lifeഴിഞ്ഞ ആഴ്ച എന്റെ അധ്യാപകജീവിത കാലഘട്ടത്തിലെ അവസാനത്തെ പ്രീ-ഡിഗ്രി ബാച്ചിന്റെ റീയൂണിയനി’ൽ പങ്കെടുത്തു. ഇരുപത് വർഷം മുമ്പ് പഠിച്ചിറങ്ങിയ അവർ പ്ലസ് ടു വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ബാച്ചിൽപ്പെട്ടവരായിരുന്നു. വിദ്യാർഥികൾ ജീവിതത്തിൽ എവിടെയെത്തി എന്നറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്. അവരിൽ ചിലർ അധ്യാപകരായി, ചിലർ ബിസിനസ്‌ രംഗത്താണ്. മറ്റു ചിലർ വ്യത്യസ്ത തൊഴിൽമേഖലകളിൽ ഏർപ്പെട്ടിരിക്കുന്നു. വിദേശത്ത് ജോലിചെയ്യുന്ന ചിലർക്ക് ജോലി സംബന്ധമായി ലീവ് ലഭിക്കാതിരുന്നിട്ടും സംഘാടനച്ചെലവിലേക്ക് അവരുടെ സംഭാവനയും അയച്ചുകൊടുത്തുകൊണ്ട് സഹകരിച്ചു.

എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ‘മിസ് പഠിപ്പിച്ച സപ്ലൈയും ഡിമാൻഡും ഇക്വിലിബ്രിയവും ഒന്നും വെറുതെയായില്ല, മിസ്സേ, ഞങ്ങളൊക്കെ രക്ഷപ്പെട്ടു.’ അപ്പോൾ ചില പരാജയകഥകളും കേൾക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പലരും ജീവിതത്തിന്റെ കയ്പുനീർ ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, പരാജയങ്ങളിൽ ആരെയും പഴിചാരാതെ ജിവിതത്തെ നേരിട്ട കഥകളും പലരിൽനിന്നും കേൾക്കുകയുണ്ടായി.

ഗാർഹിക സാമ്പത്തികശാസ്ത്ര രംഗത്ത് ധാരാളം സാമ്പത്തിക ആശയങ്ങൾ നൽകിയ നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തികശസ്ത്രജ്ഞനാണ് ജി.എസ്. ബക്കർ. മനുഷ്യവിഭവശേഷിയെ യുക്തിസഹമാക്കുകയും ഉപയുക്തത കൂട്ടുന്നതായി മാറ്റുന്നതെങ്ങനെ എന്നുള്ളതായിരുന്നു സാമൂഹിക സാമ്പത്തികശാസ്ത്ര പ്രൊഫസറായ അദ്ദേഹത്തിന്റെ പഠനങ്ങൾ. സാമ്പത്തിക വിദഗ്ദ്ധരും പദ്ധതി നിർമാതാക്കളും മനുഷ്യവിഭവശേഷി കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് ‘എ ട്രിറ്റീസ് ഓൺ മണി’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു. ഒരുവന്റെ പെരുമാറ്റം, മുൻഗണനകൾ, മനോഭാവം, കുടുംബത്തിന്റെ സന്തുലിതാവസ്ഥ തുടങ്ങിയ സാമ്പത്തിക അനുമാനങ്ങൾ ഇതിൽ ഏറെ നിർണായകമാണ്.

ഒരുവൻ വ്യക്തിപരമായും കുടുംബപരമായും ജീവിതവിജയം കൈവരിക്കുന്നതിന്റെ പിന്നിൽ അടിസ്ഥാനപരമായി സ്ഥായിയായ ഘടകങ്ങൾ എന്ന് വിളിക്കാനുതകുന്ന തരത്തിലുള്ള ചില കാര്യങ്ങൾ അനിവാര്യമാണ്. ഇവയുടെ മുൻഗണനാക്രമങ്ങൾ സ്ഥലകാല-വ്യക്തിവ്യത്യാസങ്ങൾക്കനുസരിച്ച് മാറിമറിയപ്പെട്ടേക്കാം.

ഒന്നാമതായി സ്ത്രീപുരുഷഭേദമെന്യേ സ്വന്തം ജീവിതത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. മറ്റുള്ളവരെ പഴിചാരി, അവർ കാരണം തനിക്ക് സാമ്പത്തികമായി ഉയരാൻ പറ്റിയില്ല എന്ന് വിലപിക്കുന്നവരെ കണ്ടുമുട്ടാറുണ്ട്. ജീവിതപങ്കാളി ഉത്തരവാദിത്വമില്ലാത്ത ആളാണെങ്കിൽ സ്വയം കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറുക എന്നതാവണം ജീവിതസമീപനം.

രണ്ടാമത്തേത് ജീവിക്കാനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. ഡിഗ്രി എന്നതിനപ്പുറം അടിസ്ഥാന അറിവ് ആവശ്യമാണ്. അറിവുപയോഗിച്ച് മൂല്യവർധിത ഉത്‌പന്നങ്ങൾ എന്തും ഉത്‌പാദിപ്പിക്കാം. ഉത്‌പാദിത വസ്തുവിന് വിപണി ഉണ്ടായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മൂന്നാമതായി പണിയെടുക്കാനുള്ള സന്നദ്ധതയാണ്. പല ബിസിനസുകളും വിവിധ ജോലികളും മാറിമാറി ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. അതനുസരിച്ച് അഡാപ്റ്റബിലിറ്റി എന്നൊക്കെ പറയുന്ന തരത്തിലുള്ള താദാത്മ്യപ്പെടാനുള്ള സന്നദ്ധതയാണ് ആവശ്യമായിട്ടുള്ളത്. നെഗറ്റീവ് എനർജി ലഭിക്കുന്ന സാഹചര്യങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ബോധപൂർവം അകലുന്ന തരത്തിലുള്ള ഒരു പോസിറ്റീവ് സമീപനമാണ് ആർജിക്കേണ്ടത്.

നാലാമതായി നേട്ടങ്ങളോടൊപ്പംതന്നെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജീവിതക്രമമുണ്ടാവണം. ഇക്കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ ജീവിതപങ്കാളിയെ തനിക്ക് പറ്റിയ ആളാക്കാൻ പരിശ്രമിക്കാതെ പങ്കാളിക്ക് പറ്റിയ ആളായി മാറാൻ ശ്രദ്ധിക്കണം.

സാമ്പത്തിക ഇടപാടുകളിലെ വിവേകവും സുതാര്യതയും ജീവിതവിജയത്തിന് അടിസ്ഥാന പടിയാണ്. ഏത് ബുദ്ധിമാനായ മനുഷ്യനും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർക്കുക, നമ്മൾ നമുക്കായി ജീവിതം ഡിസൈൻ ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ഡിസൈൻ ചെയ്തതിൽച്ചെന്ന്‌ പെടും. അതാകട്ടെ പലപ്പോഴും നമ്മുടെ ആവശ്യത്തിനുതകുന്നതാവണമെന്നില്ല.

ആഡം സ്മിത്തിന്റെ അഭിപ്രായത്തിൽ ‘ഒരുവൻ ധനവാനാണോ ദരിദ്രനാണോ എന്ന് നിശ്ചയിക്കുന്നത് മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്താതെ, നമുക്കാവശ്യമുള്ള വസ്തുക്കളും ജീവിതസൗകര്യങ്ങളും അനുഭവിക്കാനാവുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ്’.

We must design life for ourselves