സര്‍ക്കാര്‍ പണം ചിലവഴിക്കുന്ന ഉദാരീകരണവും, നികുതിയിളവുകളും പലിശയിളവുമെല്ലാം പ്രഖ്യാപിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയെ താങ്ങി നിര്‍ത്താനുള്ള ശ്രമത്തിലാണ് ചൈന.

അടിസ്ഥാന സൗകര്യവികസനത്തിനും ഈരംഗത്തെ നിക്ഷേപത്തിനും ബാങ്കുകളെ പ്രേരിപ്പിക്കാന്‍ ചൈനാ സര്‍ക്കാര്‍ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒടുവില്‍ പ്രഖ്യാപിച്ച 300 ബില്യണ്‍ യുവാന്‍ പദ്ധതിക്കു പുറമെയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറുടമയിലുള്ള ഊര്‍ജോത്പാദന കമ്പനികളോടും പ്രാദേശിക ഭരണകൂടങ്ങളോടും ബോണ്ടു വില്‍പന നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം നടപടികള്‍കൊണ്ടൊന്നും ഗുണമുണ്ടാവുകയില്ലെന്നാണ് വ്യാപാരികള്‍ കരുതുന്നത്.

ആഗോള പലിശ നിരക്കുകളിലുണ്ടായ കൂടിയതോതിലുള്ള വര്‍ധനയും അടിസ്ഥാന ലോഹവിലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടുത്ത വിലക്കയറ്റമാണ് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകളെ പലിശ നിരക്കു വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കൂടിയ പലിശ നിരക്ക് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഇത് ഡിമാന്റ് കുറയാന്‍ ഇടയാക്കുകയും ചെയ്യും.

മിക്കവാറും ഉല്‍പന്നങ്ങളുടെ വിലനിര്‍ണയ മാനദണ്ഡം ആയതിനാല്‍ യുഎസ് ഡോളറിന് ആഗോള ഉത്പന്ന വിലകള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്. ഈയിടെ ഉണ്ടായ പലിശ നിരക്കു വര്‍ധനകള്‍ യുഎസ് ഡോളറിനെ 20 വര്‍ഷത്തെ ഏറ്റവും വലിയ ഉയരങ്ങളില്‍ എത്തിക്കുകയുണ്ടായി. ഉത്പന്ന വിലകള്‍ ഡോളറുമായി വിപരീത ബന്ധം കാത്തുസൂക്ഷിക്കുന്നതിനാല്‍ ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ ഇതര കറന്‍സികളിലുള്ള ഉല്‍പന്ന വിലകള്‍ ഉയരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയ്ക്കും അതുവഴി ഡിമാന്റ് കുറയാനും ഇത് കാരണമായിത്തീരുന്നു.

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ വലിയപങ്കും ചൈനയുടെ സംഭാവനയാണ്. അതിനാല്‍ അവരുടെ വളര്‍ച്ച കുറയുന്നതു സംബന്ധിച്ച വിലയിരുത്തലുകള്‍ അടിസ്ഥാന ലോഹ വിലകളില്‍ സമ്മര്‍ദ്ദമുണ്ടാക്കും. വളര്‍ച്ച കുറയുന്ന ചൈനയ്ക്ക് ഉത്പന്നങ്ങളുടെ ഡിമാന്റു വര്‍ധിപ്പിക്കാന്‍ കഴിയില്ല. ലോക ബാങ്കിന്റെ കണ്ടെത്തലുകളനുസരിച്ച് മഹാമാരിയുടെ വ്യാപനം കാരണം 2022ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.3 ശതമാനം കുറയും. എന്നാല്‍, ധനനയത്തില്‍ ഉദാരമായ മാറ്റങ്ങള്‍വരുത്തി 2023 ഓടെ പ്രതിസന്ധി മറികടക്കാന്‍ ചൈനയ്ക്കു കഴിയുമെന്നാണ് ബാങ്കിന്റെ പ്രവചനം. മഹാമാരി നിയന്ത്രണ വിധേയമാവുകയും അഭ്യന്തര നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാകുകയും ചെയ്യുന്നതോടെ ഉത്തേജക നടപടികളിലൂടെ മുന്നേറ്റംസാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന സംഭരണശാലകളിലെ സ്റ്റോക്ക് കുറവും കൂടിയ വൈദ്യുതി നിരക്കും കാരണം ഉത്പാദനത്തിലുണ്ടായ ഇടിവും ഹ്രസ്വ കാലയളവില്‍ വിലകള്‍ക്കു താങ്ങാകും. പ്രധാന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യം കാരണം വിലകളില്‍ വന്‍തോതിലുള്ള കുതിപ്പിനു സാധ്യതയില്ല.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Crisis in China, recession fears: Metals prices under pressure


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented