മാസങ്ങളായി ഭക്ഷ്യ എണ്ണയുടെ ചില്ലറ വില കുതിക്കുകയാണ്. സൺ ഫ്‌ളവർ ഓയിൽ ലിറ്ററിന് 170 രൂപയിലെത്തിയിരിക്കുന്നു. പാമോയിൽ, റൈസ് ബ്രാൻ ഓയിൽ, സോയാബീൻ ഓയിൽ എന്നിവയുടെ വിലയും 150 രൂപ നിലവാരത്തിലാണ്.

ലോക്ക് ഡൗണിനെതുടർന്ന് വിതരണത്തിലും ഉപഭോഗത്തിലും കുറവുണ്ടായിട്ടും എന്തുകൊണ്ടായിരിക്കും ഭക്ഷ്യ എണ്ണയുടെ വിലയിൽ 75ശതമാനത്തിലേറെ കുതുപ്പുണ്ടായത്? ഉപഭോക്തൃ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പെട്ടന്നൊരുദിവസമുണ്ടായ വിലവർധനവല്ല ഇതെന്ന് മനസിലാക്കാം. 2020 ജനുവരി മുതൽ നേരിയതോതിൽ വിലവർധിച്ചുകൊണ്ടിരുന്നു. 

ലഭിച്ചത് മികച്ച വിളവ്
സോയാബീൻ, സൺ ഫ്‌ളവർ എന്നിവ ഉൾപ്പടെയുള്ളവയുടെ കൃഷിയിൽ ഈകാലയളവിൽ കാര്യമായ വർധനവാണുണ്ടായത്. 2020 ഖാരിഫ് സീസണിൽ 10ശതമാനമാണ് കൃഷിയിലുണ്ടായ വർധന. കുടിയേറ്റതൊഴിലാളികൾ ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചെത്തിയത് കൃഷിക്ക് ഗുണകരമായി. താങ്ങുവിലയിലെ വർധന മിതമായതോതിലുമായിരുന്നു.

ലോക്ഡൗണിനെതുടർന്ന് റെസ്‌റ്റോറന്റുകൾ പൂട്ടിയിട്ടത് ഡിമാൻഡ് കുറയാനിടയാക്കിയകാര്യം ഓർക്കണം. ലഭ്യതവർധിക്കുകയും ആവശ്യകത കുറയുകയും ചെയ്തിട്ടും ഭക്ഷ്യ എണ്ണയുടെ വില കുതിക്കാനെന്തായിരിക്കും കാരണം? 

വില്ലൻ ഇറക്കുമതിതന്നെ
രാജ്യത്തെ എണ്ണക്കുരു ഉത്പാദനം ആഭ്യന്തര ആവശ്യത്തേക്കാൾ വളരെ കുറവാണ്. ആവശ്യത്തിനുള്ള 60ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പാം ഓയിൽ, സോയാബീൻ, സൺ ഫ്‌ളവർ എന്നിവയുടെ ആഗോള വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് മൂലമുള്ള തൊഴിൽ ക്ഷാമവും ആഗോള ഉത്പാദനത്തെ ബാധിച്ചു. വിതരണമേഖലയിലെ പ്രശ്‌നങ്ങളും അതോടൊപ്പംചേർന്നപ്പോൾ വില കുത്തനെ ഉയർന്നു.

വരൾച്ചയും കോവിഡും
കഴിഞ്ഞവർഷം മാർച്ച് മുതലാണ് സൺഫ്‌ളവർ ഓയിലിന്റെ വിലവർധിക്കാൻ തുടങ്ങിയത്. ഘട്ടംഘട്ടമായി 125ശതമാനത്തോളം വർധനവുണ്ടായെങ്കിലും പിന്നീട് നേരിയതോതിൽ കുറയുകയുംചെയ്തു. സൺഫ്‌ളവർ വിത്ത് ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കുന്നരാജ്യം ഉക്രെയിനാണ്. രണ്ടാംസ്ഥാനത്ത് റഷ്യയുമാണ്. ഏറ്റവുംകൂടുതൽ സൺഫ്‌ളെവർ ഓയിൽ ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. 

കാലാവസ്ഥ വ്യതിയാനം, മലേഷ്യയിലെ തൊഴിൽക്ഷാമം, ഇന്തോനേഷ്യയിലെ ഇന്ധനപ്രതിസന്ധി എന്നിവയാണ് പാംഓയിലിന്റെ വിലവർധനവിന് കാരണമായത്. ഈ രണ്ട് രാജ്യങ്ങളുമാണ് അസംസ്‌കൃത പാം ഓയിൽ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. കൂടിയ ഡിമാൻഡ് പാംഓയിൽ വില ഇനിയും കൂട്ടുമെന്നാണ് വിലയിരുത്തൽ. 

വിലവർധന മറ്റ് എണ്ണകളിലേക്കും
സോയാബീൻ, സൺഫ്‌ളവർ, പാം ഓയിൽ എന്നിവയുടെ വിലവർധനമൂലം ബദലുകൾതേടാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. ഡിമാൻഡ് വർധിച്ചതോടെ മറ്റ് എണ്ണകളുടെ വിലയും വർധിക്കാനിടയായി. 100 രൂപ നിലവാരത്തിലുണ്ടായിരുന്ന റൈസ് ബ്രാൻ ഓയിലിന്റെ വില 150ന് മുകളിലായി. വെളിച്ചെണ്ണയുടെവില നേരത്തെതന്നെ ഉയർന്നനിലയിലായതിനാൽ എടുത്തുപറയത്തക്ക വർധനപ്രതിഫലിച്ചില്ല. 

കേന്ദ്ര സർക്കാർ താരിഫ് കുറയ്ക്കുന്നില്ലെങ്കിൽ ഹ്രസ്വകാലത്തേയ്‌ക്കെങ്കിലും വിലയിൽ കുറവുണ്ടാകാനിടയില്ല. വില ഉയർന്നുനിൽക്കുന്നതിനാൽ കർഷകർ ഈമേഖലയിലേയ്ക്ക് തിരിയുമെന്ന് കരുതാം. അങ്ങനെയെങ്കിൽ ദീർഘകാലയളവിൽ വിലവ്യതിയാനത്തിന് കാരണമായേക്കാം.