‘എല്ലാവരും എന്റെ മകളെ കുറ്റപ്പെടുത്തുന്നു ടീച്ചർ. അവൾ 94 ശതമാനം മാർക്കോടെയാണ് പ്ലസ് ടു പാസായത്. സയൻസ് വിഷയങ്ങളിൽ ഒന്നിലും വലിയ താത്‌പര്യമില്ല. മാനവിക വിഷയങ്ങളോടാണ് താത്‌പര്യം. അതുകൊണ്ട് സാമ്പത്തികശാസ്ത്രം മുഖ്യവിഷയമായെടുത്ത് ബി.എ. ഇക്കണോമിക്സിന് ചേർന്നു. പക്ഷേ, ഇപ്പോൾ ബന്ധുക്കളൊക്കെ പറയുന്നത് ഇത്രയും മാർക്കുള്ളവർ ബി.എ.യ്ക്ക് പോവില്ല എന്നാണ്.

നന്നെ മാർക്ക് കുറഞ്ഞ കുട്ടികളുടെ കൂട്ടത്തിലേ മറ്റുള്ളവർ പരിഗണിക്കൂ എന്നും അവർ പറയുന്നു. എന്റെ മകൾ ഇപ്പോൾ വലിയ ദുഃഖത്തിലാണ്. പത്താംക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിനുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തപ്പോഴും ബന്ധുക്കളുടെ പ്രതികരണവും ഇതുതന്നെയായിരുന്നു. ടീച്ചർ ഒന്ന് അവളെ സഹായിക്കുമോ?’ ഇത് എനിക്ക് കിട്ടിയ ഒരു ഫോൺ കോൾ സംഭാഷണമായിരുന്നു. ഞാൻ പറഞ്ഞു, ‘സാരമില്ല നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ഇതേ ചോദ്യം നേരിട്ടവളാണ് ഞാൻ. അത് അന്ന് ഇതുപോലെ സ്കൂളിൽനിന്ന് ഉന്നതമാർക്കോടെ പാസായി ഇക്കണോമിക്സിന് ചേർന്നപ്പോഴായിരുന്നു.’

സമൂഹത്തിന്റെ ചിന്താഗതിയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വിദേശരാജ്യങ്ങളിൽച്ചെന്ന് എന്നെ പരിചയപ്പെടുത്തേണ്ട സന്ദർഭങ്ങളിൽ ഇക്കണോമിക്സ് പ്രൊഫസർ എന്നു പറയുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന വലിയ അദ്ഭുതവും ബഹുമാനവും ഏറ്റുവാങ്ങിയ നിമിഷങ്ങൾ ധാരാളമുണ്ട്. ഇവിടെ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലാതെ കഴിയുന്നു. എന്നാൽ അടുത്തകാലത്തായി ചെറിയ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധനീയമാണ്. 

സാമ്പത്തികശാസ്ത്രം ദൈനംദിനജീവിതത്തിൽനിന്ന് അടർത്തിമാറ്റാനാവാത്തവിധം ഇഴചേർന്നിരിക്കുന്ന മാനവിക വിഷയമാണ്. ഓരോ വർത്തമാനപത്രവും ഈ വിഷയത്തിന് കൊടുക്കുന്ന പ്രാധാന്യം വലുതാണ്. എല്ലാ ദിവസവും സാമ്പത്തികം എന്ന പേജുതന്നെ മുഖ്യധാരാ പത്രങ്ങൾക്കുണ്ട്. ആഴ്ചയിൽ ഒരു സ്പെഷ്യൽ പതിപ്പുമുണ്ട്. കൂടാതെ,  പ്രത്യക്ഷമായും പരോക്ഷമായും എല്ലാ വാർത്തകൾക്കു പിന്നിലും സാമ്പത്തികമുണ്ട്. എല്ലാ ടെലിവിഷൻ ചാനലുകൾക്കും സമയബന്ധിതമായ തരത്തിൽ പ്രത്യേക സാമ്പത്തിക പ്രോഗ്രാമുമുണ്ട്. 

സാമ്പത്തികശാസ്ത്ര വിഷയങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്ക് ബാങ്കിങ്, ഇൻഷുറൻസ്, സ്റ്റോക്ക് ബ്രോക്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ജോലി ലഭിക്കും. സിവിൽ സർവീസ്, ഗവേഷണം, ജേണലിസം, അദ്ധ്യാപനം തുടങ്ങിയ സേവനമേഖലകളിൽ താത്‌പര്യമുള്ളവർക്ക് മാനവികവിഷയങ്ങൾ ഉത്തമമാണ്. അവയിൽത്തന്നെ സാമ്പത്തികശാസ്ത്രത്തിനാണ് കൂടുതൽ വിദ്യാർഥികൾ ചേരുന്നത്. ഐ.എ.എസ്., ഐ.ഇ.എസ്. എന്നീ ഉന്നതശ്രേണീപദവികൾ, അംബാസഡർമാർ, നയതന്ത്രജ്ഞർ, രാഷ്ട്രനേതാക്കൾ,  സാമ്പത്തിക ഉപദേഷ്ടാക്കൾ, മാനേജ്‌മെന്റ് കൺസൽട്ടന്റ്‌സ്‌,  ബിസിനസ് അനലിസ്റ്റ്, സ്റ്റാറ്റിസ്റ്റീഷ്യൻ എന്നിങ്ങനെ നിരവധി തൊഴിൽസേവന അവസരങ്ങളാണ് സാമ്പത്തികശാസ്ത്ര വിദഗ്ധരെ തേടിയെത്തുന്നത്.

ഞ്ചായത്തിലെ ചെറിയതസ്തിക മുതൽ ഐക്യരാഷ്ട്രസഭയിലെ ഉന്നതതസ്തിക വരെ മാനവിക വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരെ കാത്തിരിക്കുന്നു. ലെജിസ്ലേറ്റീവ്,  ജുഡീഷ്യറി, എക്സിക്യുട്ടീവ് എന്നീ ഭരണസിരാകേന്ദ്രങ്ങളിൽ എത്തിപ്പെടാനും നേതൃപരിശീലനം മൂലം മാനവികവിഷയ വിദ്യാർഥികൾക്ക് എളുപ്പം സാധിക്കുന്നു. 

ഭാരതത്തിലെ മിക്കവാറും എല്ലാ കോളേജിലും ഈ വിഷയം പഠിപ്പിക്കുന്നുണ്ട്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, പുണെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ്, സിംബയോസിസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് ചെന്നൈ, കാൺപൂർ ഐ.ഐ.ടി., ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ്, തിരുവനന്തപുരത്ത സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവ അന്താരാഷ്ട്രതലത്തിൽ ഈ രംഗത്ത് പ്രശസ്തിനേടിയ സ്ഥാപനങ്ങളാണ്.

മെട്രിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾ സാമ്പത്തികശാസ്ത്രപഠനത്തിന്റെ ഭാഗമായതുകൊണ്ട് കണക്കിൽ താത്‌പര്യമുള്ള വിദ്യാർഥികൾക്ക് കൂടുതൽ പ്രശോഭിക്കാൻ പറ്റിയ വിഷയമാണിത്.

സാമ്പത്തികമെന്നത് അനുദിനജീവിതത്തെ അടിമുടി ചുറ്റിപ്പറ്റി നിൽക്കുന്ന വിഷയമാണ്. സാമ്പത്തിക വിദഗ്ധരാണ് ലോകം ഭരിക്കുന്നത്. മാനവിക വിഷയങ്ങളിലെ നിത്യഹരിത വിഷയമായാണ് സാമ്പത്തികശാസ്ത്രത്തെ പരിഗണിക്കുന്നത്. നവലിബറലിസത്തിന്റെ ഈ കാലഘട്ടത്തിൽ ലോകത്തിനൊപ്പം ഇന്ത്യയും കുതിക്കുമ്പോൾ ഇൻഷുറൻസ് മേഖല, കാർഷിക മേഖല, ഗ്രീമീണവികസനം, ആരോഗ്യപരിപാലനം, വ്യവസായികവളർച്ച, കമ്പോള ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകൾ മത്സരിച്ചു വളരുമ്പോൾ സാമ്പത്തികശാസ്ത്രം ഇതിനോടെല്ലാം ഇഴചേർന്നുനിൽക്കുന്ന ഒന്നാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികൾ അവയുടെ സ്ഥിരം കോഴ്‌സുകൾക്കു പുറമെ, സാമ്പത്തികശാസ്ത്രവും തുടങ്ങിയത് ഈ കോഴ്‌സുകൾക്കുള്ള പ്രചാരം കണ്ടിട്ടാണ്.

എൻജിനീയറിങ്, എ.ബി.എ. പാഠ്യപദ്ധതിയിലും സിലബസിലും സാമ്പത്തികശാസ്ത്രത്തിന്റെ ചില പേപ്പറുകൾ ഉൾപെടുത്തിയിട്ടുമുണ്ട്. സാമ്പത്തികശാസ്ത്ര ഗവേഷണരംഗത്തേക്കും ബാങ്കിങ് മേഖലയിലേക്കും ജോലിക്കായി എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന എൻജിനീയർമാരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്.  

ഓരോ വിദ്യാർഥിയും മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച്‌ ഉയരേണ്ടവർ മാത്രമാവരുത്. അവരുടെ അഭിരുചികളും താത്‌പര്യവും മനസ്സിലാക്കിക്കൊണ്ടുള്ള സമീപനമാണ് വേണ്ടത്. കുട്ടികളുടെ പഠനം രക്ഷിതാക്കളുടെ താത്‌പര്യത്തിനും നിർദേശത്തിനും അനുസരിച്ചാവുമ്പോൾ ബോധവത്കരിക്കേണ്ടത് രക്ഷാകർത്താക്കളെയാണ്. കുട്ടികളുടെ ഭാവിയുടെ അനന്തസാധ്യതകളെയും വളർച്ചയെയും മുതിർന്നവരുടെ അറിവിന്റെ പരിമിതിക്കുള്ളിൽ തളച്ചിടാൻ പരിശ്രമിക്കരുത്. മരത്തിൽ കയറാനുള്ള പ്രാഗത്ഭ്യം നോക്കി മത്സരത്തിന്റെ കഴിവിനെ അളക്കരുതെന്ന ആൽബർട്ട് ഐൻസ്റ്റീന്റെ ചിന്തയും കൂട്ടിവായിക്കാം.