ചൈനയിൽനിന്നുള്ള ഡിമാന്റ് കുറവിൽ തട്ടിത്തടഞ്ഞ് ലോഹവില


ഹരീഷ് വി.

ചൈനീസ് സമ്പദ് വ്യവസ്ഥ മഹാമാരിയുടെ മുമ്പുള്ള വളർച്ചാനിലവാരത്തിലേക്കു തിരിച്ചെത്തിയെങ്കിലും വർധിച്ച ചിലവുകളുമായി മല്ലിടുകയാണ് ബിസിനസ് മേഖല.

Photo: Gettyimages

ചൈനയിൽനിന്നുള്ള ദുർബലമായ സാമ്പത്തിക കണക്കുകളും, ലോകമെങ്ങും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയും യുഎസ് ഡോളറിന്റെ കരുത്തും വ്യാവസായിക ഉൽപന്നവിലകളുടെ തിളക്കത്തിന് മങ്ങലേൽപിച്ചിരിക്കയാണ്.

ചൈനയിൽ നിന്നുള്ള ഡിമാന്റിൽവന്ന കുറവാണ് അടിസ്ഥാന ലോഹങ്ങളിലും ഊർജ്ജ ഉൽപന്നങ്ങളിലും ഈയിടെ ഉണ്ടായ തിരുത്തലിന്റെ അടിസ്ഥാനകാരണം. ചൈനീസ് സമ്പദ് വ്യവസ്ഥ മഹാമാരിയുടെ മുമ്പുള്ള വളർച്ചാനിലവാരത്തിലേക്കു തിരിച്ചെത്തിയെങ്കിലും വർധിച്ച ചിലവുകളുമായി മല്ലിടുകയാണ് ബിസിനസ് മേഖല.

വിതരണതടസങ്ങൾ ഇതിനുപുറേമയും. അണുബാധയിലുണ്ടായ വർധന പുതിയ നിയന്ത്രണങ്ങൾക്കു കാരണമാവുകയും ഫാക്ടറികളേയും കടുത്തവേനലിന്റെ പിടിയിൽപെട്ട വ്യവസായ മേഖലയിലെ ഉൽപാദനത്തേയും ബാധിക്കുകയും ചെയ്തു.

തീവ്രകാലാവസ്ഥയും രാജ്യത്തുടനീളം പുതുതായി ആരംഭിച്ച കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ കഴിഞ്ഞമാസങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ താഴ്ചയിലേക്കുനയിച്ചു. ഫാക്ടറി പ്രവർത്തനങ്ങൾ, ചില്ലറ വിൽപന, കയറ്റുമതി, നിക്ഷേപ കണക്കുകൾ തുടങ്ങിയവയെല്ലാം സൂചിപ്പിച്ചത് വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ പിന്നോട്ടടിക്കുന്നതായാണ്.

ചൈനയുടെ വ്യാവസായിക ഉൽപാദനം ജൂലൈയിൽ പ്രതീക്ഷിച്ച 7.8 ശതമാനത്തിനു പകരം 6.4 ശതമാനമേ ഉയർന്നുള്ളു. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. ചില്ലറവിൽപന കണക്കുകളിലും ഈവ്യതിയാനം കാണാം. ജൂലൈയിൽ പ്രതീക്ഷിച്ച 11.5 ശതമാനത്തിനു പകരം 8.5 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്.

സാമ്പത്തികവിദഗ്ധരും ഗവേഷണസ്ഥാപനങ്ങളും ചൈനയുടെ സാമ്പത്തികവളർച്ച സംബന്ധിച്ച കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തിത്തുടങ്ങി. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ വൻകിട നിക്ഷേപ ബാങ്കുകൾ ചൈനയുടെ ജിഡിപി വളർച്ചാനിരക്ക് 8.6-8.9 ശതമാനമായി കണക്കാക്കിയിരുന്നെങ്കിലും പിന്നിടത് 8.2-8.3 ശതമാനമേ ഉണ്ടാവൂ എന്നാണ് വിലയിരുത്തിയത്. ചൈനയുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് അശുഭ കാഴ്ചപ്പാട് പ്രചരിക്കാൻ തുടങ്ങിയതോടെ മറ്റുപലരും ഇത്തരം കണക്കുകൾ കൊണ്ടുവന്നു. മുൻവർഷത്തെയപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക മേഖല 2021ന്റെ ഒന്നാംപകുതിയിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി.

അടിസ്ഥാനലോഹങ്ങളും ഇന്ധനവും ഉൾപ്പടെ പല വ്യാവസായിക ഉൽപന്നങ്ങളുടേയും ഏറ്റവുംവലിയ ഉപഭോക്താവാണ് ചൈന. വ്യാവസായിക പ്രവർത്തനങ്ങളിൽ വ്യാപകമായുണ്ടായ മാന്ദ്യം സൂചിപ്പിക്കുന്നത് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗതിവേഗം നഷ്ടപ്പെടുന്നു എന്നാണ്. ഇതോടെ വ്യാവസായിക ഉൽപന്നങ്ങളിൽ നിക്ഷേപിക്കാൻ നിക്ഷേപകർക്കു താൽപര്യംകുറഞ്ഞു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വ്യാവസായിക ഉൽപന്നങ്ങൾക്ക് വർഷത്തിന്റെ ആദ്യപകുതിയിൽ വിപണിയിൽനിന്നും നല്ല പിന്തുണലഭിച്ചു. മഹാമാരിയെത്തുടർന്നു ഡിമാന്റിലുണ്ടായകുറവ് ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ പ്രതീക്ഷയിൽ പരിഹരിക്കപ്പെട്ടതാണ് കാരണം. അതിവേഗത്തിലുണ്ടായ ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് ഡിമാന്റ് വർധിക്കുകയും അടിസ്ഥാന ലോഹങ്ങൾക്കു ക്ഷാമം നേരിടുമോ എന്ന പ്രതീതി ജനിക്കുകയും ചെയ്തു.

എന്നാൽ, ഈയിടെ അടിസ്ഥാന ലോഹങ്ങൾ, ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ എന്നിവയ്ക്ക് പകിട്ട് നഷ്ടമായത് പ്രധാനമായും ചൈനയിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതുകൊണ്ടാണ്. അടിസ്ഥാന ലോഹങ്ങെളുടെ കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ചെമ്പിന് നാലുമാസത്തെ ഏറ്റവും വലിയ വിലക്കുറവാണുണ്ടായിട്ടുള്ളത്.

നിക്കൽ, ലെഡ് എന്നിയ്ക്കും സമാനമായ അനുഭവമുണ്ടായി. എണ്ണ സൂചികയായ നയ്മെക്സിൽ ക്രൂഡോയിൽവില കാര്യമായി താഴെപ്പോയത് ഏഷ്യൻ ഡിമാന്റിൽ വന്നകുറവും ആഗോളതലത്തിൽ കൂടുതൽ എണ്ണ ഉൽപാദനംനടക്കും എന്നപ്രതീക്ഷയും കാരണമാണ്. എന്നാൽ സർക്കാർ നയങ്ങളും വൻകിട ചൈനീസ് കമ്പനികൾ ഏർപ്പെടത്തിയ ഉൽപാദന നിയന്ത്രണങ്ങളും കാരണം അലുമിനിയംവില മുന്നോട്ടുപോയി.

കരുത്തു വീണ്ടെടുത്ത യുഎസ് ഡോളറും ഉൽപ്പന്ന വിലകളെ പിന്നോട്ടുതള്ളുന്നു. യുഎസ് കറൻസി ശക്തിയാർജ്ജിക്കുമ്പോൾ ഡോളർഇതര കറൻസി കൈവശമുള്ളവർ ഉൽപന്നങ്ങൾക്കു കൂടുതൽ വില നൽകേണ്ടിവരും. ഇത് ഡിമാന്റിനേയും വിലകളേയും പ്രതികൂലമായി ബാധിക്കും. പ്രധാനപ്പെട്ട ആറ് ഇതര കറൻസികൾക്കെതിരെ കണക്കാക്കപ്പെടുന്ന ഡോളർ സൂചിക കഴിഞ്ഞമാസം ഒമ്പതുമാസങ്ങൾക്കിടയിലെ ഏറ്റവും വലിയ ഉയരത്തിലെത്തി. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആസന്നമായ കുതിപ്പിനെക്കുറിച്ചുുണ്ടായ ശുഭപ്രതീക്ഷയായിരുന്നു കാരണം.

ലോഹ വിലകളുടെ കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രക്ഷുബ്ധാവസ്ഥ അൽപകാലത്തേക്കു തുടരുമെന്നാണു കണക്കാക്കേണ്ടത്. എന്നാൽ ചൈനീസ് ഡിമാന്റിൽ പെട്ടെന്നുവീണ്ടെടുപ്പുണ്ടായാൽ പുതിയ കുതിപ്പിനു സാധ്യതയുമുണ്ട്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022

Most Commented