ൺലൈൻ ടാക്സി യാത്രയിലാണ് ഞാൻ വിവേകിനെ പരിചയപ്പെടുന്നത്. ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണ്. കുറച്ചുനാൾ വിദേശത്ത് ജോലി ചെയ്തു. കുറച്ചു സമ്പാദ്യമൊക്കെയുണ്ട്. നല്ല വീടുപണിതു. നാട്ടിൽ വന്നത് എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്.

പക്ഷേ, മനസ്സിന് ബലം പോരാ. ഭാര്യയും കുടുംബാംഗങ്ങളും വീട്ടിൽ വെറുതെ കുത്തിയിരിക്കുന്നതിന് എന്നും വഴക്കാണ്. അങ്ങനെയാണ് ഓൺലൈൻ ടാക്സി സംവിധാനവുമായി ചേർന്ന് വണ്ടിയോടിക്കാൻ തുടങ്ങിയത്. രാവിലെ അതും പറഞ്ഞ് വീട്ടിൽനിന്നിറങ്ങിപ്പോരാമല്ലോ. കുറച്ചുനേരം ജോലി ചെയ്യും. പിന്നീട് വിശ്രമിക്കും. വൈകുന്നേരം വീട്ടിലെത്തും. ഇതല്ല തന്റെ വഴിയെന്ന് കൃത്യമായറിയാം. പക്ഷേ, ഒന്നും ചെയ്യാനുള്ള ആത്മബലം കിട്ടുന്നില്ല. ഇന്ന് ഇതേപോലുള്ള മാനസികാവസ്ഥയിൽക്കൂടി കടന്നുപോവുന്ന ധാരാളം വ്യക്തികൾ ഉണ്ട്.  

നമ്മളിൽനിന്ന് 2017 വിടവാങ്ങി. നൂതന സംരംഭങ്ങൾക്കായി 2018-നെ വരവേൽക്കാം. സാമ്പത്തികമായി കുറേക്കൂടി മെച്ചപ്പെടണം എന്ന തീരുമാനമുണ്ടാവുകയാണ് അടിസ്ഥാനപരമായി വേണ്ടത്. ‘എനിക്കും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ജീവിതങ്ങളുടെയും അന്തസ്സ് ഒരുപടികൂടി ഉയർത്തണം’ എന്ന നിശ്ചയം. അതിന് ആദ്യമായി വേണ്ടത് ആത്മബലമാണ്.  ഒരു വ്യക്തിയുടെ വളർച്ചയിൽ മൂന്നു തരത്തിലുള്ള ആത്മഭാവത്തിലേക്ക് അവന്റെ വ്യക്തിത്വം കടന്നുപോവാറുണ്ട്.

ഒന്നാമത്തേത്  നിഷേധാത്മകമായ ആത്മഭാവമാണ് (Poor self image). ‘എന്നെ ഒന്നിനും കൊള്ളില്ല’, ‘എന്നോട് ആർക്കും സ്നേഹമില്ല’, ‘ഞാൻ എന്തു ചെയ്താലും ശരിയാവില്ല’, ‘രണ്ടുദിവസം ആശുപത്രിയിൽ കിടന്നിരുന്നെങ്കിൽ ആരൊക്കെ എന്നെ കാണാൻ അന്വേഷിച്ചു വരുമെന്ന് അറിയാമായിരുന്നു...’ തുടങ്ങി എപ്പോഴും നെഗറ്റീവായി ചിന്തിക്കുന്ന അവസ്ഥ. സാമ്പത്തികമായി വളരണമെന്നുണ്ട്. പക്ഷേ, ആദ്യപടി എടുക്കാനുള്ള ധൈര്യമില്ലാതെ വിഷമിക്കുന്നവരാണിക്കൂട്ടർ. ചെയ്തകാര്യങ്ങളിൽ കൈ പൊള്ളി പിന്മാറേണ്ടിവന്ന അനുഭവവുമുള്ള ഇക്കൂട്ടർക്ക് വേറിട്ടു ചിന്തിക്കാനുള്ള സമയമാണിത്.  

രണ്ടാമത്തെ കൂട്ടർ പർവതീകരിക്കപ്പെട്ട ആത്മഭാവമുള്ളവരാണ് (Glorified self image). ചില വ്യക്തികൾ അവരവരെത്തന്നെ മഹത്ത്വവത്‌കരിച്ച് ചിന്തിക്കും. എനിക്കേ കാര്യങ്ങൾ മനസ്സിലാകൂ, ഞാൻ ചെയ്താലേ കാര്യങ്ങൾ ശരിയാകൂ, ഞാനായിരുന്നെങ്കിൽ ഇതിലും ഭംഗിയായി കാര്യങ്ങൾ ചെയ്തേനേ തുടങ്ങിയ ചിന്തകളാണ് ഇവരെ ഭരിക്കുന്നത്. അവർ അവരുടെ പരിമിതികളെ മറക്കുന്നു. ഒരുതരം സുപ്പീരിയോറിറ്റി കോംപ്ലെക്സിന്റെ ഉടമകളായ ഇക്കൂട്ടർ യഥാർഥത്തിൽ അപകർഷതാബോധം ഉള്ളവരാണ്. ഇവർ ബിസിനസ്‌ലോകത്തിലേക്ക് അമിതപ്രതീക്ഷയോടെ എടുത്തുചാടും. മെല്ലെ പോവുക എന്ന സിദ്ധാന്തമൊക്കെ ഇവർക്ക് പഴഞ്ചൻ ആശയങ്ങളാണ്. ലക്ഷങ്ങൾ എറിഞ്ഞ് കോടികളുടെ നഷ്ടത്തിൽ കലാശിക്കുന്ന ഇക്കൂട്ടർ ഉള്ളതുകൂടി നശിപ്പിക്കുന്നവരാണ്. ഇവർ മറ്റുള്ളവരുടെ ബിസിനസ്‌വളർച്ചയെ ഉൾക്കൊള്ളാനാവാത്ത സ്വഭാവത്തിനുടമകളുമാണ്.
 
മൂന്നാമത്തെ കൂട്ടർ ആരോഗ്യപരമായ ആത്മഭാവം (Healthy self image) സ്വന്തമാക്കിയിട്ടുള്ളവരാണ്.   സന്തുലിതമായ ആത്മച്ഛായ കൈമുതലാക്കിയിട്ടുള്ള ഇവർ അവരുടെ ജീവിതത്തിലെ കഴിവുകളെയും  കഴിവുകേടുകളെയും യഥാർത്ഥത്തിൽ മനസ്സിലാക്കുന്നവരാണ്. തങ്ങൾക്ക്‌ സാധിക്കുന്നതും സാധിക്കാത്തതുമായ കാര്യങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. അവർ അവരുടെ കഴിവുകളെ വളർത്താനും പരിമിതികളെ കുറയ്ക്കാനും ശ്രമിക്കുന്നു. ഇവർ ചെറിയരീതിയിൽ ബിസിനസ് തുടങ്ങി പിന്നീട് വലിയ നേട്ടങ്ങൾ കൊയ്യുന്നവരാണ്. 
 
ബിഹേവിയറൽ സാമ്പത്തികശാസ്ത്രമനുസരിച്ച്  സാമ്പത്തിക തീരുമാനങ്ങൾക്ക് മനഃശാസ്ത്രപരമായ തലം ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മനസ്സിന്റെ ദൃഢത സാമ്പത്തിക തീരുമാനങ്ങൾക്ക്  അടിസ്ഥാന മൂലധനം തന്നെയാണ്. യുക്തിപരമായി ചിന്തിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന കഴിവ് സാമ്പത്തികശാസ്ത്രത്തിൽ നിർണായക ഘടകമാണെങ്കിലും ഇന്നെടുക്കുന്ന സാമ്പത്തിക തീരുമാനത്തിന്റെ ഫലം മറ്റൊരു സമയത്ത് സംഭവിക്കുന്നതിനാൽ സാമ്പത്തിക തീരുമാനങ്ങളിൽ യുക്തിഭദ്രതയോടൊപ്പം മാനസിക-വൈകാരിക- സാമൂഹിക ഘടകങ്ങളും സമഞ്ജസിപ്പിക്കേണ്ടതു തന്നെയാണെന്നാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്. ഈ രംഗത്തെ സംഭാവനയ്ക്കാണ് 2017-ലെ നോബേൽ സമ്മാനം സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാർഡ് തലെർക്ക് ലഭിച്ചത്. 
 
സാമ്പത്തികമാറ്റത്തിന്റെ കാലൊച്ചയ്ക്കായി കാതോർക്കുകയും അതിനനുസരിച്ച് നടപടികൾ കൈ ക്കൊള്ളുകയും ചെയ്യുന്നതിലാണ് ബിസിനസ് വിജയം കടന്നുവരുന്നത്. ദുബായിലെത്തുന്നവർക്ക് ബുർജ് ഖലീഫ വലിയ ആകർഷണമാണ്. കൂറ്റൻ സ്തംഭം പോലെ ഉയർന്നുനിൽക്കുന്ന കെട്ടിടവും അതിനോടനുബന്ധിച്ചുള്ള പാർക്കും വാട്ടർ ഫൗണ്ടനും ഷോപ്പിങ് മാളും കണ്ണഞ്ചിപ്പിക്കുന്ന സൗധമായി നിലകൊള്ളുന്നു. എണ്ണയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിൽനിന്നു മാറി വിനോദസഞ്ചാര കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം വളരണമെന്ന സ്വപ്നത്തിൽ നിന്നാണ് അതിന്റെ ആരംഭം.   
 
ഇന്നലകളെക്കുറിച്ച് വ്യാകുലപ്പെടുകയും നാളെയെക്കുറിച്ച് ആധിപിടിക്കുകയും ചെയ്യുന്നവർ ഇന്ന് ജീവിക്കാൻ മറന്നുപോവുന്നവരാണ്. 2017-ലെ അനുഭവങ്ങൾ 2018-ന് കരുത്താർജിക്കാനുള്ള ഊർജമായി പരിഗണിക്കുക. ഒരു വൈകാരിക പിന്തുണ നൽകാൻ ആരുമില്ല എന്ന് പരിതപിക്കുന്നവരും ലോൺ എടുത്ത് ബിസിനസ് തുടങ്ങിയാൽ തിരിച്ചടയ്ക്കാനാവുമോ എന്ന് ആധി പിടിക്കുന്നവരും പുതിയ കാര്യങ്ങൾ ഭാവന ചെയ്തുനോക്കൂ. കാരണം ഓസ്‌കാർ വൈൽഡിന്റെ   അഭിപ്രായത്തിൽ ‘ഭാവനയില്ലാത്തവരാണ് പരിമിതികൾക്കുള്ളിൽ ജീവിക്കുന്നത്’. ‘ഗിയർ മാറ്റാതെ ആക്സിലറേറ്ററിൽ ചവിട്ടിയിട്ട് കാര്യമില്ല’ എന്ന തിരിച്ചറിവാണ് ആവശ്യമായിരിക്കുന്നത്. ഓർക്കുക, എല്ലാ നേട്ടവും ‘പരിശ്രമിക്കാം’ എന്ന ചിന്തയിൽനിന്നാണ് ഉണ്ടായത്.