ളരെ സന്തോഷത്തോടെയാണ് ചന്ദ്രന്‍ തന്റെ സുഹൃത്തും ഒരിക്കല്‍ ആശ്രിതനുമായിരുന്ന ദാമോദരന്റെ കൊച്ചുമകന്റെ ജന്മദിനാഘോഷ ചടങ്ങുകള്‍ക്ക് പോയത്. ദാമോദരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പറമ്പില്‍ പണിയെടുത്തിരുന്ന നല്ല കര്‍ഷകനായിരുന്നു. ഇന്ന് ആ പഴയകാലത്തിന്റെ പണവും പ്രതാപവുമൊക്കെ പോയി. തെങ്ങില്‍നിന്ന് കിട്ടിയ നാളികേരത്തിന്റെ എണ്ണത്തിലായിരുന്നു അന്നത്തെ പ്രൗഢി. ഇപ്പോള്‍ തേങ്ങയൊന്നും ഇല്ലാതായി.

മക്കളൊക്കെ ഉദ്യോഗസ്ഥരായി ഓരോ ജോലിചെയ്ത് ജീവിക്കുന്നു. ഇടയ്ക്ക് അവരുടെ വീതമെന്ന നിലയ്ക്ക് കുറച്ച് പണം തനിക്ക് തരും. അതുകൊണ്ട് സ്വസ്ഥമായി കഴിഞ്ഞുപോവുന്നു. ദാമോദരന്റെ കൊച്ചുമോന് എന്തു സമ്മാനം കൊടുക്കുമെന്ന് കുറെ ആലോചിച്ചു. പിന്നീട് ഓര്‍ത്തു, സമ്മാനം പണമായി നല്‍കാം. മകന്‍ ഏല്‍പ്പിച്ച പണത്തില്‍നിന്ന് അഞ്ഞൂറു രൂപയെടുത്ത് ഒരു കവറിലാക്കി ഭദ്രമായി പോക്കറ്റില്‍വച്ച് ചന്ദ്രന്‍ പുറപ്പെട്ടു.

ദാമോദരന്റെ വീട്ടിലെത്തിയ ചന്ദ്രന്‍ അമ്പരന്നു. ഒരു ചെറിയ കല്യാണത്തിന്റെ പ്രതീതി. വീടു മുഴുവന്‍ വര്‍ണാഭമാക്കിയിരിക്കുന്നു. ബന്ധുമിത്രാദികളായി നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ദാമോദരന്റെ മകന്‍ ഗള്‍ഫില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്നു. അവിടെ നിന്നുള്ള സുഹൃത്തുക്കളും ചടങ്ങില്‍ എത്തിയിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഭക്ഷണം വിളമ്പി. ധാരാളം വിലപിടിപ്പുള്ള കളിക്കോപ്പുകള്‍ കുഞ്ഞിന് സമ്മാനമായി കിട്ടി. ആഘോഷത്തിന്റെ ആരവത്തില്‍ താന്‍ കൊണ്ടുവന്ന അഞ്ഞൂറ് രൂപ കൊടുക്കുന്നത് പന്തിയല്ല എന്നു തോന്നിയതുകൊണ്ട് കൊടുക്കാതെ തിരിച്ചുപോന്ന കഥ എന്നോട് പറയുമ്പോള്‍ ചന്ദ്രന്റെ മുഖം നിര്‍വികാരമായിരുന്നു.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അന്തരം എന്നും സാമൂഹികശാസ്ത്രത്തിലെ ഒരു സാമ്പത്തിക വിഷയമാണ്. അതിന് ബൗദ്ധികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ കാരണങ്ങളുമുണ്ട്. ഏറ്റവും സവിശേഷകരമായ വസ്തുത ഈ അന്തരം നിരന്തരം വര്‍ധിക്കുന്നു എന്നതാണ്. സമ്പന്നന്മാര്‍ ദരിദ്രരാവുന്നതും പഴയ ദരിദ്രര്‍ സാമ്പത്തികമായി മുന്നേറുന്നതും നിത്യക്കാഴ്ചയാണ്. വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ഇതുപോലത്തെ പരിണാമമുണ്ട്. ഒരേ കുടുംബത്തിലെതന്നെ സഹോദരന്മാര്‍ തമ്മിലും ബന്ധുക്കള്‍ക്കിടയിലും ഈ അവസ്ഥ കണ്ടെത്താനാവുന്നു.

സാമ്പത്തികശാസ്ത്രത്തില്‍ ഡ്യുയലിസം അഥവാ ദ്വന്ദാവസ്ഥ എന്ന സിദ്ധാന്തം ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ഉടലെടുത്തത്. ഈ ഇരട്ട സാമ്പത്തിക വ്യവസ്ഥിതിക്ക് ഉപോത്ബലകമായി സാമൂഹികപരം, വിദ്യാഭ്യാസപരം, സാമ്പത്തികം, സാങ്കേതികവിദ്യ എന്നിങ്ങനെ വിവിധ മാനത്തിലുള്ള സിദ്ധാന്തങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇതിലെ സാമൂഹികതലത്തിന്റെ ഉപജ്ഞാതാവ് ജി.എച്ച്. ബൊയേക്ക് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു സമൂഹത്തിന്റെ സ്വഭാവം, സംഘടനാ രൂപങ്ങള്‍, മേധാവിത്വം സാമൂഹിക പ്രതിബദ്ധത എന്നിങ്ങനെ പരസ്പരബന്ധിതവും നിര്‍ണായകവുമായ ഘടകങ്ങളിലൂടെ സാമ്പത്തിക വ്യവസ്ഥിതിയുടെ ഘടനയിലും സ്വഭാവത്തിലും വ്യതിയാനങ്ങള്‍ സംഭവിക്കുന്നു.

സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരില്ല. ആ ആഗ്രഹം തെറ്റല്ലതാനും. ഉപരിനന്മയ്ക്കായാണ് മനുഷ്യന്‍ പരിശ്രമശാലിയാവുന്നത്. എന്നാല്‍, മെച്ചപ്പെട്ടുവരുമ്പോഴേക്കും വീണ്ടും വലുതായി അനുഭവപ്പെടുന്ന സാമ്പത്തിക അന്തരം മൂലം സമ്പന്നന്മാര്‍ ദരിദ്രരാവുകയും തിരിച്ചും സംഭവിക്കുന്നു. ഈ സാമ്പത്തിക പ്രതിഭാസം വളര്‍ച്ചയുടെതന്നെ ഭാഗമായി ഉണ്ടാവുന്നതാണ്.

രാജ്യങ്ങള്‍ തമ്മിലുണ്ടാവുന്ന ഈ സാമ്പത്തിക വിടവ് ആഗോള പ്രതിഭാസമാണ്. വരുമാനത്തിന്റെ നല്ലൊരു പങ്ക് ചെറിയ ശതമാനത്തിന്റെ കൈയിലാവുന്നത് അന്താരാഷ്ട്ര പ്രശ്നമാണ്. അതുകൊണ്ട് ഈ വിഷയത്തിലേക്ക് ലോക സാമ്പത്തിക സംഘടനകള്‍ ശ്രദ്ധവയ്ക്കുന്നു. വികസ്വര രാജ്യങ്ങളില്‍ ഇരട്ട സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ സാധ്യതകളുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണ്ടെത്തലുകളനുസരിച്ച് ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ളത് ഭാരതത്തിലും ചൈനയിലുമാണ്. ഇവയ്ക്ക് ജനപ്പെരുപ്പമനുസരിച്ചുള്ള സാമ്പത്തികവളര്‍ച്ച നേരിടാനായില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനവിഭാഗത്തെ ദരിദ്രര്‍, ഇടത്തരക്കാര്‍, സമ്പന്നര്‍ എന്നിങ്ങനെ പൊതുവെ മൂന്നായി തരംതിരിക്കാം. മുതലാളിമാരും മുതലാളിമാരാവാന്‍ പരിശ്രമിക്കുന്നവരും എന്നും സരസമായി തരംതിരിക്കാവുന്നതാണ്. നഗരപ്രദേശങ്ങളില്‍ ഇടത്തരം സാമ്പത്തികശേഷിയുള്ളവരുടെ എണ്ണം ഏറുകയാണ്. നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നുണ്ടെങ്കിലും ഇവ തമ്മിലുള്ള സാമ്പത്തിക അസമത്വം ഏറുന്നുണ്ട്.

ഒരു സമൂഹത്തിലെ ജനങ്ങളുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമൂഹിക സംവിധാനമാണ് സമ്പദ്‌വ്യവസ്ഥ. ഈ വ്യവസ്ഥിതിതന്നെ അസമത്വത്തിലേക്കാണ് നയിക്കുന്നതെങ്കില്‍ വളര്‍ച്ച പ്രതികൂലമാവുന്നു. സമ്പത്ത് സൃഷ്ടിക്കാനുള്ള മനുഷ്യന്റെ കഴിവിനെയാണ് വളര്‍ത്തേണ്ടത്. വികസനോന്മുഖമായ ക്ഷേമപ്രവൃത്തികള്‍ വിദ്യാഭ്യാസം, ഗതാഗതം, കൃഷി, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയില്‍ കേന്ദ്രീകൃതമായിരിക്കണം.

സോഷ്യലിസമെന്നത് എല്ലാവരും ഒരേപോലെ എന്ന അര്‍ത്ഥത്തിനും അപ്പുറമുള്ള അര്‍ത്ഥവ്യാപ്തിയിലാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തിക അന്തരം ഒരു പരിധിവരെ ആവശ്യമാണ്. എല്ലാവര്‍ക്കും ഒരേ സാമ്പത്തികസ്ഥിതിയായാല്‍ ഉത്‌പാദനം കുറയും. അപ്പോള്‍ കേവലം ഉപജീവനത്തിന്‌ മാത്രമായായിരിക്കും അദ്ധ്വാനിക്കുന്നത്. അദ്ധ്വാനം ചെയ്യാനുള്ള താത്‌പര്യവും നഷ്ടപ്പെടും. അതുകൊണ്ട് സാമ്പത്തിക അസമത്വം വളര്‍ച്ചയ്ക്ക് പ്രചോദന ഘടകമാണ്.

പണത്തില്‍ അഹങ്കരിക്കുന്നവന്‍ തകരുന്നതും നിസ്സാരരെന്ന് കരുതുന്നവര്‍ ഉയരുന്നതും പ്രകൃതിനിയമവും കൂടിയാണ്. അതിനാല്‍, ക്യാപ്റ്റന്‍ പിക്കാര്‍ഡ് പറയുന്നതുപോലെ ധനസമാഹരണം മാത്രമാവരുത് ലക്ഷ്യം വയ്ക്കേണ്ടത്‌ മറിച്ച്, എന്റെയും ചുറ്റുപാടുമുള്ളവരുടെയും ജീവിതം മെച്ചപ്പെടാനും കൂടിയാവണം ഞാന്‍ പരിശ്രമിക്കേണ്ടത്. കാരണം, അന്തസ്സോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.