പുതുതായി നിയമിതരായ സര്‍ക്കാര്‍ കോളേജ് അധ്യാപകര്‍ക്കായി സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടിയില്‍ പങ്കെടുത്ത അധ്യാപികയുടെ എന്നോടുള്ള ചോദ്യം ഏറെ ചിന്തിപ്പിക്കാനിടയായി. ജീവിതവീക്ഷണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തലമുറകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. അതില്‍ത്തന്നെ എന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അധ്യാപന അനുഭവത്തിന്റെ വെളിച്ചത്തില്‍ യുവാക്കളുടെ സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന വ്യത്യാസമായിരുന്നു കൂടുതല്‍ ചര്‍ച്ച ചെയ്തത്.
‘തലമുറകളുടെ വിടവ്’ എന്ന പ്രയോഗം നമുക്ക് ഏറെ സ്ഥിരപരിചിതമായ പദമാണ്. പ്രത്യേകിച്ച് സാമൂഹികവും സാംസ്കാരികവുമായ തലങ്ങളില്‍ ഇത് ഏറെ പ്രകടവുമാണ്. എന്നാല്‍, സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവങ്ങളിലും സാമ്പത്തികസമീപനത്തിലുള്ള വിടവ് വളരെ ശ്രദ്ധേയമാണ്. മൂന്ന് തലങ്ങളായി നമുക്ക് ഇതിനെ വിശകലനം ചെയ്യാനാവും. ഈ വിഭജനത്തില്‍ ചില അപവാദങ്ങളും ഏറ്റക്കുറച്ചിലുകളും കണ്ടെത്താനാവുമെങ്കിലും ഒരു ശരാശരി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മൂന്നായി തരംതിരിക്കാം.
ആദ്യതലമുറയെ നമ്മള്‍ എണ്‍പതുകളിലാണ് കണ്ടുമുട്ടുന്നത്. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം, മാതാപിതാക്കളുടെ ജീവിതം മെച്ചപ്പെടുത്തണം, അവര്‍ക്കായി നല്ലൊരു വീട് പണിയണം, സഹോദരിമാരുടെ കല്യാണം നടത്തണം, മറ്റ് ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം എന്നിങ്ങനെ പോവുന്ന സ്വപ്നങ്ങള്‍ അവരില്‍ പലരെയും ജോലിതേടി അന്യനാടുകളില്‍ എത്തിച്ചു.
രണ്ടാം തലമുറയെ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് നമ്മള്‍ പരിചയപ്പെടുന്നത്. അവരുടെ മാതാപിതാക്കളിലൂടെ അത്യാവശ്യം മെച്ചപ്പെട്ട ജീവിതനിലവാരം അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ അത് നിലനിര്‍ത്തേണ്ടതും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുമായ ആവശ്യങ്ങളാണ് അവരെ നയിച്ചത്. ജോലിയോടൊപ്പം അല്‍പ്പം സാമ്പാദ്യവും ചെറിയ നിക്ഷേപവും അവരുടെ സാമ്പത്തികസ്വപ്നങ്ങളില്‍ കടന്നുകൂടി.
മൂന്നാമത്തെ തലമുറ ഈ കാലഘട്ടത്തിന്റെ മക്കളാണ്. ജീവിതാസ്വാദനത്തിന് ഉതകുന്ന സോഷ്യല്‍ ലൈഫ് ആണ് അവരുടെ മുന്‍ഗണനകളില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് തത്‌കാലം ഒരു ജോലിയില്‍ പ്രവേശിക്കുക, രണ്ടുകൊല്ലം കഴിയുമ്പോള്‍ അതില്‍നിന്ന് ചാടണം. ഭക്ഷണം, യാത്രകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇവയൊക്കെ ബലഹീനതകളാവുന്ന യുവത്വം. കലാലയ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോഴുള്ള ഇവരുടെ താത്‌പര്യം വര്‍ണനാതീതമാണ്.
സാമ്പത്തികശാസ്ത്രത്തില്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ പ്രതിപാദിച്ച ശാസ്ത്രജ്ഞനാണ് മില്‍ട്ടന്‍ ഫ്രീഡ്മാന്‍. സാമ്പത്തികതിരഞ്ഞെടുപ്പുകള്‍ നടത്താനുതകുന്ന തരത്തില്‍ സുലഭമായി അവസരങ്ങള്‍ ലഭ്യമാക്കണമെന്ന് ’തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ലിബറല്‍ ചിന്തകള്‍ പ്രസ്താവിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളാവട്ടെ ഓരോരുത്തരുടേയും കഴിവുകള്‍ക്ക് അനുയോജ്യമായതും അവരുടെ മൂല്യങ്ങള്‍ നിര്‍ണയിക്കുന്നതിലേക്ക് നയിക്കുന്നതുമാകണമെന്ന് അദ്ദേഹം വാദിച്ചു.
നമ്മുടെ യുവജനതയുടെ കരിയറിലും വിദ്യാഭ്യാസപരമായ തിരഞ്ഞെടുപ്പിലും കുടുംബത്തിന്റെയും മുന്‍തലമുറയുടേയും സ്വാധീനം ക്രമേണ കുറയുകയാണ്. ആധുനിക തലമുറയ്ക്ക് പണം സൃഷ്ടിക്കുന്നതിനേക്കാളുപരി ചെലവാക്കുന്ന കാര്യത്തില്‍ വന്ന മാറ്റമാണ് കൂടുതല്‍ ശ്രദ്ധേയമായിട്ടുള്ളത്. അവരുടെ വ്യക്തിപരമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആത്മസാക്ഷാത്കാരത്തിന് ഉതകുന്നതുമായ പന്ഥാവുകള്‍ അന്വേഷിക്കുകയാണ്.
ഉദാഹരണത്തിന് ഷോര്‍ട്ട് ഫിലിം നിര്‍മിക്കുക എന്നത് ഇന്ന് ഭൂരിഭാഗം കലാലയവിദ്യാര്‍ഥികളുടേയും സ്വപ്നമാണ്.
ഭാരത സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മൂല്യമുള്ള ആസ്തിയും വെല്ലുവിളിയും നമ്മുടെ യുവസമ്പത്താണ്. ലോക സാമ്പത്തികഫോറം നടത്തിയ സര്‍വേ അനുസരിച്ച് ഭാരത യുവത്വം കൂടുതല്‍ സ്വതന്ത്രരും തൊഴില്‍വിപണിയിലേക്ക് തുറവിയുള്ളവരുമാണ്. മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍ തേടുന്നവരും അതിനാവശ്യമായ നിപുണത സ്വായത്തമാക്കാന്‍ പരിശ്രമിക്കുന്നവരുമാണ്. ഓരോ തലമുറയും പണം സമ്പാദിക്കുന്നതും ചെലവാക്കുന്നതും എപ്രകാരമെന്നതിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുമുണ്ട്. അതിനാല്‍ത്തന്നെ യുവജനങ്ങളുടെ സാമ്പത്തിക നിലപാടുകള്‍ വ്യക്തിപരവും ദേശീയപരവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പൊതുനയ രൂപവത്കരണത്തിലും പ്രധാന പങ്കുവഹിക്കുന്നു.