ദ്ധ്യതിരുവിതാംകൂറുകാരനായ എബിൻ 1995-ൽ എം.കോം. ബിരുദധാരിയായി. നാട്ടിൽ ഒരു ജോലിക്കായി വളരെ പരിശ്രമിച്ചു. പക്ഷേ കിട്ടിയില്ല. പിന്നീട് ആ നാളുകളിലെ പ്രവണതയനുസരിച്ച് ഗൾഫിലേക്ക് ഒരു ജോലി അന്വേഷിച്ച് പോയി. അവിടെ അക്കൗണ്ടന്റായി ജോലി ലഭിച്ചു.

സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൊണ്ട് ജോലിയിൽ ഉയർന്നു. സാമ്പത്തികമായി മെച്ചപ്പെട്ടു. ഓരോ വർഷവും അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ വലിയ സന്തോഷമായിരുന്നു. എല്ലാവർക്കും നൽകുവാൻ എന്തെങ്കിലും സമ്മാനങ്ങളും ആയിട്ടാണ് വരുന്നത്. ഓരോ വർഷവും വരുമ്പോൾ എന്നാ മടങ്ങിപ്പോകുന്നത് എന്ന് തന്നെ എതിരേറ്റിരുന്ന പതിവ് ചോദ്യമുണ്ട്.

ഏതു പ്രവാസിയും പല പ്രാവശ്യം കേൾക്കുന്ന ചോദ്യമാണത്. അത് ഓരോ പ്രാവശ്യവും അദ്ദേഹത്തിന്റെ തിരിച്ചുപോക്കിന് ആക്കം കൂട്ടി. പിന്നീട് 20 വർഷത്തെ ഗൾഫ് ജീവിതം മതിയാക്കി രണ്ടും കൽപ്പിച്ച് അദ്ദേഹം നാട്ടിൽ തിരിച്ചത്തി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം താൻ പണികഴിപ്പിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കണം. പക്ഷേ ബന്ധുമിത്രാദികളുടെ പ്രതികരണം അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സ്വന്തം സഹോദരിമാർ പോലും വലിയ അകൽച്ച കാണിച്ചു. സുഹൃത്തുക്കൾ സംസാരിക്കാൻ പോലും താത്‌പര്യം കാണിച്ചില്ല. മക്കൾ തന്റെ വാക്കുകൾക്ക് വലിയ വില കൽപ്പിക്കാതായി. ഭാര്യയ്ക്ക് സമ്മിശ്രപ്രതികരണമായിരുന്നു. 

ഓരോ പ്രവാസിയും വലിയ ഗൃഹാതുരത്വം നേരിടുന്നവരാണ്. അവരിൽ പലർക്കും പിറന്ന നാടും വളർന്ന സാഹചര്യങ്ങളും എന്നും മനസ്സിൽ പച്ചപ്പോടെ നിൽക്കും. എന്നാൽ  കുറച്ചുപേർ മലയാളി അസോസിയേഷനുകളും മറ്റു സൗഹൃദകൂട്ടായ്മകളും കൊണ്ട് സന്തോഷമായി കഴിയും. ഓണം പോലുള്ള വിശേഷദിവസങ്ങൾ നാട്ടിലേതിനെക്കാളും കേമമായി ആഘോഷിച്ച് സന്തോഷിക്കും. 

ഇന്ന് പല വിദേശ സർവകലാശാലകളിലും ഇക്കണോമിക്സ് ഓഫ് മൈഗ്രേഷൻ അഥവാ പലായനത്തിന്റെ സാമ്പത്തികശാസ്ത്രം എന്നത് സാമ്പത്തികശാസ്ത്രരംഗത്ത് വളർന്നുവരുന്ന പഠനശാഖയാണ്. ഒ.ബി. ബോഡുവാർസൺ, ഹെൻഡ്രിക് ബെർഗ്  എന്നിവർ ചേർന്ന് രചിച്ച ‘പലായനത്തിന്റെ സാമ്പത്തികശാസ്ത്രം: സിദ്ധാന്തവും പ്രായോഗികതയും’ എന്ന ഗ്രന്ഥം ഈ പഠനശാഖയിൽ അടിസ്ഥാനമായി ഉപയോഗിക്കുന്നു.

ഈ ഗ്രന്ഥത്തിൽ പലായനങ്ങളും കുടിയേറ്റവും അതിന്റെ ഫലമായി രണ്ടു രാജ്യങ്ങളിലെയും സാമ്പത്തികക്രമീകരണങ്ങളും വളർച്ചയും അനന്തരഫലങ്ങളും പ്രതിപാദിക്കുന്നു. ഈ രാജ്യങ്ങളുടെ സാമ്പത്തിക നയരൂപവത്കരണവും കുടിയേറ്റവിഷയവുമായി ബന്ധപ്പെട്ടാണ് രൂപം കൊള്ളുന്നത്. അമേരിക്ക, യൂറോപ്പ് എന്നീ വികസിതമേഖലകളെ മാത്രമല്ല ജപ്പാൻ, ഭാരതം തുടങ്ങിയ വികസ്വര രാഷ്ട്രങ്ങളുടേയും സാമ്പത്തികവിനിമയ ബന്ധങ്ങൾ ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. 

സാമ്പത്തികമായി മെച്ചപ്പെട്ടതിനുശേഷം തിരിച്ചുവരണമെന്ന് ചിന്തിച്ചാണ് പലരും ദിവസങ്ങൾ തള്ളി നീക്കുന്നത്. സാമ്പത്തിക അവസ്ഥ മെച്ചപ്പെടുമ്പോഴേക്കും മക്കൾ വലുതാവുകയും അവർക്ക് തിരിച്ചുപോകാൻ താത്‌പര്യമില്ലാതാവുകയും ചെയ്യും. ഇതിനിടയിൽ നാട്ടിൽ പണിത വലിയ വീട്  ഇവരുടെ ആസ്തിയും വ്യാധിയും ആയി മാറുന്നു. 
ഇത്രയും കാലം പണിതതെല്ലാം ഈ കോൺക്രീറ്റ് കെട്ടിടത്തിൽ നിക്ഷേപിച്ചു. കുറച്ച് പൊങ്ങച്ചവും കൂടിയായപ്പോൾ വലിയ ബാധ്യത ആവുകയും ചെയ്തു എന്നു മാത്രമല്ല അത് ആൾത്താമസമില്ലാതെ പൂട്ടിയിട്ട നിധിപോലെ കാത്തു സംരക്ഷിക്കേണ്ട അവസ്ഥയും കൈവരുന്നു. 

ബാങ്ക്‌ മാനേജർമാർ പ്രവാസികളെ ഏറെ താത്‌പര്യത്തോടെ പരിഗണിക്കുന്നവരാണ്. അവർക്ക് വിദേശമലയാളികൾ ഡപ്പോസിറ്റിനായി ടാർജറ്റ് ഗ്രൂപ്പാണ്. ഇവർക്ക് ലോൺ തരപ്പെടുത്തിക്കൊടുക്കുന്നതിലും അവർ ഉത്സുകരാണ്. രണ്ടാമത്തെ വിഭാഗക്കാർ  ആരാധനാലയങ്ങളും അനുബന്ധ പ്രസ്ഥാനങ്ങളും നടത്തുന്നവരാണ്. ഇക്കൂട്ടർ ഇവരെയും കൂടി മനസ്സിൽ കണ്ടുകൊണ്ട്  പലപദ്ധതികളും ആസൂത്രണം ചെയ്യുന്നു. 

നാട്ടിൽ ബിസിനസ് ചെയ്താൽ ഉണ്ടാവുന്ന പൊല്ലാപ്പുകളും നാട്ടിലുള്ളവരുടെ സ്വഭാവത്തിലും ജീവിതവീക്ഷണത്തിലും വന്ന മാറ്റവുമാണ് ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ ഇവരെ അതിശയിപ്പിക്കുന്നത്. ആണ്ടിലൊരിക്കലെത്തുന്ന ഇവർ ബന്ധുമിത്രാദികളെ സന്ദർശിക്കുവാൻ താത്പര്യമുള്ളവരാണ്. പക്ഷേ ഇവർ വരുമ്പോൾ മാത്രമാണ് സ്വദേശികളും ഇവരോടൊപ്പം ഈ സന്ദർശനം നടത്തുന്നത് എന്നത് രസകരമായ വസ്തുതയാണ്.   

മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കലും ലക്ഷ്യമാവുന്നതുകൊണ്ട് പലരും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജോലിയിൽ തുടരുന്നു. നാട്ടിലെത്തിയിട്ട് നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണത്താൽ മടുപ്പുതോന്നി തിരിച്ചുപോയവരുമുണ്ട്. പ്രവാസിയായി തിരച്ചെത്തി ആത്മഹത്യചെയ്തവരും പലർക്കും ഇന്നും വേദനയായി അവശേഷിക്കുന്നു. 

ഫോറിൻ ഡൊമസ്റ്റിക് ഇൻവെസ്റ്റ്‌മെന്റ് അഥവാ ആഭ്യന്തര വിദേശ നിക്ഷേപത്തിൽ അഭിമാനിക്കുന്ന  നമുക്ക് പ്രവാസികളുടെ പുനരധിവാസ പാക്കേജിനെകുറിച്ച് കുറച്ചുകൂടി വ്യാപകമായി ചിന്തിക്കണം. കാരണം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ഉള്ള മനുഷ്യവിഭവശേഷിയുടെ ഒഴുക്കും തിരിച്ചുവരവും എന്നുമുണ്ടാവും. ക്ഷേമപെൻഷനുകളും ക്ഷേമനിധി പാക്കേജുകളും മറ്റു സാമ്പത്തിക സംവിധാനങ്ങളും കൂടുതൽ ജനകീയമാക്കണം. പലായനങ്ങളെ  ഒരു ആഗോള പ്രതിഭാസമായി കണ്ടുകൊണ്ട് സർക്കാർ സംവിധാനങ്ങളോടൊപ്പം സാമൂഹിക സന്നദ്ധസംഘടനകളും സജ്ജമാവണം. 

പ്രാദേശിക കുടിയേറ്റങ്ങളും നമുക്ക് സുപരിചിതമാണ്. പ്രത്യേകിച്ച് മലബാർ മേഖലയിലേക്ക് ഒരു കാലഘട്ടത്തിൽ കുടിയേറ്റങ്ങളുണ്ടായത്  ‘കുടി’ ഏറിയതുകൊണ്ടല്ല, ജീവിക്കുവാനുള്ള അഭിവാഞ്ഛ കൊണ്ടുംകൂടിയാണ്.