വൈശാഖ് എന്ന യുവ ബിസിനസ്സുകാരന്‍ കാര്‍ഷിക എൻജിനീയറിങ്ങിലാണ് ബി.ടെക്. ബിരുദം നേടിയത്. തുടര്‍ന്ന് പ്രകൃതിവിഭവ എൻജിനീയറിങ്ങില്‍ ബോംബെ ഐ.ഐ.ടി. യില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി.

ഏഴു വര്‍ഷത്തോളം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇന്ന് പഴവര്‍ഗങ്ങള്‍, പച്ചക്കറി തുടങ്ങിയ വിവിധ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട ബിസിനസ് ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ചെറിയ രീതിയില്‍ സ്വന്തമായി തുടങ്ങിയ ബിസിനസ് ഇപ്പോള്‍ ഹോള്‍സെയില്‍, റിട്ടെയില്‍ മേഖലകളിലും, ഓണ്‍ലൈനിലും ആയി നടത്തുന്ന സെപ്ലെ ചെയിനിന്റെ ഭാഗമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.

എൻജിനീയറിങ് പഠനകാലത്ത് താന്‍ എന്തിനാണ് കാര്‍ഷിക എൻജിനീയറിങ് തിരഞ്ഞെടുത്തത് എന്ന് പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവയെല്ലാം തന്റെ ബിസിനസ് ശൃംഖലയ്ക്ക് ഏറെ മുതല്‍കൂട്ടാവുന്നത് അദ്ദേഹം തിരിച്ചറിയുന്നു. മാത്രവുമല്ല കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, മദ്ധ്യവര്‍ത്തികള്‍, ട്രാന്‍സ്‌പോര്‍ട്ടിങ്, മാര്‍ക്കറ്റിങ് എന്നിങ്ങനെ വിവിധശ്രേണിയിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കുന്നു.

ഡിമാൻഡ് അനുസരിച്ച് ജൈവപച്ചക്കറികളും നാടന്‍ പഴവര്‍ഗങ്ങളും ഉല്പാദകരുടെ അടുത്തുനിന്ന് നേരിട്ടും അല്ലാതെയും ശേഖരിച്ച് ഇടനിലക്കാര്‍, വിതരണക്കാര്‍ എന്നിവരിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കുന്ന അദ്ദേഹത്തിന്റെ ഉത്‌പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഏറെയുണ്ട്.

ലോക സാമ്പത്തിക വ്യവസ്ഥിതിയുടെ ചരിത്രത്തിലുണ്ടായ കാര്‍ഷികവിപ്ലവം വ്യാവസായികവിപ്ലവം, വിവരസാങ്കേതികവിപ്ലവം തുടങ്ങിയ അതിശയകരമായ മാറ്റങ്ങള്‍ക്ക് ശേഷം ആഗോളവിപണിയില്‍ ഏറെ വിപ്ലവകരമായ ചുവടുവയ്പുകള്‍ ഉണ്ടായത് വിതരണരംഗത്താണ്. ആഗോളീകരണവും സ്വകാര്യവത്‌കരണവും ഉദാരീകരണവും ഈ വിപണനരംഗത്ത് ഏറെ ബൃഹത്തായ സാധ്യതകള്‍ക്ക് വഴി തുറക്കുന്നു.

എന്താണ് വിതരണ വിപണി വിപ്ലവം?
ഒരു ഉത്‌പന്നമോ, സേവനമോ ഉപഭോക്താവിന്റെ അടുത്ത് സവിശേഷമായ വിധത്തില്‍ എത്തിക്കുന്ന പ്രക്രിയയെ വിതരണവിപണി അല്ലെങ്കില്‍ സപ്ലൈ ചെയിന്‍ എന്ന് വിളിക്കുന്നു. വസ്തുക്കള്‍ ഉത്‌പാദിപ്പിക്കുന്നിടത്തുനിന്ന് ഗുണവും തനിമയും നഷ്ടപ്പെടാതെ ഉപഭോക്താവിലെത്തിക്കുക എന്നതാണ് ഈ മേഖലയിലെ വെല്ലുവിളി.

നേരിട്ട് ശേഖരിക്കുന്നവര്‍, സംഭരിക്കുന്നവര്‍, മദ്ധ്യവര്‍ത്തികള്‍, ഇടപാടുകാര്‍ എന്നിങ്ങനെ വിവിധ പ്രക്രിയയിലേര്‍പെട്ടിരിക്കുന്നവര്‍ക്ക് ന്യായമായ പ്രതിഫലവും അതത് ഘട്ടങ്ങളില്‍ നല്‍കുക എന്നതും ഈ മേഖലയില്‍ പ്രധാനപ്പെട്ടതാണ്. നിരവധി ചൂഷണരീതികള്‍ ഓരോ ഘട്ടത്തിലും ഉണ്ട് എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കാനാവാത്തതാണ്.

സാമ്പത്തികശാസ്ത്രത്തില്‍ വിതരണം പദം പ്രധാനമായും ദേശീയവരുമാനം വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ദേശീയവരുമാനം വര്‍ദ്ധിച്ചതുകൊണ്ട് മാത്രമായില്ല എന്നും ഉത്‌പാദിതവസ്തുക്കളും വരുമാനവും കാര്യക്ഷമമായ വിധത്തില്‍ വികേന്ദ്രീകരണം നടത്തിയാല്‍ മാത്രമെ രാജ്യപുരോഗതിയായി പരിഗണിക്കപ്പെടാവു എന്ന് വികസന സാമ്പത്തികശാസ്ത്രം പ്രതിപാദിക്കുന്നു. ഇതിനെ വികേന്ദ്രിതനീതി അഥവാ ഡിസ്ട്രിബ്യൂട്ടിവ് ജസ്റ്റിസ് എന്ന് വിളിക്കുന്നു. ആളോഹരി വരുമാനത്തിലുണ്ടായ വളര്‍ച്ചയാണ് ഇതിന്റെ മാനദണ്ഡമായി പരിഗണിക്കുന്നത്. വിതരണവിപണിയുടെ ഗതിയെ വ്യക്തിപരമായും രാഷ്ട്രപരമായും നയിക്കുന്നതും ആളോഹരി വരുമാനത്തിലുണ്ടായ വളര്‍ച്ചയാണ്.

ഇന്ന് വിപണിയില്‍ മുമ്പത്തേതിനേക്കാൾ അധികമായി ധാരാളം ഉത്‌പന്നങ്ങള്‍ ലഭ്യമാണ്. ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുവാന്‍ ബുദ്ധിമുട്ട് തോന്നിപ്പിക്കുന്ന തരത്തില്‍ ഉത്‌പന്നങ്ങളുടെ വിവിധ ബ്രാൻഡുകള്‍ വിപണിയിലുണ്ട്. വിപണനശൃംഖലയില്‍ വിതരണക്കാര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍, വിവിധ സംഭരണശാഖകള്‍ എന്നിവരുടെ കൈകളിലൂടെ ഓരോ സാധനത്തിനും മൂല്യവര്‍ദ്ധന സംഭവിക്കുന്നു. ആഭ്യന്തര വിപണിേയാടൊപ്പം ലോകവിപണിയില്‍ കിടപിടിക്കുവന്‍ തക്കവിധം വസ്തുക്കളും ഉത്‌പാദകരും പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു.

ആഗോളതലത്തിലെ വിവിധ റീട്ടെയിൽ വിതരണശൃംഖലകളായ വാള്‍മാര്‍ട്ട്, ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിതരണ സംവിധാനങ്ങളാണ്. ഫെയ്സ്ബുക്കിലൂടെയുള്ള വിവിധ ഇന്റര്‍നെറ്റ് വ്യാപാര സംവിധാനങ്ങളും നമുക്ക് സുപരിചിതമാണ്. ഇന്ന് വിവിധ വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ ഈ വിപണിയിലെ സജീവകൂട്ടമാണ്. ഉപഭോക്താക്കളുടെ മനസ്സില്‍ വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ടത്.

മൊത്തവിതരണം, ചില വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രം തിരഞ്ഞെടുത്ത ഔട്ടലെറ്റുകളിലൂടെയുള്ള വിതരണം, നിശ്ചിത ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രം എന്നിങ്ങനെ പല രീതിയിലാണ് വിപണനരംഗം പ്രവര്‍ത്തിക്കുന്നത്. മൊത്തവിതരണ വിപണി എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന വസ്തുക്കളാണ് ഉത്‌പാദിപ്പിക്കുന്നത്. ഉദാഹരണത്തിന് ഭക്ഷ്യവസ്തുക്കള്‍. രണ്ടാമത്തെ വിഭാഗത്തില്‍ ഇലക്‌ട്രോണിക് വസ്തുക്കള്‍, പഠനോപകരണങ്ങള്‍, അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ വസ്തുക്കള്‍ തുടങ്ങിയവ ഉദാഹരണമായി പെടുത്താവുന്നതാണ്. മൂന്നാമത്തെ വിഭാഗത്തില്‍ ചില പ്രദേശങ്ങളോ ചില കമ്പനികളോ മാത്രമായി വിപണനം ഒതുങ്ങുന്നു.

പരസ്യം ഈ മേഖലയിലെ സമ്മര്‍ദതന്ത്രവും കൂടിയാണ്. അത് രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം ഏറുമ്പോള്‍ അവര്‍ ചെറുകിട കച്ചവടക്കാര്‍ക്ക് സമ്മര്‍ദം നല്‍കുന്നു. ചെറുകിട കച്ചവടക്കാര്‍ ഉത്‌പാദകരിലേക്ക് ഡിമാൻഡിനെ എത്തിക്കുന്നു. അതുകൊണ്ട് ഉത്‌പാദനത്തില്‍നിന്ന് വിതരണത്തിലേക്ക് മാത്രമല്ല വിപണി ചലിക്കുന്നത്. തിരിച്ച് ഉപഭോക്താക്കളില്‍നിന്ന് ഉത്‌പാദകരിലേക്കും പരസ്യതന്ത്രം വഴി തുറക്കുന്നു.

നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ പ്രവൃത്തികളെയും സ്വപ്നങ്ങളെയും കൂടുതല്‍ പ്രചോദിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു നേതാവാണ് എന്ന മാനേജ്‌മെന്റ് തത്ത്വം വിതരണവിപണിയിലും സജീവമായി നിലനില്‍ക്കുന്നു. അതിന് വിപണിയിലെ മാറ്റം സസൂക്ഷം വീക്ഷിച്ചുകൊണ്ടേയിരിക്കുക. അതനുസരിച്ച് ചൂഷണമില്ലാതെ ബിസിനസ് അവതരിപ്പിച്ച് വളര്‍ത്തുക. ഓര്‍ക്കുക, ഒരു പാക്കറ്റ് ചിപ്‌സ് വാങ്ങിച്ചപ്പോഴാണ് വായുവിനും ഞാന്‍ വില കൊടുക്കുന്നുണ്ടെന്ന് മനസ്സിലായത്.