ണ്ടാം വർഷ ബിരുദ വിദ്യാർഥികളുമായി ഒരു വൃദ്ധമന്ദിരം സന്ദർശിക്കാൻ പോയ സംഭവം ഓർക്കുന്നു... പഠനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ആ സന്ദർശനം. കോളേജിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററോളം നടന്നാൽ അവിടെയെത്താം. വിദ്യാർഥികൾ കൂട്ടത്തോടെ മുന്നിലും ഞാൻ അവരിൽനിന്ന്  അൻപതടി പിറകിലുമായാണ് നടന്നത്.  പതിവുപോലെ അവർ വളരെ ആഹ്ലാദഭരിതരായിരുന്നു. അതിനാൽത്തന്നെ തപ്പുകൊട്ടിയും പാട്ടുപാടിയും ഭാരതമാതായ്ക്ക് ജയ് വിളിച്ചുമാണ് നടന്നത്.

 അവർക്ക് നൽകിയ നിർദേശം ‘പ്രായമായവരോട് അധികം അങ്ങോട്ട് സംസാരിക്കാതെ, അവർക്ക് പറയാനുള്ളത് കേൾക്കുക’ എന്നതായിരുന്നു. ആകെ ഒരു മണിക്കൂറായിരുന്നു വിദ്യാർഥികൾക്ക് അനുവദിച്ചുകൊടുത്തത്. തുടർന്ന് തങ്ങൾ കൊണ്ടുവന്നിരുന്ന പഴവർഗങ്ങളൊക്കെ നൽകി തിരിച്ചുപോന്നു.  പതിവുപോലെ വിദ്യാർഥികൾ മുന്നിലും ഞാൻ അമ്പതടി പിന്നിലുമായി നടന്നു. എല്ലാവരുംതന്നെ മ്ലാനവദനരായിരുന്നു. ക്ലാസിലെ ആൺകുട്ടികളിലൊരാൾ പറഞ്ഞു: ‘മിസ്സ് ഒറ്റയ്ക്കാണ്’. തുടർന്ന് അവരിൽ മൂന്നുപേർ എന്നോടൊപ്പം നടന്നു. അങ്ങോട്ട് പോയപ്പോൾ ‘മിസ്സ് ഒറ്റയ്ക്കാണ്’ എന്ന് അവർക്ക് തോന്നിയില്ല. എന്നാൽ, ഒറ്റപ്പെട്ടുപോയവരുടെ ദുഖം അവരുടെ വികാരങ്ങളെ മാറ്റിയിരുന്നു.

തിരിച്ചു ക്ലാസിലെത്തി. ആൺകുട്ടികളുൾപ്പെടെ അക്ഷരാർഥത്തിൽ കരഞ്ഞുതുടങ്ങി. ഞാൻ പറഞ്ഞു: ‘ഇങ്ങനെ കരയാനല്ല ഞാൻ നിങ്ങളെ അവിടെ കൊണ്ടുപോയത്. എല്ലാവരുടേയും ദുഃഖം നമുക്ക് മാറ്റാനാവില്ല. നിങ്ങളുടെ വീട്ടിൽ രണ്ടുപേരുണ്ട് നിങ്ങളുടെ അച്ഛനും അമ്മയും. അവരോടൊപ്പം ഇന്ന് അര മണിക്കൂറെങ്കിലും സംസാരിക്കണം. അവർക്ക് പറയാനുള്ളത് നിശ്ശബ്ദം കേൾക്കണം. എന്നിട്ടു മാത്രമേ നിങ്ങളുടെ വാട്‌സ് ആപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും ഇന്ന് പോകാവൂ. ഈ ഹോംവർക്ക് തരാനാണ് ഞാൻ ഇത് ചെയ്തത്.’

ജീവിതയാത്രയിൽ തലമുറകൾ തമ്മിലുള്ള വിടവിന് സാമ്പത്തികമാനം വളരെയധികമുണ്ട്. മാതാപിതാക്കൾ പണമുണ്ടാക്കുന്നതും ചെലവഴിക്കുന്നതുമായ രീതികൾ മക്കൾക്കും മക്കളുടേത് തിരിച്ച് മാതാപിതാക്കൾക്കും സ്വീകാര്യമാവുന്നില്ല. അതിനാൽത്തന്നെ ഈ മേഖലയിലുള്ള ആശയിനിമയം ചുരുങ്ങി മറ്റു പല തലങ്ങളിലേക്കും വ്യാപിച്ച്, സംസാരംതന്നെ ഇല്ലാതാവുന്നു. ഫെയ്സ് ബുക്കിൽ അയ്യായിരം  സുഹൃത്തുക്കൾ ഉള്ളവർക്ക് വീട്ടിലുള്ളവരോട് മിണ്ടാൻ ഒന്നുമില്ലാതാവുന്നു.

തോമസ് മാൻ രചിച്ച ‘ബുഡൻബ്രൂക്സ്’ എന്ന വിഖ്യാത നോവൽ മൂന്ന് തലമുറകളുടെ സാമ്പത്തിക രൂപവത്‌കരണ-വിനിമയ രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യത്തെ തലമുറ സാമ്പത്തികമായി കരകയറാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്ത് പണമുണ്ടാക്കി. രണ്ടാമത്തെ തലമുറയ്ക്ക് സാമ്പത്തിക ഭദ്രതയുണ്ടായിരുന്നതിനാൽ അവർ സമൂഹത്തിൽ സ്ഥാനവും പദവിയും കിട്ടാൻ ഉതകുന്ന കാര്യങ്ങളിലേർപ്പെട്ടു.

എങ്ങനെയെങ്കിലും പ്രശസ്തിയും അംഗീകാരവും നേടണം എന്നതായിരുന്നു അവരുടെ സ്വപ്നം. മൂന്നാമത്തെ തലമുറയ്ക്ക് പണവും പ്രശസ്തിയും ഉണ്ടായിരുന്നതിനാൽ കലയിലും സംഗീതത്തിലും താത്‌പര്യമേറി. ഇവർ പരസ്പരം പഴിചാരുന്നതും സ്വാഭാവികമായി. ഏറ്റവും രസകരമായ വസ്തുത, ഈ മുന്നു കൂട്ടർക്കും ‘അവരുടെ മുൻഗാമികൾ ശരിയല്ലായിരുന്നു’ എന്ന മനോഭാവ‌മാണ്‌  ഉണ്ടായിരുന്നത് എന്നതാണ്. ഇന്നും സമാനമായ ചിന്താഗതിയുള്ളവരെ നമ്മൾ കണ്ടുമുട്ടുന്നു.

 ഈ മൂന്നു തലമുറകളെയും കോർത്തിണക്കിയ നോവലിൽ നിന്നുകൂടി ആശയങ്ങളുൾക്കൊണ്ടാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡബ്ല്യു.ഡബ്ല്യു. റോസ്റ്റോ തന്റെ സാമ്പത്തിക വളർച്ചാ സിദ്ധാന്തം രൂപവത്‌കരിച്ചത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ സിദ്ധാന്തവും സാമ്പത്തിക വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും പടവുകളെയും കോർത്തിണക്കുന്നതാണ്.

കഷ്ടപ്പെട്ട് പണമുണ്ടാക്കിയ മാതാപിതാക്കൾ മക്കളുടെ സാമ്പത്തിക വിനിയോഗത്തിൽ ഏറെ അസ്വസ്ഥരാണ്. അവർക്കെപ്പോഴും ‘മക്കൾക്ക് പിടിപ്പില്ല’ എന്ന പരാതിയാണ്. മക്കൾ എന്തു സാധനം വാങ്ങിക്കൊണ്ടു വന്നാലും അതിന്റെ വിലയെയും ഗുണമേന്മയെയും കുറിച്ച് എപ്പോഴും പരാതിപ്പെടുന്നു. അത് അസഹനീയമായപ്പോഴാണ് അച്ഛനെ വൃദ്ധമന്ദിരത്തിലാക്കിയതെന്ന് അവിടെ കണ്ടുമുട്ടിയ ഒരു വൃദ്ധന്റെ മകൻ പിന്നീട് പറഞ്ഞു. പക്ഷേ, ഇപ്പോൾ തന്റെ മക്കൾ തന്നോട് യാതൊരു സാമ്പത്തിക കാര്യവും സംസാരിക്കാതായപ്പോഴാണ്  ‘അച്ഛനായിരുന്നു ശരി’ എന്ന് മനസ്സിലാക്കിയത്.

ജീവിക്കാൻ പണം വളരെ അത്യാവശ്യ ഘടകമാണ്. എന്നാൽ, പണമല്ല ബന്ധങ്ങളാണ് വലുത് എന്നു മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും. അതുകൊണ്ട് വൃദ്ധമന്ദിരങ്ങളുടെ എണ്ണം ഏറുന്നു. ആധുനിക ജോലിയുടെ പ്രത്യേകതമൂലം ദൂരെയായിരിക്കാൻ വിധിക്കപ്പെട്ട മക്കൾക്ക് ഇതല്ലാതെ മറ്റു പോംവഴികളിലില്ലാത്തതിനാൽ ഗുണമേന്മയും സന്തോഷവും നൽകുന്ന വൃദ്ധമന്ദിരങ്ങൾ അനുഗ്രഹവുമാണ്. അതിനോടു താദാന്മ്യപ്പെടാനുള്ള മാനസിക വളർച്ചയും പക്വതയും നേടിയെടുക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ, വാശിയുടെയും മറ്റും പേരിൽ അവരെ അവിടെ ആക്കിയതിനുശേഷം ‘അച്ഛനായിരുന്നു ശരി’ എന്നു പരിതപിച്ചിട്ട്‌ കാര്യമില്ല.

തലമുറകൾ തമ്മിൽ മാത്രമല്ല, സഹോദരന്മാർ തമ്മിലും വാശിയേറിയ സാമ്പത്തിക മത്സരം കാണാനാവും. ‘എനിക്ക് പണമുണ്ടെങ്കിൽ എല്ലാവരും എന്നെ സഹോദരാ എന്ന് വിളിക്കും’ എന്ന് ഒരു പോളിഷ് പഴഞ്ചൊല്ല് പറയുന്നു. കാരണം, ആഫ്രാ ബെന്നിന്റെ അഭിപ്രായത്തിൽ ‘എല്ലാ രാഷ്ട്രത്തിനും മനസ്സിലാകുന്ന ഭാഷ പണത്തിന്റേതാണ്’.

 ‘എത്ര പണം നിങ്ങൾ ഉണ്ടാക്കിയെന്നല്ല, അത് നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങൾക്ക് എത്രമാത്രം ഉപയോഗിക്കാനാവുന്നുവെന്നും അടുത്ത തലമുറയ്ക്കായി അത് എപ്രകാരം വിനിയോഗിക്കാനാവുമെന്നുമാണ് പഠിക്കേണ്ടത്‌’ എന്ന റോബർട്ട് കിയോസാക്കിയുടെ ചിന്തയും ഇവിടെ പ്രസക്തമാണ്.