നകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ നീക്കിബാക്കി എന്ത്? അധികാരവികേന്ദ്രീകരണം കേരളത്തിൽ സ്ഥായിയായിയെന്നതുതന്നെ ഏറ്റവും വലിയ നേട്ടം. അഞ്ചുസർക്കാരുകളുടെ മാറ്റങ്ങൾ അതിജീവിച്ചുവെന്നതു ലോകത്തുതന്നെ അപൂർവമാണ്. ലാറ്റിനമേരിക്കയിലെ ലോകപ്രസിദ്ധമായ പങ്കാളിത്ത ബജറ്റിങ്ങിന് രാഷ്ട്രീയമാറ്റത്തെ അതിജീവിക്കാനായില്ല. നമ്മുടെ സംസ്ഥാനത്തുതന്നെ 1958-ലെ അധികാരവികേന്ദ്രീകരണ നിയമത്തിനും 1991-ലെ ജില്ലാ കൗൺസിലുകൾക്കും ഭരണമാറ്റത്തോടെ എന്തു സംഭവിച്ചുവെന്ന് അറിയാമല്ലോ? ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരവും പണവും ഉദ്യോഗസ്ഥരെയും താഴേത്തട്ടിലേക്ക്‌ വിന്യസിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണ്.

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മുകളിൽനിന്നും താഴേക്കു നടപ്പാക്കിയ ഒരു ഭരണപരിഷ്കാരമായിരുന്നില്ല കേരളത്തിലെ അധികാരവികേന്ദ്രീകരണം. താഴേത്തട്ടിൽനിന്ന് അതിവിപുലമായ രീതിയിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ടു നടപ്പാക്കിയ ഭരണപരിഷ്കാരമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി അധികാരവികേന്ദ്രീകരണത്തിന് അനുകൂലമായ ഒരു അന്തരീക്ഷവും ഇച്ഛയും അതു സംസ്ഥാനത്തു സൃഷ്ടിച്ചു.

ജനകീയാസൂത്രണം വലിയൊരു വിസ്ഫോടനമായിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനവിന്യാസത്തിൽ സമാനതകളിലാത്ത വർധനയാണ് വരുത്തിയത്. ആദ്യമേതന്നെ വിഭവങ്ങൾ കൈമാറുക, ആ വിഭവങ്ങൾ കൈയാളുന്നതിനുണ്ടാകുന്ന പ്രതിബന്ധങ്ങളെ അപ്പപ്പോൾ തരണംചെയ്ത് അധികാരവികേന്ദ്രീകരണത്തെ യാഥാർഥ്യമാക്കുക എന്നൊരു അസാധാരണസമീപനമാണ് കേരളസർക്കാർ കൈക്കൊണ്ടത്.

ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ജനകീയാസൂത്രണംവഴി അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിന് എടുത്ത തീരുമാനത്തെ ശരിവെക്കുന്ന അഭിമാനകരമായ നേട്ടങ്ങളെ കാണാനാകും.

ആരോഗ്യം
1991-ൽ കേരളത്തിലെ കുടുംബങ്ങളുടെ 28 ശതമാനമേ പൊതു ആരോഗ്യസംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ, 2015-ൽ കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം പൊതുആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ശതമാനം 34 ആയി ഉയർന്നു. 2018 ആയപ്പോഴേക്കും ഇതുവീണ്ടും 48 ശതമാനമായി ഉയർന്നു. ശിശുമരണനിരക്ക് ഏഴുശതമാനമായി താഴ്ന്നു. കോവിഡ്‌ കാലത്ത് നമ്മുടെ കീഴ്ത്തട്ട് ആരോഗ്യമേഖലയുടെ കരുത്ത് നമ്മൾ അനുഭവിച്ചറിഞ്ഞു.

വിദ്യാഭ്യാസം
രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസനിലവാര പ്രതീക്ഷകൾക്കനുസരിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർന്നില്ല. ഇതിന്റെ ഫലമായി അൺ-എയ്ഡഡ് സ്കൂളുകളിലേക്ക്‌ കുട്ടികൾ കൊഴിഞ്ഞുപോകാൻ തുടങ്ങി. ഈ മേഖലയിൽ 1991-ൽ 1.5 ലക്ഷം കുട്ടികൾ ഉണ്ടായിരുന്നു. 2016-17 ആയപ്പോഴേക്കും അത് 4.1 ലക്ഷമായി ഉയർന്നു. എന്നാൽ, ഇന്ന് ഒഴുക്കിന്റെ ഗതി മാറിക്കഴിഞ്ഞു. 2016-2021 കാലത്ത് 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നു. നീതി ആയോഗിന്റെ സ്കൂൾവിദ്യാഭ്യാസ ഗുണനിലവാരസൂചികയിൽ 100-ൽ 76.6 മാർക്കോടുകൂടി കേരളം ഒന്നാംസ്ഥാനത്താണ്.

പാർപ്പിടം
ജനകീയാസൂത്രണത്തിന്റെ അഞ്ചുവർഷംകൊണ്ട് തദ്ദേശഭരണസ്ഥാപനങ്ങൾ 5.7 ലക്ഷം വീടുകൾ പുതിയതായി നിർമിച്ചുനൽകി. ഇതുവരെ ആകെ 20 ലക്ഷം വീടുകളെങ്കിലും പാവപ്പെട്ടവർക്കുവേണ്ടി നിർമിച്ചിട്ടുണ്ട്. കേരളത്തിലെ പാർപ്പിടങ്ങളുടെ ഗുണനിലവാരം ഇന്ത്യയിലെ പൊതുസ്ഥിതിയെക്കാൾ എത്രയോ മെച്ചം. 2011-ൽ കേരളത്തിൽ 77 ശതമാനം വീടുകളിലും കുടിവെള്ളം എത്തിയപ്പോൾ ഇന്ത്യയിൽ 51 ശതമാനം മാത്രമായിരുന്നു. കേരളത്തിലെ 95 ശതമാനം വീടുകളും വൈദ്യുതീകരിച്ചപ്പോൾ ദേശീയശരാശരി 67 ശതമാനമായിരുന്നു. കേരളത്തിൽ 95 ശതമാനം വീടുകൾക്കും കക്കൂസ് ഉണ്ടായപ്പോൾ ഇന്ത്യയിൽ 47 ശതമാനമായിരുന്നു. കേരളത്തിലെ വീടുകളിൽ 93 ശതമാനത്തിനും ഒരു മുറിയെക്കാൾ കൂടുതൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ ഈ തോത് 59 ശതമാനമായിരുന്നു. കേരളം സമ്പൂർണശുചിത്വവും വൈദ്യുതീകരണവും നേടിക്കഴിഞ്ഞു.

ദാരിദ്ര്യനിർമാർജനം
കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ദാരിദ്ര്യരേഖാ കണക്കുപ്രകാരം 1993-’94-ൽ കേരളത്തിലെ ദാരിദ്ര്യരേഖയ്ക്കു കീഴിൽ 25 ശതമാനം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 2011-’12-ൽ ഇത് ആറു ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഗതികളെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ബഡ്സ്‌ സ്കൂളുകൾ, പാലിയേറ്റീവ് ശൃംഖലകൾക്കുള്ള പ്രോത്സാഹനം തുടങ്ങിയവയൊക്കെ ഇതോടുബന്ധപ്പെടുത്തി വിലയിരുത്തേണ്ടതാണ്. ജനകീയാസൂത്രണം തുടങ്ങിയകാലത്ത് വിഭാവനംചെയ്ത നിലയിലേക്ക്‌ കേരളം മാറിയിട്ടില്ല. മറികടക്കേണ്ടുന്ന ഒരുപാടു ദൗർബല്യങ്ങൾ ഇനിയുമുണ്ട്.

പ്രാദേശിക റോഡുകൾ
1995-’96-ൽ 1.15 ലക്ഷം കിലോമീറ്റർ പ്രാദേശികറോഡുകളാണ് ഉണ്ടായിരുന്നത്. 2018-’19-ൽ ഇവയുടെ ദൈർഘ്യം 2.32 ലക്ഷം കിലോമീറ്ററായി ഉയർന്നു. ഏതാണ്ട് 20000-ത്തോളം കിലോമീറ്റർ റോഡുകൾ ഈ കാലയളവിൽ പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി.

ജനപങ്കാളിത്തം
ഏറ്റവും വലിയ പ്രശ്നം ജനകീയപങ്കാളിത്തം ശോഷിക്കുന്നുവെന്നുള്ളതാണ്. ഇതിനു പരിഹാരം ഗ്രാമസഭകളുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും റെസിഡൻസ് അസോസിയേഷനുകളെയും വളർത്തിയെടുക്കുക എന്നുള്ളതാണ്. ഗ്രാമസഭകൾക്കുമുമ്പ് ഈ വേദികളിൽ അജൻഡ വിശദമായി ചർച്ചചെയ്യുകയും, ഗ്രാമസഭയിൽ പ്രതിനിധികൾക്ക് ഉന്നയിക്കാനുള്ള സന്ദർഭം കൊടുക്കുകയുംവേണം. ഇന്നുള്ള സൂക്ഷ്മതല പങ്കാളിത്തവേദികളായ സ്കൂൾ, ആശുപത്രി കമ്മിറ്റികൾ, മോണിറ്ററിങ്‌ കമ്മിറ്റികൾ, നിർവഹണ കമ്മിറ്റികൾ, കർമസമിതികൾ തുടങ്ങിയവയെല്ലാം ശക്തിപ്പെടുത്തണം. കൂടുതൽ വിദഗ്‌ധരെ എങ്ങനെ ആസൂത്രണ നിർവഹണപ്രക്രിയയിൽ പങ്കാളികളാക്കാം എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്.

അഴിമതി
അഴിമതി വർധിക്കുന്നുവെന്ന വിമർശനവുമുണ്ട്. പൗരാവകാശരേഖയും സോഷ്യൽ ഓഡിറ്റുമാണു പ്രതിവിധി. ജനപങ്കാളിത്തവും സുതാര്യതയും വർധിപ്പിച്ചുകൊണ്ടേ അഴിമതിക്കു തടയിടാനാകൂ. സമ്പൂർണ കംപ്യൂട്ടറൈസേഷൻ പൂർത്തീകരിക്കേണ്ടതും പ്രധാനമാണ്.

ഉത്‌പാദനമേഖലകൾ
ഉത്‌പാദനമേഖലകളിൽ വികേന്ദ്രീകരണം വേണ്ടത്ര ഫലപ്രദമായിട്ടില്ല. സുഭിക്ഷകേരളം പദ്ധതിയും ചെറുകിടമേഖലയിലെ 1000 പേർക്ക് അഞ്ചുവീതം തൊഴിൽനൽകുന്ന പദ്ധതിയും പുതിയൊരു സാധ്യത തുറന്നിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നൂതനവിദ്യകൾ സന്നിവേശിപ്പിക്കുന്നതിന് ഉത്തേജനം നൽകുന്നതാണ് വിജ്ഞാനസമൂഹ സങ്കല്പം.

ദുർബലവിഭാഗങ്ങൾ
പട്ടികവിഭാഗങ്ങൾ അടക്കമുള്ള ദുർബലവിഭാഗങ്ങൾ ആസൂത്രണ പ്രക്രിയയിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ലായെന്ന വിമർശനമുണ്ട്. അതിദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള മൈക്രോ പ്ലാനിങ്‌ ഇതിനു വലിയ പരിധിവരെ പരിഹാരമാകും.

ജില്ലാപദ്ധതി
വിവിധതട്ടു സർക്കാരുകളുടെ പദ്ധതികളും പരിപാടികളും പ്രാദേശികതലത്തിൽ ഉദ്ഗ്രഥിക്കുന്നതിനുള്ള മാർഗം ജില്ലാപദ്ധതിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏകോപിതപ്രവർത്തനം കൊണ്ടുവരുന്നതിനു ഡി.പി.സി.കളെ പ്രാപ്തരാക്കണം. ഇതിനു സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ അത്യന്താപേക്ഷിതമാണ്.

നീർത്തടപദ്ധതി
ജനകീയാസൂത്രണകാലം മുതൽ പറയുന്നതാണെങ്കിലും നീർത്തടാധിഷ്ഠിത ആസൂത്രണം നടപ്പായിട്ടില്ല. വിപുലമായ കാമ്പയിൻ ഇതിന് അത്യന്താപേക്ഷിതമാണ്. പ്രാദേശിക ദുരന്തനിവാരണ ആക്‌ഷൻ പ്ലാനും ശുചിത്വ പരിപാടിയും മിയോവാക്കി വനപരിപാടിയടക്കം പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാകണം.

സ്ത്രീകൾക്കുനേരെയുള്ള അതിക്രമം
സ്ത്രീകൾക്കു നേരെയുള്ള വർധിക്കുന്ന അതിക്രമങ്ങൾ നമ്മുടെ നാടിനൊരു നാണക്കേടാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരമാണ് ക്രൈംമാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കാനുള്ള ബോധവത്‌കരണവും പദ്ധതികളും. വനിതാ ഘടകപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം ഇതാവണം.

ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ഉറപ്പ് നമ്മൾത്തന്നെയാണ്. മുകളിൽ സൂചിപ്പിച്ച ഏതാണ്ട് എല്ലാകാര്യങ്ങളും സംസ്ഥാനസർക്കാർ നയപരമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ അംഗീകരിച്ചതുകൊണ്ട് അവ നടക്കണമെന്നില്ല. അതിനുള്ള ഗാരന്റി കീഴ്ത്തട്ടിൽ നമ്മൾ ഇടപെടുക എന്നുള്ളതാണ്. അങ്ങനെ കീഴ്ത്തട്ടിൽ ഇടപെടുന്നതിനുള്ള ജനാധിപത്യയിടം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടൂവെന്നുള്ളതാണ് ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം. അധികാരവികേന്ദ്രീകരണം എല്ലാം നന്നാവുമെന്ന് ഒരു ഉറപ്പുംനൽകുന്നില്ല. എന്നാൽ, നന്നാവണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെയാകാൻ ഒരു തടസ്സവുമില്ല. നന്നാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക്‌ പോരാടാനും.