മെഘാൻ മാർക്കിൾ എന്ന പതിനൊന്നു വയസ്സ് പ്രായമുള്ള പെൺകുട്ടി ഒരു പരസ്യത്തിനെതിരേ നടത്തിയ  ചെറിയ ഇടപെടലുകളെക്കുറിച്ച്  ‘മാറ്റത്തിന്റെ വാഹകരാവൂ’ എന്ന പേരിൽ ഒരു അതീവഹൃദ്യമായ ഒരു ഹ്രസ്വ വിഡിയോ ഉണ്ട്. ഒരിക്കൽ ഒരു സോപ്പ് ലായനിയുടെ പരസ്യം ടി.വി.യിൽ കാണിച്ചത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. ‘അമേരിക്കയിലെ എല്ലാ സ്ത്രീകളും അടക്കളയിൽ പാത്രങ്ങളും എണ്ണമെഴുക്കുമായി മല്ലടിക്കുന്നു’ എന്നതായിരുന്നു ആ പരസ്യത്തിന്റെ തലവാചകം. ഇത് സ്ത്രീയെ മാത്രം സംബന്ധിക്കുന്ന വിഷയമാവുന്നതെങ്ങനെ എന്നതായിരുന്നു അവളുടെ സംശയം.

അവളുടെ ക്ലാസിലെ രണ്ട് ആൺകുട്ടികൾ പരസ്യത്തിനനുകൂലമായ നിലപാടുകളെടുത്തുകൊണ്ട് പറഞ്ഞു: ‘അടുക്കള സ്ത്രീകളുടെ മാത്രം ലോകമാണ്. അതുകൊണ്ട്, പാത്രം കഴുകുന്ന ഈ സോപ്പ് ലായനിയുടെ ഉപയോഗവും സ്ത്രീയെ മാത്രം സംബന്ധിക്കുന്നതാണ്’. 
 
പക്ഷേ, ആ പരസ്യവാചകം ശരിയല്ലെന്നു പറഞ്ഞ് അവൾ ഹിലരി ക്ലിന്റൺ ഉൾപ്പെടെ ഉയർന്ന നേതാക്കൾക്കും സോപ്പ് കമ്പനിയടെ മേലധികാരികൾക്കും  കത്ത് എഴുതി. എല്ലാവരിൽനിന്നും അവൾക്ക് അനുകൂലമായ മറുപടി ലഭിച്ചുവെന്ന് മാത്രമല്ല, ആ സോപ്പുകമ്പനി ഉടൻതന്നെ പരസ്യവാചകവും മാറ്റി.  ‘അമേരിക്കയിലെ എല്ലാ ആളുകളും പാത്രം കഴുകാൻ പുതിയ സോപ്പ് ലായനി ഉപയോഗിക്കൂ’ എന്നതായിരുന്നു പരസ്യത്തിന്റെ പുതിയ തലവാചകം. 
 
‘വെറും പതിനൊന്ന് വയസ്സ് മാത്രമുള്ളപ്പോൾ തനിക്ക് ഇത് സാധിച്ചെങ്കിൽ, മാറ്റത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഏതൊരു പെൺകുട്ടിക്കും ഉണ്ടാവണമെന്നും അതിനായി പരിശ്രമിക്കുമ്പോൾ സമൂഹത്തക്കുറിച്ച് നിയതമായ ദർശനമുള്ള സ്ത്രീകളുണ്ടാവും’ എന്ന ആഹ്വാനത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് എല്ലാ വർഷവും മാർച്ച് എട്ടാം തീയതി ആഗോളവ്യാപകമായി ‘വനിതാദിനം’ ആചരിക്കുന്നു. ഈ ദിനാചരണം പ്രാബല്യത്തിൽ വന്നതിന്റെ  പിന്നിൽ ഒരുപാട് ചരിത്രനിമിഷങ്ങളുണ്ട്. തയ്യൽ തൊഴിലാളി രംഗത്തും കെട്ടിടനിർമാണ മേഖലയിലും കുറഞ്ഞ വേതനനിരക്കിൽ കൂടുതൽസമയം പണിയെടുക്കാൻ നിർബന്ധിതരായ സാഹചര്യത്തിനെതിരേ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച സ്ത്രീകളുടെ നിശ്ചയദാർഢ്യമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് കാരണമായത്. പിന്നീട്

ദേശത്തിന്റെ അതിരുകൾക്കതീതമായി ഇത് വളർന്നു. 1857 മുതൽ നടത്തിയ പോരാട്ടങ്ങൾ 1975 ൽ ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ തുടർന്നു. 
‘ജൻഡർ ഇക്കണോമിക്സ്’ എന്ന സാമ്പത്തികശാസ്ത്ര ശാഖയാണ് ഈ രംഗത്തുള്ള പഠനങ്ങൾ നടത്തുന്നത്. സാമ്പത്തിക വികസനത്തിൽ സ്ത്രീയുടെ പങ്കാളിത്തം വികസന നയരൂപവത്കരണവുമായി ബന്ധപ്പെട്ടാണ് വിലയിരുത്തുന്നത്.  സാമ്പത്തിക ശാസ്ത്രത്തിൽ വളർച്ചയും വികസനവും രണ്ട് അർത്ഥങ്ങളിലാണ് ഉപയോഗിക്കുന്നത്.

വളർച്ചയെന്നത് ആഭ്യന്തര ഉത്‌പന്നത്തിന്റെ ഉത്‌പാദനത്തിലെ വളർച്ചയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, വികസനമെന്നത് ‘ക്ഷേമം’ എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉത്‌പാദനം വർദ്ധിക്കുന്നതോടൊപ്പം ജീവിതനിലവാരത്തിലുള്ള വളർച്ചയും ലിംഗസമത്വവും സുസ്ഥിര വികസനവും വികസനത്തിന്റെ സൂചികകളാണ്. ക്ഷേമം എന്ന സംജ്ഞയിൽ സംഖ്യാരൂപത്തിൽ അളക്കാനാവുന്നതും അല്ലാത്തതുമായ ഘടകങ്ങളുണ്ട്.

ഈ വർഷത്തെ വനിതാ ദിനാചരണത്തിന്റെ മുഖ്യപ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ‘പുരോഗതിക്കായി സമ്മർദം ചെലുത്തൂ’ എന്നതാണ്. ആര്, ആരുടെ മേലാണ് സമ്മർദം ചെയുത്തേണ്ടത് എന്ന സ്വാഭാവിക ചോദ്യമുയരുന്നു. ആദ്യത്തെ തലം അവനവനോടു തന്നെയാണ്. സ്വയം ശക്തീകരണം ആവശ്യമാണെന്നുള്ള സ്ത്രീയുടെ ബോധ്യവും അതിനായുള്ള പരിശ്രമവും പ്രധാനപ്പെട്ടതാണ്. അത് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികമായ ഇടപെടലുകളിലൂടെയും ഒരു സ്ത്രീ സ്വന്തമാക്കേണ്ടതാണ്. മെച്ചപ്പെട്ട ജീവിതം വേണമെന്ന് സ്വയം ആഗ്രഹിക്കുന്നിടത്തു നിന്നാണ് ഇതിനു തുടക്കമിടുന്നത്.  

രണ്ടാമത്തേത്, വിവിധ ഏജൻസികളും സംവിധാനങ്ങളുമായി ചേർന്നുള്ള കൂട്ടായ പ്രവർത്തനങ്ങളാണ്. ബാഹ്യസമ്മർദം നൽകിയാൽ മാത്രം സാധിക്കുന്ന വിഷയങ്ങളിൽ ഈ സംവിധാനങ്ങളെ  ഏകീകരിച്ചും ബലപ്പെടുത്തിയും സംഘാതമായി പുരോഗതി കൈവരിക്കണം. പരപ്രേരണ കൂടാതെ അവസരങ്ങൾ കണ്ടെത്തി വളരുന്ന പ്രൊ ആക്ടീവ് രീതിയും പ്രശ്നാധിഷ്ഠിതമായ പ്രതിപ്രവർത്തനം അഥവാ ‘റിയാക്ടീവ്’ രീതിയും ഒന്നിച്ച് പരസ്പരപൂരകമെന്ന രീതിയിൽ പ്രാവർത്തികമാക്കണം.. 
 
ലോകസാമ്പത്തിക ഫോറത്തിന്റെ  2017-ലെ പഠനമനുസരിച്ച് ഇപ്പോഴും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സംഘടിതവും അസംഘടിതവുമായ തൊഴിൽമേഖലകൾ, വരുമാനം എന്നിവയിൽ പല രാജ്യങ്ങളിലും സ്ത്രീപുരുഷസമത്വത്തിന്റെ കാര്യത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല.  

പ്രൈമറി ക്ലാസുകളിൽ ചേരുന്ന കാര്യത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിലേക്ക്‌ എത്തുന്നവരുടെ എണ്ണത്തിൽ പല രാജ്യങ്ങളിലും അസമത്വും നേരിടുന്നുണ്ട്. സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുമായ തലങ്ങളിൽ വിവേചനം തുടരുകയാണ്. കാരണം സമത്വമെന്നത് കേവലം ശാരീരികമോ ബൗദ്ധികമോ വൈകാരികമോ ആയ സമത്വമല്ല, മറിച്ച് മാന്യതയിലുള്ള സമത്വമാണ്.  മാന്യതയെന്നത് ആർജിച്ചെടുക്കേണ്ടതും അറിഞ്ഞ് നൽകേണ്ടതുമാണ്. 

ഇക്കാര്യത്തിൽ കുടുംബഘടന മുതൽ നയരൂപവത്കരണ സമിതിയിലെ പങ്കാളിത്തം വരെയുള്ള തലങ്ങളിൽ നൂറ്റാണ്ട് പിന്നിട്ട പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തുല്യത, ക്ഷേമം, ശാക്തീകരണം തുടങ്ങിയ പതിവ് ലക്ഷ്യങ്ങളിൽനിന്ന് ഒരുപടി കൂടി മുന്നോട്ടു കടന്ന് പുരോഗതിക്കായി സമ്മർദം ആവശ്യമാണ് എന്ന് ആശയപരമായി ഈ വർഷത്തെ വനിതാദിനാചരണം മുന്നോട്ടുവയ്ക്കുന്നു.  

അറുതോളം രാജ്യങ്ങളിൽ ഇപ്പോൾ നവംബർ പത്തൊൻപതും മറ്റു രാജ്യങ്ങളിൽ വ്യത്യസ്ത തീയതികളിലും ‘പുരുഷദിനം’ ആചരിക്കുന്നുണ്ട്.  അതിന്റെ ആഗോള വ്യാപനത്തിനായും കാത്തിരിക്കാം.