pnc menonകൊച്ചിയിലും ബെംഗളൂരുവിലുമൊക്കെയായി ചെറിയ നിലയിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളും ഫർണീച്ചർ ബിസിനസ്സും നടത്തിവരികയായിരുന്നു പി.എൻ.സി. മേനോൻ എന്ന ചെറുപ്പക്കാരൻ.

പത്താം വയസ്സിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടതാണ്; അമ്മയ്ക്കാണെങ്കിൽ അസുഖവും. അതിനാൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ ഒട്ടും മടിയുണ്ടായിരുന്നില്ല. 1976ൽ കൊച്ചിയിൽ ഒരു ഹോട്ടലിന്റെ ലോബിയിൽ വച്ച് ഒരു ഒമാൻ സ്വദേശിയെ പരിചയപ്പെടാൻ ഇടയായി. മത്സ്യബന്ധന ബോട്ട് വാങ്ങാനായി കൊച്ചിയിലെത്തിയതാണ് സുലൈമാൻ അൽ അദാവി എന്ന ആ അറബി.

ഒമാനിൽ ബിസിനസ്സിന് സാധ്യതയുള്ള മണ്ണാണെന്നും അങ്ങോട്ട് വരാനും സുലൈമാന്റെ ക്ഷണം. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി ഒട്ടേറെ കെട്ടിടസമുച്ചയങ്ങൾക്കും കൊട്ടാരങ്ങൾക്കും സമ്പൂർണതയുടെ െെകയൊപ്പ് പതിപ്പിച്ച പി.എൻ.സി. മേനോൻ എന്ന റിയൽ എസ്‌റ്റേറ്റ് സംരംഭകന്റെ പ്രയാണം അവിടെ തുടങ്ങി. 

പി.എൻ.സി. മേനോൻ
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പുത്തൻ നടുവക്കാട്ട് ചെന്താമരാക്ഷ മേനോൻ എന്ന പി.എൻ.സി. മേനോൻ. റിയൽ എസ്റ്റേറ്റ്, കരാർ നിർമാണം, ഇന്റീരിയർ ഡിസൈനിങ്, ഫർണീച്ചർ എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉടമയാണ് ഈ 67കാരൻ. 1997ൽ ഒമാൻ സർക്കാർ ഒമാൻ പൗരത്വം നൽകി ആദരിച്ചു. 

ഈ വർഷത്തെ ഫോബ്‌സ് സമ്പന്ന പട്ടികയിൽ ഇന്ത്യയിൽ 78-ാം സ്ഥാനമാണ് അദ്ദേഹത്തിന്. 2016 സപ്തംബറിലെ കണക്ക് അനുസരിച്ച് അദ്ദേഹത്തിന്റെ സമ്പത്ത് 164 കോടി ഡോളർ (ഏതാണ്ട് 10,900 കോടി രൂപ). 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സി(ഐ.ഒ.ഡി.)ന്റെ ‘ഗോൾഡൻ പീക്കോക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്’ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2009ൽ രാഷ്ട്രം അദ്ദേഹത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചു. 

മൂന്ന് മാസത്തിനുള്ളിൽ ഒമാനിൽ നിന്ന് വിസ വന്നു. കൈയിൽ 50 രൂപയുമായി മേനോൻ ഒമാനിലേക്ക് വണ്ടി കയറി. ആ അറബിനാട്ടിൽ സമ്പന്നർക്കെല്ലാം എണ്ണക്കിണറുകൾ ഉണ്ടാവുമെന്നും അതിൽ നിന്ന് പെട്രോളിയം ഉണ്ടാക്കി വിൽക്കാമെന്നുമൊക്കെയായിരുന്നു ആ ചെറുപ്പക്കാരന്റെ ധാരണ. തന്നെ കൊണ്ടുപോയ സുലൈമാന്റെ കൈവശവും ഒട്ടേറെ എണ്ണക്കിണറുകൾ ഉണ്ടാവുമെന്ന് അദ്ദേഹം ധരിച്ചു.

പക്ഷെ, അവിടെ ചെന്നപ്പോഴാണ് കാര്യങ്ങൾ താൻ വിചാരിച്ചതുപോലെയല്ലെന്ന് തിരിച്ചറിയുന്നത്. സുലൈമാൻ വലിയ സമ്പന്നൻ ഒന്നുമല്ല; ഒരു ഇടത്തരക്കാരനാണ്. ഒമാൻ സേനയിലെ ക്യാപ്റ്റൻ. പക്ഷേ, മേനോന് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ഇതിനിടെ, ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. ഒന്നും നടക്കുന്നില്ല. ഒരു മാസം കഴിഞ്ഞപ്പോൾ തീർത്തും അസ്വസ്ഥനായി. ‘എന്താണ് നമ്മുടെ പ്ലാൻ?’, സുലൈമാനോടു ചോദിച്ചു. ‘വിഷമിേക്കണ്ട, ബിസിനസ്സ് തുടങ്ങാൻ എത്ര തുക വേണമെന്ന് പറയൂ’ എന്ന് സുലൈമാൻ.

അപ്പോഴത്തെ സാഹചര്യത്തിൽ 3,000 റിയാൽ എങ്കിലും വേണമെന്ന് മറുപടി നൽകി. ഉടൻ തന്നെ ഒരു ബാങ്കിൽ നിന്ന് സുലൈമാൻ വായ്പ ശരിയാക്കി. നാട്ടിലേതു പോലെ ചെറിയ ഇന്റീരിയർ ഡിസൈനിങ് ജോലികളുമായി ബിസിനസ്സിന് തുടക്കമിട്ടു. സർവീസസ് ആൻഡ് ട്രേഡ് കമ്പനി (എസ്.ടി.സി.) എന്ന പേരിലായിരുന്നു സംരംഭം. ദിവസവും 12 മണിക്കൂറിലേറെ നീളുന്ന ജോലി. പതിയെ ബിസിനസ്സ് വളരാൻ തുടങ്ങി.  

വലിയ കരാറുകൾ ഏറ്റെടുത്താലേ വളരാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കിയ മേനോൻ, അതിനായി ശ്രമങ്ങൾ തുടങ്ങി. അങ്ങനെ 1984ൽ ഒമാൻ സുൽത്താന്റെ ഓഫീസുകളുടെ ഇന്റീരിയർ ഒരുക്കാനുള്ള കരാർ നേടി. അത് പി.എൻ.സി. മേനോന്റെ സംരംഭക ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി. ഉന്നതനിലവാരം തന്റെ ഡി.എൻ.എ. ആണെന്ന് വിശ്വസിക്കുന്ന മേനോന്റെ വർക്കുകൾ ഗുണമേന്മയിൽ മുന്നിട്ടുനിന്നു.

കൂടുതൽ കരാറുകൾ ലഭിക്കാൻ അത് അദ്ദേഹത്തെ സഹായിച്ചു. ഒമാൻ, ഖത്തർ, ബഹ്‌റിൻ, ബ്രൂണെ എന്നിവിടങ്ങളിലെ രാജകുടുംബങ്ങളുടെ കൊട്ടാരങ്ങൾക്ക് ഇന്റീരിയർ ഡിസൈനിങ് ജോലികൾ നിർവഹിക്കാനുള്ള കരാറുകൾ അദ്ദേഹത്തെ തേടിയെത്തി. 80കളുടെ അവസാനത്തോടെ കെട്ടിടനിർമാണ രംഗത്തേക്കും ചുവടുവച്ചു. ഇതോടെ കെട്ടിടങ്ങളുടെ പ്ലാൻ മുതൽ നിർമാണവും ഇന്റീരിയർ ഡിസൈനിങ്ങും വരെയുള്ള ജോലികൾ നിർവഹിക്കാനായി. 1990കളുടെ തുടക്കത്തിൽ കരാർ നിർമാണ കമ്പനിയുമായി ദുബായിലേക്കും ചുവടുവച്ചു. 

അപ്പോഴേക്കും, സ്വന്തം നാട്ടിൽ എന്തെങ്കിലും തുടങ്ങണമെന്ന ആലോചനയായി. അങ്ങനെ 1995ൽ ബെംഗളൂരുവിൽ ശോഭ ഡെവലപ്പേഴ്‌സ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തെ ദേശീയ കമ്പനിയായി മാറുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനിയുടെ ആസ്ഥാനമായി ബെംഗളൂരു തിരഞ്ഞെടുത്തത്.

റിയൽ എസ്റ്റേറ്റ് രംഗം പ്രാദേശികമായി ഒതുങ്ങേണ്ട വ്യവസായമാണെന്ന ധാരണയായിരുന്നു അന്ന് ഉണ്ടായിരുന്നത്‌. ആ ധാരണ മാറ്റിക്കൊണ്ടാണ് അന്താരാഷ്ട്ര പരിചയസമ്പന്നതയുമായി ‘ശോഭ’ എത്തിയത്. ഇന്ന് െബംഗളൂരു, ചെന്നൈ, ഡൽഹി, പുണെ, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കോയമ്പത്തൂർ, മൈസൂരു എന്നിവിടങ്ങളിലായി 130ലേറെ പാർപ്പിട സമുച്ചയങ്ങൾ. ഇതിന് പുറമെ, കരാർ അടിസ്ഥാനത്തിൽ 300 ഓളം പദ്ധതികളും.

പഞ്ചനക്ഷത്ര ഹോട്ടലുകൾ, കോർപ്പറേറ്റ് ആസ്ഥാനമന്ദിരങ്ങൾ എന്നിവ ഇതിൽ പെടുന്നു. ഇൻഫോസിസ്, എച്ച്.സി.എൽ, ഡെൽ, ബോഷ്, ബയോകോൺ, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, ഐ.ടി.സി. ഹോട്ടൽസ് എന്നിവയ്ക്ക് വേണ്ടി കെട്ടിടസമുച്ചയങ്ങൾ നിർമിച്ചുനൽകിയിട്ടുണ്ട്. ഇൻഫോസിസിന്റെ 80 ശതമാനത്തിലേറെ നിർമാണപ്രവൃത്തികളും ശോഭ ഗ്രൂപ്പാണ് നിർവഹിച്ചത്.

രണ്ട് പതിറ്റാണ്ട് കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് ബ്രാൻഡായി ശോഭ വളർന്നു. ഇതിനിടെ, 2006ൽ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.)യിലൂടെ ശോഭ ലിമിറ്റഡിന്റെ ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യപ്പെട്ടു. വില്പനയ്ക്ക് വച്ച ഓഹരികളെക്കാൾ 126 മടങ്ങ് അപേക്ഷയാണ് ലഭിച്ചത്. 30 കോടി രൂപയുമായി ഇന്ത്യയിൽ പ്രയാണം തുടങ്ങിയ ശോഭ 2,800 കോടിയിലേറെ വിപണിമൂല്യമുള്ള കമ്പനിയായി മാറി. 

ഇതിനിടെ, ഗൾഫിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ശോഭ ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ആസ്ഥാനം ഒമാനിൽ നിന്ന് ദുബായിലേക്ക് മാറ്റി. ദുബായിൽ അടുത്ത 10 വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ശോഭ ഗ്രൂപ്പ് നിർവഹിക്കുന്നത്. മെയ്ദാൻ ഗ്രൂപ്പുമായി ചേർന്ന് ദുബായ് നഗരമധ്യത്തിൽ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയായ ഡിസ്ട്രിക്ട് വണ്ണിന്റെ നിർമാണം നിർവഹിക്കുകയാണ് ഇപ്പോൾ.

1,100 ഏക്കറിലായി 4.7 കോടി ചതുരശ്രയടി ആണ് അവിടെ വികസിപ്പിക്കുന്നത്. ഇതിനൊപ്പം, ശോഭ ഹാർട്ട്‌ലാൻഡ് എന്ന സമുച്ചയവും നിർമിക്കുന്നു. യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും ശോഭ ഇന്റർനാഷണലിന് പദ്ധതിയുണ്ട്.

എപ്പോഴും പുതിയത് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പി.എൻ.സി. മേനോൻ. ഇന്ത്യയിൽ ഇന്റീരിയർ ബിസിനസ്സുമായി നടക്കുമ്പോൾ സമ്പത്തിന്റെ നെറുകയിലെത്തുമെന്ന് കരുതിയിരുന്നോ എന്നു ചോദിച്ചാൽ, മേനോന് കൃത്യമായ മറുപടിയുണ്ട്. ‘ഒരാൾ പോലും മുൻകൂട്ടി പ്ലാൻ ചെയ്ത് കോടീശ്വരന്മാർ ആകുകയില്ല.

അത്‌ തികച്ചും യാദൃച്ഛികമായി സംഭവിക്കുന്നതാണ്’. സംരംഭകത്വത്തിന്റെ ആദ്യ പടിയിൽ നിൽക്കുമ്പോൾ നാം അഞ്ചാമത്തെയോ പത്താമത്തെയോ പടിയെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ. നൂറാമത്തെ പടിയെക്കുറിച്ച് അപ്പോൾ ചിന്തിക്കില്ല. പത്താം പടി കയറുമ്പോൾ പരമാവധി 25-ാം പടിയെക്കുറിച്ച് ചിന്തിക്കും. അങ്ങനെ കയറിക്കയറിയാണ് പലരും സമ്പത്തിന്റെ നെറുകയിലെത്തുന്നത്. പണത്തിന് പിന്നാലെ പോകാനല്ല ഒരു സംരംഭകനും ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറയും.

‘വിജയത്തെയാണ് നാം പിന്തുടരേണ്ടത്. സമ്പത്ത് അതിന്റെ ഒരു ഉപോത്പന്നം മാത്രം’. വിശ്വാസ്യത മുറുകെ പിടിച്ച്, അർപ്പണബോധത്തോടെയാവണം ഓരോ സംരംഭവും കെട്ടിപ്പടുക്കേണ്ടത്. എന്നാൽ മാത്രമേ വിജയം കൈവരികയുള്ളൂവെന്ന് പി.എൻ.സി. മേനോൻ പറയുന്നു.

സമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന് മടക്കിക്കൊടുക്കണം എന്ന വിശ്വാസക്കാരനാണ് അദ്ദേഹം. അതിനാൽ, സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം. ശ്രീ കുറുംബ ട്രസ്റ്റിന്റെ പേരിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി ‘ഗ്രാമശോഭ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2006 മുതൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ നാല് ഗ്രാമങ്ങളിലായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. മുതിർന്ന പൗരന്മാർക്കും വിധവകൾക്കുമായി ശോഭ ഹെർമ്മിറ്റേജ്, പ്രാഥമിക ആരോഗ്യ കേന്ദ്രം,

സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ നിലവാരം ഉയർത്താൻ ശോഭ ഐക്കൺ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നിർവഹിക്കുന്നു. പാവപ്പെട്ട പെൺകുട്ടികൾക്കായി സ്ത്രീധന-രഹിത സാമൂഹിക വിവാഹവും നടത്തിവരുന്നു. ഇതിനോടകം 530 പെൺകുട്ടികളുടെ വിവാഹം നടത്തി. അവരുടെ കുടുംബജീവിതം ഭദ്രമാക്കാനായി വിവാഹപൂർവ കൗൺസലിങ്ങും നൽകിവരുന്നു. പാവപ്പെട്ട കുട്ടികൾക്ക് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ശോഭ അക്കാദമിയുമുണ്ട്.

വിദ്യാഭ്യാസം, ഭക്ഷണം എന്നിവയൊക്കെ സൗജന്യമായാണ് നൽകുന്നത്. നിലവിൽ പത്താം ക്ലാസ് വരെയാണ് ഉള്ളത്. ഭാവിയിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സുകൾ ഉൾപ്പെടെ തുടങ്ങാൻ പദ്ധതിയുണ്ട്. സാമൂഹ്യക്ഷേമ പരിപാടികളിലെ ഗുണഭോക്താക്കളെ ബഹുമാനത്തോടെയാണ് സംരക്ഷിക്കുന്നത്. നാട്ടിലെത്തുമ്പോൾ പി.എൻ.സി.മേനോൻ അവരുമായി നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കാറുണ്ട്. 2013ഓടെ കർണാടകത്തിലെ ഏഴു പഞ്ചായത്തുകളിലേക്ക് കൂടി ‘ഗ്രാമശോഭ’ പദ്ധതി വ്യാപിപ്പിച്ചു. 

പി.എൻ.സി. മേനോന്റെ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായി ഭാര്യ ശോഭയുണ്ട്. അവരോടുള്ള ഇഷ്ടം കൊണ്ടാണ് കമ്പനികൾക്ക് അവരുടെ പേരു നൽകിയിരിക്കുന്നത്. മൂന്ന് മക്കളാണ്. മൂത്ത മകൾ ബിന്ദു ദുബായിൽ ശോഭ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മകൻ രവി മേനോൻ, ഇന്ത്യയിൽ ശോഭ ലിമിറ്റഡിന്റെ ചെയർമാൻ. ഇളയ മകൾ രേവതി കുടുംബവുമൊത്ത് ദുബായിലാണ്. 

ഇ-മെയിൽ: roshan@mpp.co.in