‘ടീച്ചറിന്റെ വീട്ടിലോട്ട് വരാൻ മറ്റൊരു വഴിയുണ്ടല്ലോ, അത് പറഞ്ഞുതരാമോ’? എന്റെ സുഹൃത്ത് സുമീഷിന്റെ ഫോൺവിളി കൗതുകമുണർത്തി. ‘അത് കൂടുതൽ ദൂരമുള്ള വഴിയാണ്’ - ഞാൻ മറുപടി പറഞ്ഞു. ‘കുറച്ച് കൂടുതൽ ഓടിയാലും ഗട്ടർ ഒഴിവാക്കി വരാനാണ്’ എന്നായി അവൻ. ‘അതിനും മാത്രം വലിയ ഗട്ടറൊന്നും അവിടെയില്ല, സാധാരണ വരാറുള്ള വഴിയിൽക്കൂടിത്തന്നെ ധൈര്യമായി പോന്നോളൂ.’ ‘അതല്ല ടീച്ചറേ, വളരെ നാളത്തെ മോഹത്തിനു ശേഷം ഞാൻ ബി.എം.ഡബ്ള്യു. വാങ്ങി’.

അവൻ പുതിയ വഴിയിലൂടെ വീട്ടിലെത്തിയപ്പോൾ പൊന്നുപോലെ സൂക്ഷിക്കുന്ന വണ്ടിയെക്കുറിച്ച് കൂടുതൽ വാചാലനായി. ‘മിടുക്കനാണല്ലോ, ഇത്ര ചെറുപ്പത്തിലേ നല്ല കാർ സ്വന്തമാക്കിയല്ലോ. ബിസിനസിൽ നല്ല വളർച്ചയുണ്ടല്ലേ?’ എന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അവൻ പറഞ്ഞു. ‘ബിസിനസ് ലോകത്ത് ഇത് ആവശ്യമാണ്. 
 വാഹനം പലർക്കും പലതാണ്. ചിലർക്ക്  ആവശ്യത്തിന്, വേറെ ചിലർക്ക് ആഡംബരത്തിന്, മറ്റ് ചിലർക്ക് സുഖകരമായ യാത്രകൾക്ക് എന്നിങ്ങനെ ഓരോരുത്തർക്കും വിവിധങ്ങളായ ഉദ്ദേശ്യങ്ങളാണ്’.

മാതാപിതാക്കൾ കിലോമീറ്ററുകളോളം നടന്ന് പഠിക്കാൻ പോയിരുന്ന കഥകൾ ഇന്ന് മക്കൾക്ക് വെറും കൗതുകവാർത്തകൾ മാത്രമാണ്. ‘വഹിക്കുക അഥവാ വഹിച്ചുകൊണ്ടുപോവുന്ന ഉപകരണം’ എന്ന അർത്ഥത്തിലാണ് ‘വാഹനം’ എന്ന പദം ഉപയോഗിക്കുന്നത്. ഗതാഗതത്തിന്‌ ഉപയോഗിക്കുന്ന ഏതൊരു യന്ത്ര-യന്ത്രേതര വസ്തുവിനെയും വാഹനം എന്ന് വ്യാപകമായി വിളിക്കാറുണ്ട്. 
 
തെരുവോരത്ത് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട വിവിധ വാഹനങ്ങൾ, പ്രത്യേകിച്ച്  ധാരാളം കാറുകൾ പ്രളയകാലത്തിനു ശേഷം  വിഷമകരമായ ഒരു കാഴ്ചയായിരുന്നു. വാഹന വിപണിയെ ഇത് വല്ലാതെ ബാധിക്കുമല്ലോ എന്ന ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് കാർ വില്പന പണ്ടത്തെക്കാൾ സജീവമാണ്. എല്ലാ വിഭാഗത്തിലും പെട്ട ഉപഭോക്താക്കളെ സംതൃപ്തരാക്കാൻ പറ്റിയ തരത്തിൽ വിപണി വളരുകയാണ്.

ഉയർന്ന ഇൻഷുറൻസ് തുകയും വായ്പാ പലിശയും ഉണ്ടെങ്കിലും സ്വദേശീയവും വിദേശീയവുമായ ധാരാളം കാർ നിർമാണ കമ്പനികൾ വിവിധ തരത്തിലുള്ള ഓഫറുകളുമായി രംഗത്തെത്തിയതാണ് വാഹന വിപണി പെട്ടെന്ന് ഉണരാൻ കാരണമായത്. കരുത്തൻ വണ്ടികൾക്ക് പ്രിയമേറുന്നതുമൂലം കഴിഞ്ഞ മേയ് മാസത്തിൽ ഉണ്ടായതുപോലെ പത്തു മുതൽ  ഇരുപത്തഞ്ചു ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുകയാണ്. 
 
ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മത്സരമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഇ.എച്ച്. ചേംബർലിൻ മുന്നോട്ടുവച്ച മത്സരവിപണി ആശയമാണ് മൊണോപൊളിസ്റ്റിക് കോമ്പറ്റീഷൻ. കമ്പോള രൂപങ്ങളുടെ വിഭിന്ന ധ്രുവങ്ങളായ പൂർണ മത്സരക്കമ്പോളത്തിന്റെയും കുത്തക കമ്പോളത്തിന്റെയും മദ്ധ്യത്തിൽ കുത്തകയും മത്സരവും ചേരുന്ന വിപണിയാണ് മൊണോപൊളിസ്റ്റിക് കോമ്പറ്റീഷൻ. ഒരു വസ്തുവിന് ധാരാളം വില്പനക്കാരും വാങ്ങുന്നവരും ഉള്ളപ്പോൾ ഉത്‌പന്നത്തിന് ചെറിയ വ്യത്യാസങ്ങൾ വരുത്തി ഡിമാൻഡ്‌ വർധിപ്പിച്ച് അതത്‌ ഉത്‌പന്നത്തിന്റെ ഘടനയിൽ തങ്ങൾ മെച്ചപ്പെട്ടവരാണെന്ന് സ്ഥാപിക്കുന്ന കുത്തകമത്സര കമ്പോളമാണിത്.  

വാഹനം പുതിയത് വാങ്ങാനും പഴയത് മാറ്റി വാങ്ങാനും ഉദ്ദേശിക്കുന്നവർ വസ്തുനിഷ്ഠാപരമായി ചില കാര്യങ്ങൾ മനസ്സിലാക്കണം. ഒന്നാമതായി വാഹനം സ്വന്തമാക്കുന്നതിന്റെ ഉദ്ദേശ്യമാണ് പ്രധാനപ്പെട്ടത്. യാത്രകൾ ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് സുഖകരവും ആരോഗ്യ സംരക്ഷണത്തിനും സമയലാഭത്തിനും ഉതകുന്ന തരത്തിലുള്ളതുമായ ആവശ്യങ്ങളെ മുന്നിൽക്കണ്ടുവേണം വാഹനം തിരഞ്ഞെടുക്കേണ്ടത്. 

ഫുൾ ഓപ്ഷൻ വേണമോ അതിലും കുറഞ്ഞതു മതിയോ എന്നതും ചിന്തിക്കണം. പണ്ട് ആഡംബര കാറുകളിലുണ്ടായിരുന്ന സൗകര്യങ്ങൾ ഇന്ന് സാധാരണ വാഹനങ്ങളിലേക്കും എത്തിച്ചുകൊണ്ട് വിപണി വിപ്ലവം തുടരുമ്പോൾ നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഉതകുന്നതാണോ എന്നതാണ് ചിന്തിക്കേണ്ടത്. 
 
വായ്പ തരാനായി വിവിധ സ്ഥാപനങ്ങൾ മത്സരിച്ച് രംഗത്തുണ്ട്. വിവിധ തവണകളായി അടച്ചുതീർക്കാൻ പറ്റിയ വിധം വ്യത്യസ്ത വർഷങ്ങളിലേക്ക് ക്രമീകരിച്ചിരിക്കുന്നു. വായ്പ എടുക്കുന്ന പദ്ധതി നമ്മുടെ പോക്കറ്റിന് ചേരുന്നതാവണം. ഫ്ളോട്ടിങ് ആണോ ഫിക്സഡ് ആണോ പലിശയെന്നും അത് കുറയുന്ന മുതലിനനുസരിച്ച് കുറയുന്നതാണോ എന്നും വ്യക്തമാക്കണം. ഇടയ്ക്ക് മുതലിലേക്ക് കൂടുതൽ അടയ്ക്കാനാവുമോ എന്നതും പിഴകളില്ലാതെ കാലാവധി പൂർത്തിയാവുന്നതിനു മുമ്പുതന്നെ അടച്ചു തീർക്കാനാവുമോ എന്നും പരിശോധിക്കണം. 
 
കമ്പനിയുടെ വില്പനാനന്തര സേവനചരിത്രം ഉപയോഗിച്ചിട്ടുള്ളവരോട് ചോദിക്കുക. വായ്‌മൊഴിയായുള്ള പരസ്യത്തിന് വലിയ ചലനങ്ങളുണ്ടാക്കാൻ കഴിയും. പെട്രോൾ, ഡീസൽ വിലയിലുള്ള വ്യത്യാസം നേർത്തുവരികയാണെങ്കിലും അധികം യാത്രകൾ ഇല്ലാത്തവർക്ക് പെട്രോൾ വണ്ടി ഉചിതമാണ്. കുടുംബമൊത്ത് ടെസ്റ്റ്‌ ഡ്രൈവ് നടത്തിയാൽ എല്ലാവർക്കും സംതൃപ്തമായത് കണ്ടുപിടിക്കാനാവും. ഇൻഷുറൻസ് എടുക്കുന്നതും രജിസ്‌ട്രേഷൻ പോലുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതും നിയമ സംവിധാനത്തെ ഭയന്നുകൊണ്ടാവരുത്. മറിച്ച്, പൗരബോധത്തിൽനിന്ന്‌ നിലനിർത്തേണ്ട സാമ്പത്തിക ഭദ്രതയിൽനിന്നുമാവണം. 
 
വാഹനം നമ്മളെയാണോ വഹിക്കുന്നത് അതോ, തിരിച്ചാണോ എന്ന് ചിന്തിക്കണം. വാഹനക്കമ്പം കയറി സമ്പത്തും ജീവനും നഷ്ടപ്പെട്ടവരുണ്ട്. സമൂഹത്തിലെ ഉയർന്ന ശ്രേണിയിൽപ്പെട്ടതാണെന്ന് കാണിക്കാൻവേണ്ടി മാത്രം വിലപിടിപ്പുള്ള വാഹനം വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. സാമ്പത്തികമായി വളർന്നുവരുന്ന കാലഘട്ടത്തിൽ അത് പ്രധാനപ്പെട്ട ചിന്തയായേക്കാം. എന്നാൽ, സ്ഥാപിക്കപ്പെട്ടവർക്ക് അത് ഒരു വിഷയമേയല്ല. ആദ്യ ധാരണയല്ല മികച്ച ധാരണയെന്ന പഴമൊഴി ഈ കാലഘട്ടത്തിൽ തിരുത്തപ്പെടുകയാണ്. എന്തായാലും പഴയ സൈക്കിൾയാത്രക്കാർ ഇരുചക്ര വാഹനങ്ങളിലേക്കും ഇരുചക്ര വാഹനക്കാർ നാൽച്ചക്രത്തിലേക്കും മാറിയത് സാമ്പത്തിക വളർച്ചയുടെ സൂചികയും കൂടിയാണ്.