കോളിങ് ബെൽ കേട്ട് കതകുതുറന്നപ്പോൾ മാന്യമായി വസ്ത്രം ധരിച്ച യുവാവ് ഭംഗിയുള്ള ഒരു പാത്രവും നീട്ടിപ്പിടിച്ച് നിൽക്കുകയാണ്. പതിവുപോലെ ‘വേണ്ട’ എന്നുപറഞ്ഞ് കതകടയ്ക്കാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു: ‘മാഡം ഈ പാത്രം നേരിട്ട് ഗ്യാസിൽ വയ്ക്കാം. ഡൈനിങ് ടേബിളിലും ഫ്രിഡ്ജിലും മൈക്രോവേവിലും മാറി മാറി വയ്ക്കാം. അങ്ങനെ ‘മൾട്ടി പർപ്പസ്’ ഉപയോഗ ഉത്‌പന്നമാണ്.’
 
കൗതുകത്തോടെ അത് എന്തുവസ്തുകൊണ്ട് നിർമിച്ചതാണെന്നറിയാൻ ശ്രദ്ധിച്ചു. ‘ഇങ്ങനെയൊരു പാത്രം എന്റെ കൈവശമില്ലാത്തത്‌ വലിയ കുറവാണല്ലോ’ എന്ന എന്റെ ആത്മഗതം ഗണിച്ച് മനസ്സിലാക്കിയ അവൻ തുടർന്നു: ‘മാഡം ഈ പാത്രത്തിന് കടയിൽ നാനൂറ്റിഅൻപത് രൂപയാണ്. പക്ഷേ, ഇന്നു വൈകുന്നേരം ആറുമണിക്ക്‌ അവസാനിക്കുന്ന സ്പെഷ്യൽ ഓഫറനുസരിച്ച് മാഡത്തിന് ഇന്ന് മുന്നൂറ് രൂപയ്ക്ക് ലഭിക്കും.’  

ഏതു വീട്ടമ്മയും വീണുപോകുന്ന മാർക്കറ്റിങ് തന്ത്രം അവൻ പ്രയോഗിച്ചു. എന്നിട്ടും വീഴുന്നില്ല എന്നു കണ്ടപ്പോൾ സ്വന്തം ജീവിതകദനകഥ വിവരിക്കാൻ തുടങ്ങി: ‘ബിരുദമെടുത്തു. ഒരു തൊഴിൽ കിട്ടിയില്ല.  രോഗിയായ അച്ഛനെ സംരക്ഷിക്കാൻ വീടുവീടാന്തരം കയറിയിറങ്ങുന്ന ഈ തൊഴിൽ തിരഞ്ഞെടുത്തു. വിൽപ്പനയുടെ പത്തു ശതമാനമാണ് കമ്മിഷൻ. അതെങ്കിലും എനിക്കു കിട്ടാൻ സഹായിക്കുക’.

വ്യാവസായിക വിപ്ലവത്തിനു ശേഷം ലോകവിപണിയിൽ വിപ്ലവകരമായ മാറ്റത്തിന് നിദാനമായത് ‘മാർക്കറ്റിങ്’ തന്ത്രങ്ങളാണ്. വസ്തുക്കൾ ഉത്‌പാദിപ്പിക്കുന്നതിൽ കാണിക്കുന്ന മികവും പ്രാഗദ്‌ഭ്യവും അത് വിതരണം ചെയ്യുന്നതിനും ആവശ്യമായി മാറി. ഉത്‌പന്നങ്ങളുടെ എണ്ണത്തിലും അനന്യതയിലും വ്യത്യസ്തതയിലും വന്ന മാറ്റം വിപണിയെ വിവിധരീതിയിലുള്ള കമ്പോളങ്ങളാക്കി മാറ്റി. മത്സരവും വ്യത്യസ്തതയും കൂടുതൽ ഗുണകരമായ വസ്തുക്കളുടെ ഉത്‌പാദനത്തിലേക്കും വിതരണത്തിലേക്കും വഴിതെളിച്ചു. 

സാമ്പത്തികശാസ്ത്രത്തിൽ വിൽപ്പനയുമായി ബന്ധപ്പെട്ട് സിദ്ധാന്തം അവതരിപ്പിച്ചതിൽ പ്രമുഖസ്ഥാനമുള്ള സാമ്പത്തികശാസ്ത്രജ്ഞനാണ്  ‘വില്യം ജെ. ബോമോൾ’. സംരംഭകത്വ ഗവേഷണത്തിന് രാജ്യാന്തര പുരസ്കാരം ലഭിച്ച അദ്ദേഹത്തിന്റെ ‘വിൽപ്പന വളർച്ച’ സിദ്ധാന്തം പ്രശസ്തവുമാണ്. ‘ബിസിനസ് സ്വഭാവം: മൂല്യം, വളർച്ച’  എന്ന ഗ്രന്ഥത്തിൽ വരുമാനവും വിൽപ്പനയും വളർത്തുന്നതാണ് ലാഭം വളർത്തുന്നതിലും കൂടുതലായി ശ്രദ്ധിക്കേണ്ടതെന്ന് കാര്യകാരണസഹിതം അദ്ദേഹം സമർഥിക്കുന്നു. 

മാർക്കറ്റ് ഇക്കോണമിയുടെ വളർച്ചയനുസരിച്ച് വിവിധ വിപണനതന്ത്രങ്ങൾ ഉടലെടുക്കുന്നു. ഇ -മാർക്കറ്റിങ് ആണ് അതിൽ ഏറെ പ്രധാനപ്പെട്ടത്. ഡിജിറ്റൽ മാർക്കറ്റിങ്, മൾട്ടി ലവൽ മാർക്കറ്റിങ്, വൈറൽ മാർക്കറ്റിങ്, ഓൺലൈൻ മാർക്കറ്റിങ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇവയെ തരംതിരിച്ചിരിക്കുന്നു. വാട്‌സ് ആപ്പ് പോലെ വ്യക്തിഗത മാർക്കറ്റിങ് ഗ്രൂപ്പുകളായി നൽകാൻ ഉതകും വിധം സോഷ്യൽ മീഡിയയും രംഗത്തുണ്ട്. ട്രോളുകൾ നിർമിക്കാൻ മലയാളിക്കുള്ള വൈഭവം ഏറെ ശ്രദ്ധേയമാണ്. അതും ഇന്ന് വിപണനരംഗത്തെ സാധ്യതയായി മാറിക്കഴിഞ്ഞു.
 
പ്രകൃതിസ്നേഹികൾക്കായി ഗ്രീൻ മാർക്കറ്റിങ്ങും ജൈവ മാർക്കറ്റിങ്ങും റീ സൈക്ലിങ് സാധ്യതകളും  വിപണിയിലുണ്ട്. പരിസ്ഥിതിസൗഹൃദവും പ്രകൃതിക്ക് ഗുണകരവുമാവുന്ന പ്രയോജനത്തെയും  മുൻനിർത്തിയുള്ള വിപണനമാണ് ഗ്രീൻ മാർക്കറ്റിങ്. 

‘കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കുക’ എന്നതാണ് മാർക്കറ്റിങ്ങിന്റെ അടിസ്ഥാനതന്ത്രം. അതിന് നൂതനമാർഗങ്ങൾ ആവിഷ്കരിക്കണം. ഉത്‌പന്നത്തിന്റെ കെട്ടിലും മട്ടിലും പാക്കിങ്ങിലും ഗുണമേന്മയിലും വ്യത്യസ്തത പുലർത്തുന്ന രീതി അവലംബിക്കണം. ഉത്‌പന്നം നിർമിക്കുന്നതു മുതൽ ഉപഭോക്താവിലെത്തുന്നതു വരെയുള്ള വിവിധ ഘട്ടങ്ങൾ സൂക്ഷ്മതയോടെ പഠിക്കുന്നവർക്കാണ് മാർക്കറ്റിങ് അനായാസമാവുന്നത്. ആസൂത്രണമികവാണ് പല മാർക്കറ്റിങ് വിജയങ്ങളുടേയും അടിസ്ഥാനമായി നിലകൊള്ളുന്നത്.

മാർക്കറ്റിങ് ഒരേസമയം കലയും ശാസ്ത്രവുമാണ്. കലയെന്ന രീതിയിൽ നൈസർഗികവും ഭാവനാപരവുമായി ഇത് ലഭിച്ചവർ അനായാസം വിപണി കീഴടക്കുന്നു. അതേസമയം, ശാസ്ത്രീയമായി അഭ്യസിച്ചെടുക്കാനുതകുന്ന വിധത്തിൽ മാർക്കറ്റിങ് ഇന്ന് പഠനവിഷയവും കൂടിയാണ്.  ഇക്കണോമിക്സ്, കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ്, ജേണലിസം, പരസ്യകല തുടങ്ങിയവ പാഠ്യവിഷയങ്ങളായി സ്വീകരിച്ചവർക്ക് ഈ വിഷയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങൾ ശാസ്ത്രീയമായി  ലഭിക്കുന്നു.  
 
ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാനുതകുന്ന വിവിധ ആപ്പുകളും വിപണിയിലുണ്ട്. സംശയങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കാമെന്ന സവിശേഷതയും ആപ്പുകൾക്കുണ്ട്. ഫെയ്‌സ്ബുക്കിലും യു ട്യൂബിലും ലൈക്ക് ചെയ്യിപ്പിച്ചും അല്ലാതെയും ചെയ്യുന്ന പരസ്യ രീതികളും വീഡിയോ കോളുകളും കോൺഫറൻസുകളും വിപണി അനുകൂലമാക്കുന്നതിൽ ഉപയോഗിക്കാവുന്നതാണ്.  

നേരിട്ടുള്ള വിപണനരംഗത്ത് പ്രവേശിക്കുന്നവർക്ക് വിവിധ ഭാഷാ പ്രാവീണ്യവും ആശയവിനിമയ വൈഭവവും അത്യാവശ്യ ഘടകങ്ങളാണ്. എന്നാൽ, ഇ -മാർക്കറ്റിങ് രംഗത്ത് കംപ്യൂട്ടർ പരിജ്ഞാനവും സൈബർലോകത്തിന് ആവശ്യവുമായ നൈപുണ്യവുമാണ്‌ ഉണ്ടാകേണ്ടത്. 
 
വിപണിയിലെ പ്രശ്നങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായിക്കൊണ്ടിരിക്കും. മറിച്ച്, സാധ്യതകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ സാധ്യതകൾ ഏറിക്കൊണ്ടിരിക്കും. ഉപഭോക്താക്കളെ നിങ്ങൾ കാര്യമായി കരുതുന്നുവെന്നും അവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നു എന്നും അവർക്കു മനസ്സിലായാൽ  അവർ നിങ്ങളുടെ ഉത്‌പന്നം വിട്ട് മറ്റൊന്ന് തേടി പോവുകയില്ല. 
 
ഓർക്കുക, നിങ്ങളുടെ ഉത്‌പന്നത്തിന് പറ്റിയ ഉപഭോക്താക്കളെയല്ല തേടേണ്ടത്, മറിച്ച്  ഉപഭോക്താക്കൾക്ക് പറ്റിയ ഉത്‌പന്നമാണ് നൽകേണ്ടത്. ആശയങ്ങൾ ആരുടേയും കുത്തകയല്ല. അതുകൊണ്ട് ഒന്ന് മാറി സഞ്ചരിച്ചുനോക്കൂ, അവിടെ ആൾക്കൂട്ടമുണ്ടാവില്ല. വേറിട്ട വഴി തെളിക്കാനാവും.