കോവിഡ് മഹാമാരിയുടെ ആഘാതത്തെ മറികടക്കാന്‍ 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചു. 

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില്‍ 12.1 ടണ്‍ സ്വര്‍ണമാണ് വിറ്റത്. മൂന്‍വര്‍ഷത്തെ ഇതേപാദത്തില്‍ 141.9 ടണ്‍ സ്വര്‍ണം വാങ്ങിയ സ്ഥാനത്താണിത്. 

ഉസ്‌ബെകിസ്താന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വര്‍ഷത്തിനിടെ ആദ്യമായി സ്വര്‍ണം വിറ്റഴിച്ചു. തുര്‍ക്കിയിലെയും ഉസ്‌ബെക്കിലെയും കേന്ദ്ര ബാങ്കുകള്‍ യഥാക്രമം 22.3 ഉം 34.9ഉം ടണ്‍ സ്വര്‍ണമാണ് വിറ്റത്. വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ രാജ്യങ്ങള്‍ കാര്യമായ നേട്ടമുണ്ടാക്കുകയുംചെയ്തു. 

ഇടിഎഫിലെ നിക്ഷേപ വര്‍ധന നടപ്പുവര്‍ഷം സ്വര്‍ണത്തിന്റെ ആവശ്യകതവര്‍ധിക്കാന്‍ സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും മുന്‍വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടാന്‍ സഹായിച്ചിരുന്നു.  

സ്വര്‍ണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയില്‍ ആവശ്യകത കുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. നിലവില്‍ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് പകുതിയായി. ചൈനയിലെ സ്വര്‍ണാഭരണ ഉപഭോഗത്തിലും വന്‍ ഇടിവുണ്ടായി. 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള സ്വര്‍ണത്തിന്റെ വിതരണത്തില്‍ മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്.

Central banks sell gold for first time in decade as virus bites