പ്രഭാതത്തിൽ വീടിന്റെ ഉമ്മറത്തുള്ള കോളിങ്ബെൽ കേട്ടാണ് ഞാൻ കതകു തുറന്നത്. വാതിൽക്കൽ, അയൽപക്കത്ത്‌ പുതുതായി താമസം തുടങ്ങിയ സുഹൃത്ത്:  ‘‘ടീച്ചർ എന്റെ ഭാര്യയെ ഒന്ന് പുറത്തിറക്കാൻ സഹായിക്കാമോ...?’’  മനോജും ഭാര്യ ലിനുവും  എന്റെ സുഹൃത്തുക്കളും കൂടിയാണ്. വളരെ നാളുകളായി അവർ ദുബായിലായിരുന്നു. ഇപ്പോൾ അടുത്ത നാളുകളിലാണ് നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തോടെ അവർ വീടുപണിത് താമസം തുടങ്ങിയത്.

മനോജ് സ്വന്തമായി ബിസിനസ് ചെയ്യുന്നു.  ലിനു ദുബായിൽ ലൊജിസ്റ്റിക്സ് ഡിപ്പാർട്ടുമെന്റിൽ ആണ് ജോലി ചെയ്തിരുന്നത്. രണ്ടു മക്കൾ.  അവരുടെ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട് ലിനു ഇത്രയും ദിവസം തിരക്കിലായിരുന്നു. ഇപ്പോൾ എല്ലാം ശരിയായി. അവർ സ്കൂളിൽ പോയിത്തുടങ്ങി. ‘‘ഇനി എന്റെ ഭാര്യയെക്കൂടി ഒന്ന് എൻഗേജ്ഡ് ആക്കണം. അവൾ നല്ല കഴിവുകൾ ഉള്ള  ഒരാളാണ്. അത് കേവലം വീട്ടിനകത്ത് തളച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഇരുന്നുപോയാൽ സാമ്പാറും അവിയലും മാത്രമുണ്ടാക്കി അവളുടെ ജീവിതം ഞങ്ങളുടെ കൊച്ചുലോകത്തിലേക്ക് ഒതുങ്ങി മുരടിച്ചുപോവും.’’ ഭർത്താവായ മനോജിന്റെ സ്വരം ആത്മാർത്ഥതയുടേതായിരുന്നു.

‘ഭാര്യയും കൂടി ജോലിക്കുപോയി കഴിയേണ്ട ആവശ്യമൊന്നും ഞങ്ങൾക്കില്ല’ എന്നു ചിന്തിച്ചിരുന്ന പഴഞ്ചൻ ചിന്താരീതിയിൽനിന്ന് നമ്മുടെ കുടുംബങ്ങൾ ഏറെ മാറി. ‘നിനക്കിവിടെ എന്തിന്റെ കുറവാണുള്ളത്?’ എന്നു ചോദിച്ചിരുന്ന ധാർഷ്ട്യന്മാരായ ഭർത്താക്കന്മാർ ഇപ്പോൾ വിരളമാണ്. കല്യാണമാലോചിക്കുമ്പോഴേ മിക്കവരും ജോലിയും വിദ്യാഭ്യാസവുമുള്ള പെണ്ണിനെപ്പറ്റി ചിന്തിച്ചുതുടങ്ങി. ഇതിന്റെ കാരണം  നമ്മുടെ സാമൂഹ്യവും സാമ്പത്തികവുമായ ചിന്താഗതിയിൽ വന്ന മാറ്റമാണ്.  

 പക്ഷേ, തൊഴിലിടങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള പഠനം വളരെ ദുഖകരമായ അവസ്ഥകളാണ് കണ്ടെത്തുന്നത്. സാമ്പത്തികശാസ്ത്ര രംഗത്ത് ഈ മേഖലയിൽ സൈദ്ധാന്തികമായ പഠനങ്ങൾ നടത്തിയത് ഗ്രേ ബക്കറാണ്.

 അദ്ദേഹത്തിന്റെ  പുതിയ ഗാർഹിക സാമ്പത്തികശാസ്ത്രം സ്ത്രീ ചെലവഴിക്കുന്ന തൊഴിൽസമയവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയെങ്കിലും വീട്ടുജോലികൾക്ക് യാതൊരു കുറവും വരുന്നില്ല. എന്നാൽ, ഒരു സമയബന്ധിത മൂല്യനിർണയം കണക്കിലെടുക്കുമ്പോൾ, ഗാർഹിക ജോലികൾ ഇപ്പോഴും വിപണിയിതര വ്യവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്

 മാർസാലോവിന്റെ പ്രചോദനാന്മക സിദ്ധാന്തം മാനേജ്‌മെന്റ് രംഗത്തും മനഃശാസ്ത്ര രംഗത്തും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതനുസരിച്ച് ഒരു വ്യക്തിയുടെ ആവശ്യങ്ങൾ ശാരിരികം, സാമൂഹികം, വൈകാരികം എന്നിങ്ങനെ വിവിധ തലങ്ങൾ കടന്ന്  ജീവിതത്തിന്റെ ആത്മസാക്ഷാത്‌കാരത്തിന്റെ തലം വരെ എത്തിനിൽക്കുന്നു. ഈ തലത്തിലേക്കെത്താനുള്ള വനിതകളുടെ പരിശ്രമത്തിന്റെ ഫലങ്ങൾ ഏറെ പ്രശ്നപൂരിതവും വില നിർണയിക്കാനാവാത്തതുമാണെന്ന് ഗ്രേ സമർഥിക്കുന്നു.

ബാങ്കിങ് നേതൃത്വ രംഗത്ത് അരുന്ധതി ഭട്ടാചാര്യയെ പോലെയോ  സാങ്കേതികവിദ്യാ രംഗത്ത് ഐ.ബി.എമ്മിന്റെയും എച്ച്. ബി.യുടെയുമൊക്കെ സാരഥികളെ പോലെയോ തൊഴിൽരംഗത്ത് വളർന്ന  വനിതകളുണ്ട്. ഫോർബ്‌സ് കമ്പനിക്ക്  അവരുടെ നാന്നൂറിലധികം വരുന്ന വനിതാ സി.ഇ.ഒ.മാരുടെ ലിസ്റ്റാണുള്ളത്.

എന്നാൽ, ഈ ഉയർന്ന ശ്രേണികളിലെല്ലാം  മലയാളി വനിതകളുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. തൊഴിലിടങ്ങളിലെ സ്ത്രീയുടെ വർധിച്ച പങ്കാളിത്തത്തിനും സാമൂഹ്യപരമായ ദൃശ്യതയ്ക്കും ഒരു കാരണം സ്ത്രീവിദ്യാഭ്യാസ രംഗത്ത് വിവേചനമില്ലാതെ മുന്നേറാൻ നമുക്ക് സാധിച്ചതാണ്. ഒരു ഗുണഭോക്താവ് എന്ന നിലയിൽനിന്ന് സാമൂഹിക നിർമിതിയിലേക്ക് സംഭാവന ചെയ്യാനുള്ള കഴിവിലേക്കുള്ള വളർച്ചയാണ് ശാക്തീകരണമെന്നു പറയുന്നത്.  അടുക്കളപ്പണി എന്നും സാമ്പത്തിക ശാസ്ത്രത്തിൽ അദൃശ്യ തൊഴിലാവുകയും വേതനമില്ലാതാവുകയും ചെയ്യുന്നു.
 
ചെയ്യുന്നതൊന്നും കാണപ്പെടാത്തതും ചെയ്യാത്തതെല്ലാം കാണപ്പെടുന്നതും ആകുന്നു എന്നതാണ് അടുക്കളജോലിയുടെ ഒരു പ്രത്യേകത. കുടുംബം സ്ത്രീക്ക് ഏറെ പ്രിയപ്പെട്ടതായതു കൊണ്ട് അവിടെയും പരമാവധി ഊർജവും സമയവും നൽകാനുള്ള പരിശ്രമത്തിൽ, ഉദ്യോഗസ്ഥരായ സ്ത്രീകളുടെ വൈകാരിക പക്വത ഏറെ ഉലയുന്നുണ്ട്. വീട്ടമ്മ മാത്രമായുള്ള സ്ത്രീകൾക്ക് നിഷേധാന്മക ആത്മച്ഛായ കൂടുതലായതിനാൽ അത് സൃഷ്ടിക്കുന്ന ശൂന്യതയും സാമ്പത്തിക പരാധീനതയും ഏറെ വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.  
 
പുരുഷനാൽ സാമ്പത്തികമായി സംരക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് സാമ്പത്തിക മേഖലയിൽ മറ്റൊരു പ്രതിഭാസമാവുന്നത്. വളരെ  താഴ്ന്ന വരുമാനമുള്ളവരും വീട്ടുജോലിക്കായി പല വീടുകളിൽ പണിയെടുക്കുന്നവരുമായ സ്ത്രീകൾ മുതൽ മുകൾശ്രേണിയിലേക്കു വരെ ഇതു പ്രകടമാണ്. സ്വയംതൊഴിൽ അഥവാ സംരംഭകത്വ മേഖലയിലും സ്ത്രീസാന്നിദ്ധ്യം സജീവമാണ്.  വനിതാ മൈക്രോ സംരംഭകർക്ക് വായ്പ കിട്ടാൻ എളുപ്പമുള്ളതിനാലും ഉയർന്ന തിരച്ചടവും സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങളും ഉള്ളതുകൊണ്ടും ധാരാളം പേർ ഈ രംഗത്തേക്ക് സ്വയം കടന്നുവരികയോ മറ്റുള്ളവരാൽ നിർബന്ധിതരാക്കപ്പെടുകയോ  ചെയ്യുന്നുണ്ട്.  
 
മാത്രവുമല്ല, സാമ്പത്തികമായി സ്വതന്ത്രയാവണമെന്നുള്ള അവളുടെ ആഗ്രഹവും ഇതിനു വഴിതെളിക്കുന്നു. സ്ത്രീയുടെ സാമ്പത്തിക രംഗത്തുള്ള സംഭാവന അളക്കുമ്പോൾ, വേതനവും ഗാർഹിക ജോലികളുടെ മൂല്യവും സമയമൂല്യവും ഒക്കെ കണക്കിലെടുക്കണം. അപ്പോഴാണ് സ്ത്രീശക്തിയുടെ സാമൂഹിക മൂലധനം മനസ്സിലാകുന്നത്. അടുത്ത തലമുറയിലേക്ക് വിദ്യ പകർന്നുനൽകാൻ വിദ്യാസമ്പന്നയായ സ്ത്രീ എടുക്കുന്ന പരിശ്രമങ്ങളും കൂട്ടിച്ചേർത്തു വായിക്കാവുന്നതാണ്. കാരണം, ഒരു രാജ്യത്തിന്റെ വളർച്ച അവിടത്തെ സ്ത്രീയുടെ പദവിയുമായി ഏറെ ബന്ധപ്പെട്ടാണിരിക്കുന്നത്.