ന്ന് ക്ലാസിലെ സഹപാഠിയായ പെൺകുട്ടിയുടെ കല്യാണമായിരുന്നു. വിദ്യാർഥികൾ വലിയ ഉത്സാഹത്തിലും സന്തോഷത്തിലുമായിരുന്നു. പെൺകുട്ടികൾ അണിയേണ്ട ഡ്രസ്സിനെക്കുറിച്ചും യാത്രാസൗകര്യങ്ങളെക്കുറിച്ചും കൂട്ടുകാരിക്ക് കൊടുക്കേണ്ട വിവാഹ സമ്മാനത്തെക്കുറിച്ചും ചെയ്യുന്ന ചർച്ചകൾ ചിലതൊക്കെ എന്റെ ശ്രദ്ധയിലും പെടുന്നുണ്ടായിരുന്നു.

പിരിവെടുത്ത് അവർ സമ്മാനം  വാങ്ങിക്കുകയും ചെയ്തു. ചിലർ കോളേജിൽ എത്തിയതിനുശേഷം ഒരുമിച്ചും  മറ്റ് ചിലർ നേരിട്ടും വിവാഹപ്പന്തലിൽ എത്തി. വധു സമ്പന്നകുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് ചടങ്ങ്  നഗരത്തിലെ പ്രശസ്തമായ ഓഡിറ്റോറിയത്തിലായിരുന്നു. രാവിലെ പത്തരമണിക്ക് നടന്ന വിവാഹച്ചടങ്ങുകൾക്ക്‌ ശേഷം ഭക്ഷണം കഴിക്കുന്നിടത്ത് ചെന്നപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ചായയും ബിസ്‌കറ്റും മാത്രം. ചായ താത്‌പര്യമില്ലാത്തവർക്ക് കാപ്പിയുമുണ്ടായിരുന്നു.

വധൂവരന്മാരെ ആശംസിക്കുവാനായി സ്റ്റേജിൽ കയറിയപ്പോൾ ചായ കുടിച്ചോ എന്ന് വധു എല്ലാവരോടും ചോദിക്കുന്നുമുണ്ടായിരുന്നു. വാടിയ മുഖത്തോടെ കുട്ടികൾ ഉച്ചകഴിഞ്ഞുള്ള  ക്ലാസിനായി കോളേജിൽ എത്തിയപ്പോൾ കാന്റീനിലെ ഉച്ചഭക്ഷണത്തിന്റെ സമയവും കഴിഞ്ഞിരുന്നു. പിന്നെ കിട്ടിയ സമൂസയും കഴിച്ച് കുട്ടികൾ ക്ലാസിൽ എത്തിയപ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ വിവാഹത്തിന് പോവാൻ പറ്റാതിരുന്ന മറ്റൊരു വിദ്യാർഥി ക്ലാസിലിരിപ്പുണ്ടായിരുന്നു. അവൻ കല്യാണത്തിന് പോകാൻ സാധിക്കാഞ്ഞതിൽ ഖേദം പ്രകടിപ്പിച്ചു. കൂട്ടുകാർ പറഞ്ഞു, ‘നീയാടാ ഭാഗ്യവാൻ സമയത്ത് ഭക്ഷണം കഴിച്ചല്ലോ’.  

ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അത് ഓണം പോലുള്ള സാമൂഹ്യ ആഘോഷങ്ങളോ വിവാഹംപോലുള്ള സ്വകാര്യ ആഘോഷങ്ങളോ ആവാം.  മനുഷ്യൻ സാമൂഹ്യജീവിയായതുകൊണ്ടും ഒറ്റപ്പെട്ടിരിക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ടും ഇവയിലെല്ലാം പങ്കുചേരുന്നു.  എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണമാണ് ഇതിലെ പ്രധാന ഘടകം. വിവാഹത്തിലെയും മറ്റ് ആഘോഷങ്ങളുടെയും ധൂർത്ത് ഒഴിവാക്കണമെന്നും ആഘോഷച്ചെലവ് കുറച്ച് പാവങ്ങളെ സഹായിക്കണമെന്നുമുള്ള വാദം നിലവിലുണ്ട്. അത് ശരിയുമാണ്.

പാവപ്പെട്ടവർക്ക് മറ്റൊരു പ്രത്യേക സ്ഥലത്ത് ഭക്ഷണം ഒപ്പം വിളമ്പുന്നവരും അതുതന്നെ വലിയ പബ്ളിസിറ്റിക്ക് ആയി ഉപയോഗിക്കുന്നവരും ആരും അറിയാതെ പാവങ്ങൾക്ക് അന്നദാനം വിവാഹത്തോടനുബന്ധിച്ച് നൽകുന്നവരുമുണ്ട്.  വിവാഹധൂർത്ത് നമ്മുടെ നാട്ടിൽ ഏറിവരികയാണ് എന്നതിന് രണ്ടുപക്ഷമില്ല. അത്  നിയന്ത്രണവിധേയമാക്കേണ്ടത് ആവശ്യമാണ്. ഞാൻ ചെലവാക്കുന്നത് ആവശ്യത്തിനോ അനാവശ്യത്തിനോ പൊങ്ങച്ചം കാണിക്കാൻ ആയിട്ടാണോ എന്ന് ആഘോഷങ്ങൾ ആഡംബരമാക്കുന്നതിന് മുമ്പ് ആലോചിക്കുക.

ആവശ്യത്തിന്  ഭക്ഷണം ഉചിതമായ രൂപത്തിൽ നൽകുന്നത് നല്ലതാണ്.  ഒരു എം.എൽ.എ. യുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ കണ്ടത് വളരെ ഹൃദ്യമായി തോന്നി. മുപ്പതിനായിരം പേർക്കാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്. ഫ്രൈഡ് റൈസും ചിക്കനും അൽപ്പം പച്ചക്കറികളും മാത്രം. ചിലർ കഴിച്ചു. ചിലർ ആശംസകൾ മാത്രം അർപ്പിച്ച് കടന്നുപോയി. മറ്റു ചിലർ വെള്ളം മാത്രം കുടിച്ചു. ചുരുക്കത്തിൽ സമയവും സാഹചര്യവും അനുവദിക്കുന്നതുപോലെ ഓരോരുത്തരും ഭക്ഷണം കഴിച്ചും അല്ലാതെയും വിവാഹപ്പന്തലിലെത്തി വധൂവരന്മാരെ ആശംസിച്ചു.

ഇന്ന് ആഡംബര കല്യാണങ്ങൾ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ ഏറ്റെടുത്ത് നടത്തുന്നു. വളർന്നുവരുന്ന സേവന, ബിസിനസ് രംഗമാണ് ഇവന്റ് മാനേജ്‌മെന്റ്‌. കല്യാണത്തിനുള്ള ക്ഷണക്കത്ത് അച്ചടിക്കുന്നതുമുതൽ വധൂവരന്മാരുടെ ഹണിമൂൺ ട്രിപ്പ് വരെ ഇവരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ബന്ധുമിത്രാദികൾക്ക് ഒരുങ്ങിച്ചമഞ്ഞ് നിന്നുകൊടുത്താൽ മതി. ചെലവേറെയാണെന്നത് യാഥാർത്ഥ്യമാണ്.

പക്ഷേ ഓരോരുത്തരുടെയും ബജറ്റ് അനുസരിച്ചുള്ള വിവിധ പാക്കേജുകളും   ഇവരുടെ കൈവശമുണ്ട്. എന്നാൽ അച്ഛൻ മരിച്ചിട്ടുവേണം ആണ്ട് അല്ലെങ്കിൽ ചാത്തം  ആഘോഷമായി നടത്താൻ എന്ന് ചിന്തിക്കുന്ന  നിലവാരത്തിലേക്ക്  മക്കൾ തരം താഴരുത് .

കാർഷിക സാമ്പത്തിക ശാസ്ത്രരംഗത്ത് വളരെ സംഭാവന നൽകിയ നൊേബൽ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് തിയോഡോർ വില്യം  ഷൾട്‌സ്. വികസിത സാമ്പത്തികശാസ്ത്രത്തെ ഭക്ഷ്യ ഉത്‌പാദനവുമായി ബന്ധിപ്പിച്ച് ഭക്ഷ്യസുരക്ഷിതത്വം സാമ്പത്തികപുരോഗതിയിലേക്ക് വഴിതുറക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.  ഭക്ഷണ ഉത്‌പാദനവും വിതരണവും ഒരു സാമ്പത്തികശാസ്ത്ര വിഷയമാണ്.

ഭക്ഷ്യസുരക്ഷിതത്വ ബില്ല് പാസാക്കിയതിന്റെ പശ്ചാത്തലവും സാമ്പത്തികസുരക്ഷിതത്വത്തിലേക്കുള്ള  ഒരു ചുവടുവയ്പാണ്. കാർഷികരംഗവും വ്യാവസായികതലവും തമ്മിലുള്ള അഭേദ്യമായ ബന്ധവും സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നു. കാർഷികോത്‌പാദനമെന്നത് കേവലം ഭക്ഷ്യോത്‌പാദനമല്ല. അത് സ്ഥിരവും ദൃഢവുമായ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ്. ഈ കണ്ണിയിൽ തന്നെയാണ് ഭക്ഷണവ്യവസായവും കടന്നുവരുന്നത്.

വിശക്കുന്നവന്റെ മുന്നിൽ ദൈവം ഭക്ഷണമായാണ് വരുന്നത് എന്ന പഴമൊഴിയും സാന്ദർഭികമായി ഓർക്കാം.  ജീവിതം ഒരു ആഘോഷമാണെങ്കിൽ ആഘോഷം തന്നെ ഭക്ഷണമാണ്. നല്ല ഭക്ഷണം ലഭിച്ചാൽ പ്രവൃത്തിയിൽ ഉത്സാഹം നിറയും. അതിന് ജീവിതത്തോട് തന്നെ തികഞ്ഞ അടുപ്പവും ഇഷ്ടവും വേണം.

അപരനെയും ഊട്ടാനുള്ള ചങ്കുറപ്പുണ്ടാവണം. ഒരു ചാൺ വയറിനുവേണ്ടി പണിയെടുക്കുന്നു എന്ന ചിന്താഗതിയിൽനിന്ന് മനുഷ്യൻ ഏറെ മാറി.. ഭക്ഷണം മരുന്നാണ്, മരുന്ന് ഭക്ഷണംതന്നെയാണ് എന്ന പ്രകൃതിസ്നേഹ ചിന്തയും ചേർത്തുവയ്ക്കാം. മാർക്ക് ട്വയിനിന്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന്റെ ഒരു രഹസ്യം ഇഷ്ടമുള്ളത് ഭക്ഷിക്കാനാവുന്നതിലാണ്. നല്ല ഭക്ഷണമില്ലെങ്കിൽ ഒരാൾക്ക് നന്നായി ചിന്തിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ സാധിക്കില്ല.  അതുകൊണ്ട് ഭക്ഷണവും ഡൗൺലോഡ് ചെയ്യാനുള്ള സാങ്കേതികവിദ്യക്കായി കാത്തിരിക്കാം.