കൊച്ചി: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വർധിച്ച് ബാരലിന്‌ 70.82 ഡോളറായി. 2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ആക്രമണം കാരണം എണ്ണപ്പാടത്തിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാൻ ഇടയാക്കിയത്.

അതിനിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായി. ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയിൽ തിങ്കളാഴ്ച പെട്രോൾ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല.

എന്നാൽ, വില വൻതോതിൽ കുറഞ്ഞുനിന്നപ്പോൾ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം.

Brent crude has crossed $70